ജി. സുധാകരനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം. വിവിധ തലങ്ങളിലുള്ള ഇടപെടലുകളിലൂടെ പാർട്ടിക്കൊപ്പം സുധാകരനെ നിലനിർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ഇന്ന് വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി സുധാകരനുമായി സംസാരിച്ചേക്കും എന്നും സൂചനയുണ്ട്. 

സുധാകരൻ്റെ പരിഭവങ്ങൾ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്ര പ്രതിസന്ധിയാകും എന്ന് Cpm നേതൃത്വം ഒരിക്കലും കരുതിയിരുന്നില്ല. 63 വർഷം പ്രവർത്തിച്ച  പാർട്ടിയുടെ അംഗത്വം പുതുക്കുന്നില്ല എന്ന നിലപാടിലേക്ക് സുധാകരനെ എത്തിച്ചത് പ്രശ്നങ്ങളിൽ നേതൃത്വം തക്കസമയത്ത് ഇടപെടാതിരുന്നതാണ്. സുധാകരൻ കൈ പിടിച്ചുയർത്തിയ നേതാക്കളാണ് ആലപ്പുഴയിൽ പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്. പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയപ്പോഴും അധിക്ഷേപിച്ചപ്പോഴുമെല്ലാം നേതാക്കൾ തിരുത്താൻ തയാറായില്ല എന്ന പരാതി പരസ്യമായി  തന്നെ സുധാകരൻ പ്രകടിപ്പിച്ചിരുന്നു. അനുനയവുമായി  എത്തിയവരോടും ഫോണിൽ ബന്ധപ്പെട്ട നേതാക്കളോടും തനിക്കുണ്ടായ ദുരനുഭവങ്ങൾ തന്നെയാണ് സുധാകരൻ പങ്കുവച്ചത്. പാർട്ടിക്ക് ദോഷകരമാകുന്നതൊന്നും സുധാകരൻ ചെയ്യില്ല എന്ന വിശ്വാസത്തിലാണ് നേതാക്കൾ. അംഗത്വം പുതുക്കുന്നില്ല എന്ന ഉറച്ച  നിലപാട് എങ്ങനെ മാറ്റും  എന്ന ആലോചന പാർട്ടിയുടെ നേതൃതലത്തിൽ നടക്കുന്നുണ്ട്. ജി.സുധാകരനുമായി അടുത്ത ബന്ധമുള്ള ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ളവർ സുധാകരനുമായി സംസാരിക്കും. ഇന്ന് ആലപ്പുഴയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരൻ ഉന്നയിച്ച പ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ ഇടപെടുമോ എന്ന് ആകാംക്ഷയുണ്ട്. പാർട്ടി നേതൃത്വം നിർദ്ദേശിച്ച പ്രകാരമാണ് സി എസ് സുജാത സുധാകരനെ കാണാൻ എത്തിയത്. വരും ദിവസങ്ങളിലും സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ CPM നേതൃത്വം തുടരും. സുധാകരൻ യുഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുമെന്ന പ്രചരണം ചില കേന്ദ്രങ്ങളിൽ ശക്തമാണ്. രക്തസാക്ഷിയുടെ കുടുംബത്തിൽ നിന്നുള്ള സുധാകരന് അങ്ങനെ സാധിക്കുമോ എന്ന് ചോദിക്കുന്ന CPM നേതാക്കളുണ്ട്.

ENGLISH SUMMARY:

CPM is hoping to appease G Sudhakaran through interventions at various levels, aiming to retain him within the party. The Chief Minister is expected to speak with Sudhakaran during his visit to Alappuzha today to address his grievances.