സംസ്ഥാന സ്കൂൾ കായികമേളയിൽ ഉച്ചഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് ആരോപണമുയർത്തിയ അധ്യാപകൻ പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസിന്റെ രാഷ്ട്രീയത്തെ ചൊല്ലി വിവാദം. ആരോപണമുയർത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾ 2020 തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിലെ വെങ്ങൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചയാളാണെന്നാണ് സിപിഎം സൈബർ ഇടങ്ങളിലെ പ്രചാരണം.
Also Read: തിളച്ച സാമ്പാറിൽ എങ്ങനെ ജീവനുള്ള പുഴുവന്നു? അധ്യാപകന്‍റെ നടപടി രാഷ്ട്രീയ അജണ്ട; വിവാദത്തിൽ പഴയിടം
സ്കൂൾ കായികമേളയിലെ 'പുഴു' കേസിൽ അറസ്റ്റിലായത് കോൺഗ്രസ് പ്രവർത്തകനായ കായിക അധ്യാപകനെന്ന് ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു. ലീഗുകാർ നടത്തുന്ന കായികമേളയിൽ ഭക്ഷണത്തിൽ കണ്ട പുഴുവിനെ കോൺഗ്രസുകാരനായ അധ്യാപകൻ പിടിച്ചു കൊടുത്തതിനും പഴി ഇടതിന് എന്നുമാണ് ബിനീഷിന്റെ പരിഹാസം. ഇതേ ആരോപണം പി. സരിനും ഉന്നയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച പോസ്റ്റർ സഹിതമാണ് ഇടതു കേന്ദ്രങ്ങളുടെ പോസ്റ്റ്. എന്നാൽ 2021 ൽ തന്നെ കോൺഗ്രസ് വിട്ട ജിജോ ജെയിംസ് ഡിവൈഎഫ്ഐയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയാണെന്നാണ് കോൺഗ്രസ് പ്രതിരോധം.
ജിജോയ്ക്ക് അഞ്ചു വർഷമായി കോൺഗ്രസുമായോ പോഷക സംഘടനകളുമായോ ബന്ധമില്ലെന്ന് വെങ്ങൂർ മണ്ഡലം കമ്മിറ്റി പത്രകുറിപ്പിറക്കി. 2021 മുതൽ ഡിവൈഎഫ്ഐയിൽ സജീവമാണെന്നുമാണ് കോൺഗ്രസ് ആരോപണം. ജിജോ സഖാവാണെന്നതിൽ വേങ്ങൂർകാർക്ക് സംശയം ഒന്നുമില്ലെന്ന് മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ എഴുതി. 2022 ൽ ജിജോയെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് മറ്റൊരാളിട്ട് ജിജോയെ ടാഗ് ചെയ്ത പോസ്റ്റിന്റെ സ്ക്രീൻഷോട്ടും കോൺഗ്രസ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
2020ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചുവെന്ന കാരണത്താൽ ഒരാളെ ആറു വർഷങ്ങൾക്കിപ്പുറവും കോൺഗ്രസുകാരനായി ചിത്രീകരിക്കുകയാണെങ്കിൽ, 2021ൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പി. സരിനും അതേ മാനദണ്ഡം ബാധകമല്ലേയെന്ന് പിസിസി വക്താവ് അഡ്വ. വസന്ത് സിറിയക് അദ്ദേഹം ചോദിച്ചു. 2020 തിൽ ജിജോയ്ക്ക് എതിരെ വിമതനായി മത്സരിച്ചയാളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് 2021-ൽ ജിജോ ജയിംസ് കോൺഗ്രസ് വിട്ടു എന്നും ജിൻ്റോ ജോൺ എഴുതി.