• രണ്ടാമത് ഉണ്ടാക്കിയ തിളച്ച സാമ്പാറിൽ നിന്ന് ജീവനുള്ള പുഴുവിനെ എടുത്തു കാണിച്ചത് തരംതാണ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഭക്ഷണം മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള മനപ്പൂർവമായ ശ്രമമാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികമേളയിൽ ഉച്ചഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകനെതിരെ പഴയിടം മോഹനൻ നമ്പൂതിരി. തിളച്ച സാമ്പാറിൽ നിന്നും ജീവനുള്ള പുഴുവിനെയാണ് അധ്യാപകൻ എടുത്തു കാണിച്ചതെന്നും ഇത് എങ്ങനെ സാധിക്കുമെന്നും പഴയിടം ചോദിച്ചു. ആദ്യം ഭക്ഷണം കഴിച്ച് പിന്നീട് കുട്ടികളുമായെത്തി വീണ്ടും ഭക്ഷണം കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് കൂടിയവർക്ക് മനസിലായെന്നും പഴയിടം പറഞ്ഞു. 

Also Read: ബാലറ്റില്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് മോദി; ആര്‍എസ്‍എസ് ആസ്ഥാനത്തെ സീറ്റില്‍ ജയിച്ച് കോണ്‍ഗ്രസ്

'പെരുമ്പാവൂർ ഭാഗത്തുള്ള സ്കൂളിലെ കായിക അധ്യാപകനായിരുന്നു പ്രശ്നമുണ്ടാക്കിയത്. അദ്ദേഹം ഊണ് കഴിച്ച് പുറത്തേക്ക് പോയ ശേഷം നാല് കുട്ടികളെ കൂടെ കൂട്ടിക്കൊണ്ട് വന്ന് വീണ്ടും ഭക്ഷണം കഴിച്ചു. കഴിച്ചുകൊണ്ടിരിക്കെ ചാടി എഴുന്നേറ്റിട്ട് സാമ്പാറിൽ പുഴു എന്ന് പറഞ്ഞ് ഒച്ചവച്ചു. രണ്ടാമത്തെ തവണ ഉണ്ടാക്കിയ തിളച്ച സാമ്പാറാണ് കൊടുത്തത്. അതിന്റെ അകത്തു നിന്നും പുഴു എന്ന് പറഞ്ഞ് ജീവനുള്ള പുഴുവിനെയാണ് അയാളുടെ അടുത്ത് കാണിച്ചത്. എന്നിട്ട് കുട്ടികളോടും ഇങ്ങനെ തന്നെ പറയാൻ പറഞ്ഞു. ഇതോടെ ആൾക്കാർക്ക് ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന് മനസിലായി' എന്നാണ് പഴയിടം മനോരമ ന്യൂസിനോട് പറഞ്ഞത്. 

സംഭവം രാഷ്ട്രീയ അജണ്ടയാണെന്നും തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും പഴയിടം ആരോപിച്ചു. തരംതാണ രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്. ഇത്രയും വർഷം കലോത്സവ, കായികമേളകളിൽ പാചക ചുമുതല ഉണ്ടായിട്ടും  ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ഭക്ഷണം മോശമാണെന്ന് വരുത്തിത്തീർക്കാൻ ഒരു അധ്യാപകൻ മനപ്പൂർവം ശ്രമിച്ചു.  അധ്യാപകനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും പഴയിടം മനോരമ ന്യൂസിനോട് പറഞ്ഞു

അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന് എഫ്ബി ലൈവിലൂടെ ആരോപണമുയർത്തിയ അധ്യാപകൻ അറസ്റ്റിലായി. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസാണ് അറസ്റ്റിലായത്. 

ENGLISH SUMMARY:

A major controversy erupted at the State School Sports Meet after a physical education teacher alleged that a live worm was found in the lunch served to students. Renowned celebrity chef Pazhayidam Mohanan Namboodiri strongly rejected the claim, alleging that the teacher staged the incident with a political agenda to defame his catering service. Pazhayidam questioned how a live worm could exist inside boiling hot sambar and announced his decision to file a defamation lawsuit against the teacher. Following a police investigation into the deceptive act, Perumbavoor native and teacher Jijo James was arrested for creating public unrest via a Facebook Live video.