ജനാധിപത്യം പുറത്താകുന്ന പുത്തന്‍ പാര്‍ലമെന്‍റ്; മുഴങ്ങുന്ന അപായമണി

ഈ രാജ്യത്ത് ഇനി ഒരു പ്രതിപക്ഷത്തിന്റെ ആവശ്യമെന്താണ് എന്ന് പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഏറെക്കാലമായി സംശയമുണ്ടായിരുന്നു. പക്ഷേ ജനാധിപത്യരാജ്യമെന്ന ബാധ്യതയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി അനുവദിച്ചുകൊടുക്കേണ്ടി വന്നു. ഇനി അതും പ്രതീക്ഷിക്കേണ്ടെന്നുള്ള പ്രഖ്യാപനമാണ് പാര്‍ലമെന്റിന്റെ   ശീതകാലസമ്മേളനത്തില്‍ രാജ്യം കണ്ടത്. ഡിസംബര്‍ 13ന് പാര്‍ലമെന്റിലുണ്ടായ അതിക്രമത്തേക്കാള്‍ രാജ്യത്തെ ഞെട്ടിച്ചത് തുടര്‍ന്ന് പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ്. 

ഡിസംബര്‍ 13നാണ് പാര്‍ലമെന്റ് ചേംബറിലേക്ക് 2 പേര്‍ ചാടി വീണത്. പ്രതിഷേധമുദ്രാവാക്യങ്ങളുമായി നാലു പേര്‍ പാര്‍ലമെന്റ് വളപ്പിലുമുണ്ടായിരുന്നു. രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും ആറു പേരുടെ അറസ്റ്റും പ്രാഥമികമായ അന്വേഷണവിവരങ്ങളുമല്ലാതെ രാജ്യത്തിനു മുന്നില്‍ ഔദ്യോഗികമായ ഒരു വിശദീകരണവുമില്ല. എം.പിമാര്‍ ചേര്‍ന്നാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ കയറിയവരെ പിടിച്ചത്. കനത്ത സുരക്ഷാവീഴ്ചയിലോ ബി.ജെ.പി എം.പിയുടെ പാസ് ഉപയോഗിച്ചാണ് അക്രമികള്‍ അകത്തു കയറിയത് എന്നതിലോ ഒന്നും ഔദ്യോഗികമായ ഒരു പ്രസ്താവനയും രാജ്യത്തിനു മുന്നിലില്ല. പക്ഷേ അതാവശ്യപ്പെട്ടവര്‍ക്കെതിരായ കൂട്ടനടപടി  രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതപ്പെടും. 

ആദ്യദിനം ലോക്സഭയിലെ 33ഉം രാജ്യസഭയിലെ 45 ഉം പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍.  രണ്ടാം ദിനം 49 പേര്‍ക്ക്. ചുരുക്കത്തില്‍ പ്രതിപക്ഷനിരയില്‍ വിരലിലെണ്ണാവുന്ന എം.പിമാരൊഴിച്ച് മറ്റെല്ലാവരെയും പുറത്താക്കി. രണ്ടു ദിവസം കൊണ്ട് 141 പേരെ പുറത്താക്കി.  അടുത്ത ദിവസം രണ്ടു പേര്‍ കൂടി. ആകെ എണ്ണം 143. കേരളത്തിലെ 18 എം.പിമാരും പുറത്തായി. വ്യാഴാഴ്ച സഭ വെട്ടിച്ചുരുക്കി പിരിയുമ്പോഴേക്കും സസ്പെന്‍ഷനിലുള്ള പ്രതിപക്ഷ എം.പിമാര്‍ 146. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷത്തെ കൂട്ടമായി നിശബ്ദരാക്കി പുറത്താക്കി ഒരു സര്‍ക്കാര്‍ സുപ്രധാനബില്ലുകള്‍ വരെ പാസാക്കിയെടുത്തു  

ഒരിക്കലും പൊറുക്കാനാകാത്ത കുറ്റങ്ങള്‍ ചെയ്തതിനാണ് പ്രതിപക്ഷ എം.പിമാരെ ചരിത്രത്തിലാദ്യമായി കൂട്ടപ്പുറത്താക്കല്‍ നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ പാര്‍ലമെന്റിന്റെ അവകാശം ഉയര്‍ത്തി പ്രതിഷേധിച്ചു. സഭ നടന്നുകൊണ്ടിരിക്കേ പ്രധാനമന്ത്രിയും അമിത് ഷായും പാര്‍ലമെന്റിനു പുറത്ത് വിഷയത്തെക്കുറിച്ച് പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി.  ജനപ്രതിനിധികള്‍ ഇത്രയും വലിയ പാതകം ചെയ്യാന്‍ പാടുണ്ടോ?  2001ലെ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ 22ാം വാര്‍ഷിക ദിനത്തിലായിരുന്നു ആക്രമണം. സഭയില്‍ നടന്ന അതിക്രമത്തെക്കുറിച്ച്, സഭയിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് നടപടികള‍് വേണമെന്നാവര്‍ത്തിച്ച പ്രതിപക്ഷത്തോടോ ജനാധിപത്യത്തോടോ ബഹുമാനമില്ലാതെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ വിസമ്മതിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയായിരുന്നു  പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും . അതായത് പറയാനില്ലാത്തതുകൊണ്ടല്ല, പാര്‍ലമെന്റിനെ ബഹുമാനിക്കാന്‍ സൗകര്യമില്ലെന്ന് വ്യക്തമാക്കുന്ന നിലപാടാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരം കോടികളില്‍ കെട്ടിപ്പൊക്കിയതുകൊണ്ടായില്ല.   ജനാധിപത്യത്തോടുള്ള ബഹുമാനമാണ് പ്രധാനം. രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് പാര്‍ലമെന്റിലൊഴികെ മറ്റെവിടെ വേണമെങ്കിലും സംസാരിക്കാമെന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ചിരിക്കുന്ന നിലപാട്. പാര്‍ലമെന്റിന് കോടികള്‍ മുടക്കി പുതിയ മന്ദിരം പണിയാം, പക്ഷേ പഴയ പാര്‍ലമെന്റില്‍ സ്വന്തം മുന്‍ഗാമികള്‍ പോലും പാലിച്ചു പോന്നിരുന്ന പാര്‍ലമെന്ററി ജനാധിപത്യമര്യാദകള്‍ പ്രതീക്ഷിക്കേണ്ടെന്ന് വിളിച്ചു പറയുന്നു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. 2001ല്‍ ഭീകരാക്രമണം നടന്ന അന്നു തന്നെ പ്രധാനമന്ത്രി എ.ബി.വാജ്പേയ്  രാജ്യത്തോടായി പ്രസ്താവന നടത്തി. ഇത്തവണ  ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടതിന് ഏറ്റവും കൂടുതല്‍ എം.പിമാരെ ഒറ്റയടിക്കു പുറത്താക്കിയ അതേ ദിവസമാണ് 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. പാര്‍ട്ടി പാലിച്ചു പോന്നിരുന്ന ജനാധിപത്യമര്യാദകള്‍ പോലും ഗൗനിക്കില്ലെന്ന് ഇന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കുന്നു. സ്പീക്കര്‍ അതിനാവശ്യമായ സാങ്കേതിക ന്യായങ്ങള്‍ കണ്ടെത്തി വിശദീകരിച്ചു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു. 

എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ പ്രസ്താവന നടത്താത്തത്? ഒരു വീഴ്ചയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി മോദിയെയോ ആഭ്യന്തരമന്ത്രി അമിത് ഷായെയോ ഈ പത്തു വര്‍ഷത്തിനിടെ നമ്മള്‍ കണ്ടിട്ടില്ല. ഞാന്‍ ‍ ഞാന്‍.. ഞാനെന്ന ഭാവങ്ങളുടെ വിവിധ വേര്‍ഷനുകളുമായി രാജ്യത്തിനു മുന്നില്‍ നേട്ടങ്ങളുടെ ക്രെഡിറ്റെടുക്കാന്‍ വരുന്നതു പോലെയല്ല. ഇത്തരം വെല്ലുവിളികളില്‍, വീഴ്ചയ്ക്കു മറുപടി പറയേണ്ടി വരുമ്പോള്‍ ഞാനുമില്ല, ആരുമില്ല. വൈകാരികമുതലെടുപ്പിനു സാധ്യതയില്ലാത്ത  തിരിച്ചടികളെക്കുറിച്ച് രാജ്യത്തോടു വിശദീകരിക്കാനുള്ള ജനാധിപത്യബാധ്യത ഇല്ലെന്നു വിളിച്ചു പറയുന്നു പാര്‍ലമെന്റിനോടുള്ള അവഗണനയും പ്രതിപക്ഷത്തെ കൂട്ടസസ്പെന്‍ഷനും. പ്രതിപക്ഷം ശക്തമായി വിഷയം ഉയര്‍ത്തിയെന്നത് ശരിയാണ്. പക്ഷേ സാഹചര്യം ആവശ്യപ്പെടുന്ന ഗൗരവത്തോടെ പെരുമാറാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല. 

ഭരണപക്ഷം അവതരിപ്പിക്കുന്നതുപോലെ മഹാപാതകമൊന്നുമായിരുന്നില്ല. പക്ഷേ അനവസരത്തില്‍ സാഹചര്യത്തിന്റെ ഗൗരവത്തിനു ചേരാത്ത വിധത്തില്‍ പ്രതിഷേധത്തില്‍ പോലും പെരുമാറുന്ന രീതി ഇപ്പോഴും പ്രതിപക്ഷത്തുണ്ട്. പ്രത്യേകിച്ചും മുതലെടുപ്പിനും ശ്രദ്ധ മാറ്റിയെടുക്കുന്നതിലും ഇരവാദത്തിനും പേരുകേട്ട ഭരണകൂടരാഷ്ട്രീയം അപ്പുറത്ത് തക്കം പാര്‍ക്കുമ്പോള്‍. സമാനതകളില്ലാത്ത നടപടിക്കെതിരെ സമാനതകളില്ലാത്ത ക്രിയാത്മകമായ രാഷ്ട്രീയപ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. പകരം ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്നതാണ് ഇപ്പോള്‍ സഖ്യത്തിന്റെ കാതലായ പ്രശ്നമെങ്കില്‍ ആ സമീപനത്തില്‍ രാഷ്ട്രീയപ്രശ്നമുണ്ട്.  ജനാധിപത്യം ഒരു  അലങ്കാരവാക്കല്ല. കോടികളുടെ പുതിയ മന്ദിരത്തില്‍ തിളങ്ങുന്നത് ജനാധിപത്യമല്ല,  ജനാധിപത്യവിരുദ്ധതയാണ് . എല്ലാ പാര്‍ലമെന്റംഗങ്ങളും ജനപ്രതിനിധികളാണ്. ജനങ്ങള്‍ അറിയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ഇനി നിശബ്ദത മാത്രമാണ് മറുപടിയെന്ന് പാര്‍ലമെന്റില്‍ വരെ തീരുമാനിക്കാന്‍ ഭരണകൂടത്തിനു കഴിയുന്നത് അപായകരമാണ്. കൂട്ടസസ്പെന്‍ഷന്‍ തെറ്റായ കീഴ്‍വഴക്കം മാത്രമല്ല, വലിയ അപായമണി കൂടിയാണ്. 

parayathe vayya on parliament issue