തെമ്മാടിത്തരങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമെ പാലക്കാട്ടെ സിപിഎമ്മില്‍ നിലനില്ക്കാനാവൂ, പാര്‍ട്ടിയെ നയിക്കുന്നവര്‍ സ്പിരിറ്റുകടത്തുകാരാണ് തുടങ്ങിയ പി.കെ ശശിയുടെ വെടിപൊട്ടിക്കലിന് തൊട്ടുപിറ്റേന്നാണ് മുഖ്യമന്ത്രി വെടിപൊട്ടിച്ച് പാറതുരന്ന് വയനാട് തുരങ്ക പാതയെന്ന വമ്പന്‍ വികസനപദ്ധതിക്ക് തുടക്കമിട്ടത്. കണ്ണൂരും പാലക്കാട്ടും ആലപ്പുഴയിലുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വെല്ലുവിളികളെ വികസനകഥകൾ അപ്രസക്തമാക്കുമോ? നിർമ്മാണോദ്ഘാടനം നടത്തിയ തുരങ്കപാതയിലെ പാറപൊട്ടിക്കലിന് വീണ്ടും ഉദ്ഘാടനം നടത്തി വികസനനേട്ടം ഉറപ്പിക്കുകയാണോ സര്‍ക്കാര്‍? ഭരണപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തന്ത്രപരമായ വികസന നീക്കങ്ങളെ പ്രതിപക്ഷം എങ്ങനെ മറികടക്കും? വികസനത്തെ പ്രതിപക്ഷ എം.പിമാര്‍ പോലും പുകഴ്തത്തുന്ന കാലം ഭരണകക്ഷിക്ക് ആത്മവിശ്വാസമേറുന്നോ ? പത്തുവർഷത്തിന് മുമ്പുള്ള കേരളം ഇരുണ്ടകാലത്തിലാണെന്ന കോടികൾ മുടക്കിയുള്ള പ്രചാരണത്തിന് മുന്നില്‍ എതിര്‍സ്വരങ്ങളും വിമര്‍ശനങ്ങളും ആരും കേള്‍ക്കാതെ പോകുമോ ? പാര്‍ട്ടിക്കുള്ളിലെ ഇരുണ്ട സത്യങ്ങള്‍ ഇനിയുമാരെങ്കിലുമൊക്കെ വിളിച്ചുപറയുമോ ? ഇടത് വിമതരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് യുഡിഎഫിന് തിരിച്ചടിയാകുമോ? മൂന്നാം പിണറായി സർക്കാരിന് വഴിമുടക്കാൻ വിമതർക്കാകുമോ? വിമതരെ തള്ളി വികസനത്തിലൂന്നി കരകയറുമോ ടീം പിണറായി?