രാജ്യം മുഴുവന്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും കേരളം കടപുഴകിയില്ല

രാജ്യം മുഴുവന്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും കേരളം കടപുഴകിയില്ല. 20 നെടുംതൂണുകളുയര്‍ത്തി രാഷ്ട്രീയമായി മറുപടി നല്‍കിയിരിക്കുന്നു കേരളം. വിശ്വാസസംരക്ഷണമെന്ന പ്രലോഭനത്തിന്റെ കെണികള്‍ തിരിച്ചറിഞ്ഞു തന്നെ കേരളീയര്‍ ബി.െജ.പിക്കു മറുപടി നല്‍കി. പക്ഷേ അഹങ്കരിക്കാവുന്ന, ആത്മവിശ്വാസത്തില്‍ അമര്‍ന്നിരിക്കാവുന്നതുമല്ല കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷമെന്ന് ജനവിധി മുന്നറിയിപ്പു നല്‍കുന്നുണ്ട്. കേരളത്തിലെ ഭൂരിപക്ഷസമുദായങ്ങള്‍ക്കിടയിലും അരക്ഷിതാവസ്ഥയുടെ കുരുക്കുകള്‍ ചെന്നുവീണിട്ടുണ്ട്. അത് തിരിച്ചറിയാതെ, അല്ലെങ്കില്‍ അവഗണിച്ചുകൊണ്ട് സംഘടനാബലത്തിന്റെ കരുത്തുമായി ചെന്ന പിണറായി സര്‍ക്കാരിനെ ആഞ്ഞു പ്രഹരിച്ചിട്ടുണ്ട്. 

എങ്കില്‍ എന്താണ് ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ പ്രതിരോധപ്രസക്തിയെന്ന ചോദ്യത്തിനു കൂടി കേരളത്തിനുത്തരം പറഞ്ഞുകൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ട്. പ്രചാരണങ്ങളില്‍ വീണു പോയ, വിശ്വാസപ്രശ്നത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട നിഷ്ക്കളങ്കരെന്നല്ല കേരളത്തിന്റെ രാഷ്ട്രീയവോട്ടര്‍മാര്‍ വിശേഷിക്കപ്പെടേണ്ടതെന്ന അടിസ്ഥാനബോധ്യമെങ്കിലുമുണ്ടാകുന്നത് നല്ലതാണ്. 

സുവര്‍ണാവസരമുതലെടുപ്പുകാര്‍ ഒരുക്കിയ കുരുക്കുകളില്‍ ചെന്നു ചാടിയ വീരസ്യകഥകളിലെ അതേ ശൈലി തുടരണോയെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തന്നെ തീരുമാനിക്കാം. ആഹ്ലാദപ്രകടനങ്ങളുടെ ആരവമൊഴിയുമ്പോള്‍,  വിതച്ചതല്ല കൊയ്യുന്നതെന്ന് തിരിച്ചറിയുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിനും നിലം തിരിച്ചറിയാം. ബംഗാളിലെ സംഘപരിവാര്‍ ദൗത്യം പൂര്‍ത്തിയായിരിക്കുന്നു. ഇനി അവര്‍ക്കു മുന്നിലുള്ളത് കേരളമാണ്. 

മുന്നറിയിപ്പുകള്‍ ശരിയായി തിരിച്ചറിഞ്ഞു മുന്നോട്ടു പോകണം കേരളം.  സമാന്തരമായി ദേശീയ പ്രതിരോധത്തിന് നേതൃത്വം നല്‍കാനും കേരളത്തിന് ഉത്തരവാദിത്തമുണ്ട്. വീണ്ടും ഒരു  ഇന്ത്യയെ കണ്ടെത്തല്‍ കേരളത്തില്‍ നിന്നാണ് തുടങ്ങേണ്ടതെങ്കില്‍ അഭിമാനത്തോടെ, ഏറ്റെടുക്കാം ചരിത്രദൗത്യം.