രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ചിനെതിരായ ശശി തരൂരിന്റെയും ബിജെപിയുടെയും വിമർശനങ്ങൾക്ക് രൂക്ഷഭാഷയില്‍ മറുപടി നല്‍കി കോൺഗ്രസ് നേതൃത്വം. രാഹുലിനെ കുറ്റം പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കുമെന്നും അത്തരം പ്രസ്താവനകള്‍ ആരും നടത്തരുതെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി. പരീക്ഷ ക്രമക്കേട് ആരോപണം ആദ്യവും തുടര്‍ച്ചയായും രാഹുല്‍ ഗാന്ധി ഉന്നയിച്ചതിന്റെ ഗുണം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു. 

ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പ്രചാരണം ജനശ്രദ്ധയാകർഷിച്ചില്ലെന്ന പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസിനകത്ത് വലിയ രോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയും തൊഴിലില്ലായ്മയും ഏറ്റെടുത്ത് രാഹുൽ ഗാന്ധിയും പാർട്ടിയും പാർലമെൻറിന് അകത്തും പുറത്തും ശക്തമായി മുന്നോട്ടുപോകുമ്പോഴുള്ള പ്രസ്താവന അനുചിതം എന്നാണ് വിലയിരുത്തൽ. സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തരൂരിന് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി 

രാഹുൽ ഗാന്ധി ഛാത്രോം കി ഗൂഞ്ചിനായി യുപിയിൽ അല്ല ജാർഖണ്ഡിൽ ആയിരുന്നു പോകേണ്ടിയിരുന്നത് എന്നായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അടക്കമുള്ള ബിജെപി നേതാക്കളുടെ വിമർശനം. എന്നാല്‍ കോണ്‍ഗ്രസ് എന്നും വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണെന്നും പരീക്ഷ ക്രമക്കേട് ഉയര്ത്തി രാഹുല്‍ മുന്നോട്ട് പോയതിന്റെ ഗുണം വുദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം.

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാക്ക് അധികനാൾ മൗനം തുടരാൻനാകില്ലെന്നും മാപ്പ് പറയുന്നതിന് പകരം  നരേന്ദ്ര മോദി ക്ഷമ വിതറുകയാണ് എന്നും പ്രയാഗ്‌രാജിലെ വിദ്യാർത്ഥിയുടെ വാക്കുകൾ പങ്കുവച്ച് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ENGLISH SUMMARY:

The Congress leadership has strongly responded to criticisms from Shashi Tharoor and the BJP regarding Rahul Gandhi's Chatrom Ki Goonj campaign. KC Venugopal warned that criticizing Rahul Gandhi only benefits the BJP and urged party members to avoid making such statements. Meanwhile, Mallikarjun Kharge defended the campaign, stating that Gandhi's continuous efforts against examination irregularities have directly benefited students. Congress leaders remain firm on keeping the focus on paper leaks and youth unemployment despite internal and external opposition.