ഡബ്ല്യുസിസിയോടുള്ള ചോദ്യങ്ങൾ നിങ്ങളുടെ കുറ്റബോധമാണ്

നടി ആക്രമിക്കപ്പെട്ട കേസില്‍  വിചാരണാനടപടികള്‍ തല്‍ക്കാലം നിര്‍ത്തിവച്ചു. നിയമപ്രക്രിയയില്‍ പോലും എന്താണു സംഭവിക്കുന്നതെന്നത് നീതിബോധമുള്ളവരെ ആശങ്കപ്പെടുത്തണം. അപ്പോഴും WCC എന്ന സംഘടന ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ അവരോടു മറുചോദ്യങ്ങള്‍ ഉന്നയിച്ചുന്നയിച്ച് എത്ര കാലം കേരളസമൂഹം മുന്നോട്ടു പോകും? ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയോട് മലയാളസിനിമാലോകം പുലര്‍ത്തുന്ന സമീപനം മലയാളത്തിന് അപമാനമാണ്. ആക്രമിക്കപ്പെട്ടിട്ടും തോറ്റുകൊടുക്കാതെ, നീതിക്കായി പോരാടിക്കൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകയെ മരിച്ചു പോയവരോട് ഉപമിച്ചിട്ടും നിശബ്ദരായിരിക്കുന്ന മനുഷ്യര്‍ വിശ്വസിക്കാനാകാത്ത അനീതിയുടെ പ്രതിബിംബങ്ങളാണ്. 

കോടതിയില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു പറയേണ്ടി വരുന്ന സാഹചര്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമപ്രക്രിയയെ പോലും ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് പ്രോസിക്യൂഷന്‍ സംശയിക്കുന്നത്. കേസിന്റെ വിചാരണാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നേരത്തെ തന്നെ പ്രതിഭാഗം വിലക്ക് സമ്പാദിച്ചിരുന്നു. പരാതിക്കാരിക്ക് നീതി ലഭിക്കുന്നതിന് വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുന്നത്. കോടതിയില്‍ പോലും അപ്രതീക്ഷിതമായ നാടകീയ സംഭവവികാസങ്ങളാണ് കേസിലുണ്ടാകുന്നത്. നീതി എളുപ്പമാകില്ലെന്ന് പ്രതിപ്പട്ടിക പുറത്തുവന്നപ്പോഴേ ആശങ്കകള്‍ ഉയര്‍ന്നിരുന്നതാണ്.  

ഹീനമായി ആക്രമിക്കപ്പെട്ടിട്ടും തലകുനിക്കാതെ പോരാടുന്ന ഒരു സ്ത്രീ മലയാളസിനിമയ്ക്കോ മലയാളികള്‍ക്കോ മാത്രമല്ല, സ്ത്രീസമൂഹത്തിനാകെ മാതൃകയും അഭിമാനവുമാകേണ്ടതാണ്. കാരണം കുറ്റവാളികളുടെ ക്രൂരത ഒരു സ്ത്രീയെയും തളര്‍ത്തിക്കളയരുതെന്ന് ജീവിതം കൊണ്ടു കാണിച്ചു തന്ന സ്ത്രീയാണ് അവര്‍. നമ്മള്‍ അറിഞ്ഞും അറിയാതെയും ഓരോ നിമിഷവും ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് അവര്‍ നടത്തുന്ന പോരാട്ടം. നിശബ്ദരായി ചൂഷകര്‍ക്ക്  ഇനിയും 

വഴിയൊരുക്കരുതെന്ന ധൈര്യമാണ് ആ പെണ്‍കുട്ടി അവരെക്കുറിച്ചറിയാവുന്ന ഓരോ സ്ത്രീക്കും കൈമാറിയത്. കുറ്റവാളികളോടും ആസൂത്രകരോടും മാത്രമല്ല അവര്‍ പോരാടിയത്. തുടക്കത്തില്‍ യോഗം ചേര്‍ന്ന് പിന്തുണനാടകം നടത്തിയ സ്വന്തം പ്രവര്‍ത്തനമേഖലയോടു കൂടിയാണ്.  

ഒരു വിഭാഗം കലാകാരന്‍മാരില്‍ നിന്നും നീതിബോധമുള്ള മനുഷ്യര്‍ പ്രതീക്ഷിക്കാത്ത നിലപാടാണ് പിന്നീട് ആക്രമിക്കപ്പെട്ട നടി നേരിടേണ്ടി വന്നത്. രണ്ടഭിപ്രായങ്ങളുണ്ടാകാന്‍ പാടില്ലാത്ത മനുഷ്യവിരുദ്ധമായ കുറ്റകൃത്യത്തിലും പക്ഷം ചേരാന്‍ മലയാളം അഭിമാനമായി കണ്ടിരുന്ന താരങ്ങളുണ്ടായി. ന്യായീകരിക്കാനും അപമാനം ചൊരിയാനും അവരുടെ കൂട്ടത്തിലെ ജനപ്രതിനിധികളുമുണ്ടായി. ഒടുവില്‍ ഇപ്പോള്‍ മരിച്ചുപോയ ഒരാളായി അവരെ ചിത്രീകരിക്കുന്നു സംഘടനയുടെ ജനറല്‍ സെക്രട്ടറി . എന്തുകൊണ്ടാണ് ഈ മനുഷ്യര്‍ ഇങ്ങനെയായിപ്പോകുന്നത്? 

ഉപാധികളില്ലാത്ത പിന്തുണയര്‍ഹിച്ചിരുന്നു ആക്രമിക്കപ്പെട്ട നടി. തൊഴിലിടത്തു നിന്നു തന്നെയുണ്ടായ ഹീനകൃത്യമെന്ന നിലയില്‍ നിരുപാധിക േഖദപ്രകടനം അര്‍ഹിച്ചിരുന്നു അവര്‍. പക്ഷേ സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങളാണ്. സംഭവിച്ചുകൊണ്ടിരിക്കുന്നതും. സ്വാധീനവും സമ്പത്തും നിയമപ്രക്രിയയില്‍ പോലും പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. കൂറുമാറുന്ന നിലപാടുകളോടും പൊരുതുകയാണ് അവര്‍. ഒപ്പം നില്‍ക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.  മനഃസാക്ഷിയുള്ള ഒരു പറ്റം മനുഷ്യരുടെ ധാര്‍മിക പിന്തുണയുമുണ്ട്. ആ സ്ത്രീയെയാണ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയുടെ ഏറ്റവും പ്രധാന ഭാരവാഹി മരിച്ചവരുടെ കൂട്ടത്തില്‍ പെടുത്തിയത്. രാജിവച്ചു പോയവര്‍ മരിച്ചുപോയവരുടെ കൂട്ടത്തിലാണോ? അതു മാത്രമല്ല, അവരെന്തിനാണ് സിനിമാസംഘടനയില്‍ നിന്നു രാജിവച്ചത്? അവരെക്കൊണ്ടു രാജിവയ്പിച്ചതാരാണ്? അവരുടെ രാജിയോടെ തുറന്നു കാണിക്കപ്പെട്ട സംഘടനയാണത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്കൊപ്പം നില്‍ക്കാതെ അവര്‍ പ്രതിഷേധിച്ചു പുറത്തുപോകുന്നതു നോക്കിനിന്ന സംഘടന.  

ആക്രമിക്കപ്പെട്ട നടിയെ മരിച്ചുപോയ ഒരാളായി  ചിത്രീകരിച്ചതിനേക്കാള്‍ ഹീനമാണ് ആ പ്രസ്താവനയോട് സമൂഹം പുലര്‍ത്തുന്ന നിസംഗത. പ്രത്യേകിച്ചും ആ സംഘടനയിലെ അംഗങ്ങളുടെയും മുതിര്‍ന്ന താരങ്ങളുടെയും നിശബ്ദത. ഏതു കുറ്റത്തിന്റെ പേരിലാണ് അവരെ ഇനിയുമിനിയും ആക്രമിക്കുന്നതെന്നു ചോദിക്കാന്‍ അപൂര്‍വം ശബ്ദങ്ങളേ സിനിമയില്‍ നിന്നുയര്‍ന്നുള്ളൂ.  

അവരാകട്ടെ അവള്‍ക്കൊപ്പം ആദ്യമേ ഉള്ളവര്‍ മാത്രമാണ്. കൂട്ടത്തിലുള്ളവര്‍ കൊഴിഞ്ഞു പോയപ്പോഴും വിശ്വസിച്ചവര്‍ നിയമത്തിനു മുന്നില്‍ പുറം തിരിഞ്ഞു നിന്നപ്പോഴും പകച്ചു പോകാതെ അവള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. അവളുടെ നീതിക്കായി സംസാരിച്ചു തുടങ്ങി മലയാളസിനിമയിലാകെ സ്ത്രീകള്‍ നേരിടുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യം കാണിച്ചവരാണ്. അതിന്റെ പേരില്‍ അവസരങ്ങളും സാധ്യതകളും നഷ്ടപ്പെടുത്തി സ്ത്രീകളുടെ അവകാശങ്ങള്‍ എന്ന ഒറ്റ കാരണത്തിനായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്നവരാണ്. അവരാണ്, അവര്‍ മാത്രമാണ് സംഘടന നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാന്‍ ഈ നേരത്തുമുണ്ടായത്. എന്തെല്ലാം തിരിച്ചടികളുണ്ടായാലും നീതിബോധത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജീവിതം കൊണ്ടു പ്രഖ്യാപിക്കുന്നത് അവര്‍ മാത്രമാണ്.  

എന്നിട്ടും അവരോടാണ്, അവരോടു മാത്രമാണ് മറുചോദ്യങ്ങള്‍ ഇപ്പോഴും ഉയരുന്നത് എന്നു കാണുക. നിങ്ങള്‍ക്കു മറുപടിയില്ലാത്ത  ചോദ്യങ്ങള്‍ അവരോടു ചോദിക്കുന്നത് നിങ്ങളുടെ ഉള്ളിലെ കുറ്റബോധമാണ്. എവിടെ നില്‍ക്കണമെന്നറിയാത്ത നിങ്ങളുടെ തീര്‍ച്ചയില്ലായ്മയാണത്. അന്നൊക്കെ നിങ്ങള്‍ എവിടെയായിരുന്നു എന്നു നിങ്ങളെക്കൊണ്ടു ചോദിപ്പിക്കുന്നത് എങ്ങനെയായാലും ഈ നിശബ്ദതയെ ന്യായീകരിക്കാന്‍ ഒരു അന്യായം കൂടിയേ തീരൂ എന്ന ബോധമാണ്. ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പം എന്നത് ഒരു നിലപാടാണ്. നിലപാടുള്ളവര്‍ക്ക് അതില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല.  

പാര്‍വതിയുടെ രോഷത്തില്‍ അതിശയം കൊള്ളുന്നവരാണ് മലയാളികളേറെയും. എന്തിനാണിത്ര പ്രശ്നം? പ്രസ്താവന തെറ്റിദ്ധരിച്ചതാണ് എന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പറഞ്ഞു കഴിഞ്ഞാല്‍ തൃപ്തിപ്പെട്ടുകൂടേ? കാര്യങ്ങളൊക്കെ രമ്യമായി സംസാരിക്കാമല്ലോ. മാറ്റങ്ങള്‍ ഒരൊറ്റ രാത്രി കൊണ്ടു സാധ്യമാണോ?ഇനിയുമുണ്ട് wccയോട് അവസാനിക്കാത്ത ചോദ്യങ്ങള്‍. അന്ന് ആ പ്രശ്നത്തില്‍ നിങ്ങള്‍ എവിടെയായിരുന്നു, ഇന്ന് ഈ പ്രശ്നത്തില്‍ എന്തുകൊണ്ടു മിണ്ടിയില്ല. ലോകത്തില്‍ സ്ത്രീകള്‍ നേരിട്ട എല്ലാ പ്രശ്നങ്ങളിലും നിങ്ങള്‍ പ്രതികരിച്ചിരുന്നോ? നിങ്ങളുടെ കൂട്ടത്തിലുള്ളവരോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞോ? WCC യ്ക്കു മാത്രം ബാധകമായ ഓഡിറ്റിങ് അവസാനിക്കുന്നതേയില്ല. ഇതൊക്കെ ആ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായ നിലപാടെടുത്തവര്‍ ചോദിക്കുന്നതാണോ? അങ്ങനെ തെറ്റിദ്ധരിക്കരുത്. ഉത്തരം മുട്ടുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ മറുചോദ്യങ്ങള്‍ കൊണ്ട് അടിച്ചിടാന്‍ ശ്രമിക്കുന്നത്  യാഥാസ്ഥിതിക ലോകം അംഗീകരിച്ച പ്രതിരോധമാണ്.അപ്പോഴും ന്യായമായ ചോദ്യങ്ങള്‍ക്ക് ഒരിക്കലും നേരിട്ടു മറുപടി പറയാന്‍ പോലും ശ്രമിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. WCC കുറ്റമറ്റ സംഘടനയല്ല.  വിമര്‍ശനം അര്‍ഹിക്കുന്ന ഇടപെടലുകളും മൗനവുമെല്ലാം ആ സംഘടനയില്‍ നിന്നുമുണ്ടായിട്ടുണ്ട്. നിരന്തരസംവാദവും തിരുത്തലുകളും ആവശ്യപ്പെടുന്ന ദൗര്‍ബല്യങ്ങള്‍ ആ സംഘടനയുടെ ചട്ടക്കൂടിനുണ്ട്.  

പക്ഷേ അതൊന്നും WCC ഉയര്‍ത്തുന്ന ചോദ്യങ്ങളെ റദ്ദാക്കുന്നതല്ല. സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍ മാത്രം ഉയരുന്ന ഒരു ഓഡിറ്റിങ് ഉണ്ട്. ഒരു പ്രത്യേക തരം പരിശുദ്ധതാവാദം.  ചോദിക്കുന്നവര്‍ 100 ശതമാനം എല്ലാം ശരിയായിട്ടു മാത്രം നീതിയെക്കുറിച്ചു സംസാരിച്ചാല്‍ മതിയെന്ന കാപട്യപ്രതിരോധം. എണ്ണത്തില്‍ എത്ര കുറഞ്ഞു പോയാലും എത്ര ആക്രമണങ്ങള്‍ നേരിട്ടാലും നീതിബോധത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് മാതൃകാപരമാകുന്നത് ഈ കാപട്യത്തിനു മുന്നിലാണ്. 

WCC ആവശ്യപ്പെടുന്നത് സത്യസന്ധതയാണ്. ആത്മാര്‍ഥതയാണ്. മനുഷ്യത്വമാണ്. നിലപാടാണ്. നിര്‍ഭാഗ്യവശാല്‍ അതിനു നേരെനിന്നു മറുപടി പറയാനുള്ള ആര്‍ജവം സാംസ്കാരിക കേരളം അടുത്ത കാലത്തൊന്നും ആര്‍ജിച്ചെടുക്കുമെന്നു തോന്നുന്നില്ല.