വിദ്വേഷം പറയാതെ, പ്രചരിപ്പിക്കാതെ ഇൗ വോട്ടുകാലത്ത് പ്രധാനമന്ത്രി സംസാരിക്കുമോ?

എന്തിനാണ് ഇന്ത്യയ്ക്കൊരു ഭരണകൂടം?  ജനതയുടെ ജീവിതം കൂടുതല്‍ സന്തോഷത്തിലേക്കും  സമാധാനത്തിലേക്കും വികസിപ്പിക്കുകയാണ്  2019ല്‍ തിര​ഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെയും കടമ. വിദ്വേഷം ബഹിരാകാശത്തുകൂടി പടര്‍ത്തുവാനല്ല,  ഈ രാജ്യത്തിന്റെ മുഖമുദ്ര ശത്രുതയല്ലെന്നു ലോകത്തോടു പറയാനാകുന്ന ഒരു ഭരണകൂടത്തെയാണ് നമുക്ക് വേണ്ടത്. എല്ലാവരും പരസ്പരം സംശയിക്കുന്ന രാഷ്ട്രീയമല്ല, മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്ന, ക്രിയാത്മകതയാണ് ഇന്ത്യയ്ക്ക് ആവശ്യം.  നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചാം വര്‍ഷത്തിന്റെ അവസാനമണിക്കൂറിലും അജ്ഞാത ശത്രുവിനെ തേടി ബഹിരാകാശത്തേക്കു കൈ ചൂണ്ടുന്നത് ആരെ കബളിപ്പിക്കാനാണ്?

ഈ കഴിഞ്ഞ ദിവസം മാര്‍ച്ച് 27ന് നമ്മുടെ പ്രധാനമന്ത്രി സുപ്രധാനമായ ഒരു പ്രഖ്യാപനവുമായി രാജ്യത്തിനു മുന്നിലെത്തി. മിഷന്‍ ശക്തി എന്നു പേരിട്ട് പ്രധാനമന്ത്രി അറിയിച്ചത് ഉപഗ്രഹവേധ മിസൈല്‍  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു എന്നാണ്. തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും അതിവിചിത്രമായ ന്യായങ്ങള്‍ നിരത്തി തിരഞ്ഞെടുപ്പു കമ്മിഷന്‍ തന്നെ പ്രധാനമന്ത്രിയെ ന്യായീകരിച്ചു കഴിഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എല്ലാ കീഴ്‍വഴക്കങ്ങളും ലംഘിച്ച് അതിപ്രധാനമെന്ന മട്ടില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത് ഒരു ശാസ്ത്രനേട്ടമാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇന്ത്യ ആര്‍ജിച്ചെടുത്ത സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായി നടത്തി എന്ന പ്രഖ്യാപനം. ഉപഗ്രഹവേധ മിസൈല്‍ സാങ്കേതികത ഇന്ത്യ സ്വായത്തമാക്കിയതും മുന്‍പരീക്ഷണങ്ങളും എല്ലാം ലോകത്തെ അറിയിച്ചത് DRDO മേധാവിയാണെന്നിരിക്കെ പ്രധാനമന്ത്രി ഇത്തവണ പ്രഖ്യാപനം ഏറ്റെടുത്തതിലെ അനൗചിത്യം മാത്രമല്ല പ്രശ്നം. ഉപഗ്രഹവേധമിസൈല്‍ യു.പി.എ സര്‍ക്കാര്‍ പരീക്ഷിക്കാതിരുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. സാങ്കേതികവിദ്യ സ്വായത്തമാക്കി സ്വയം സജ്ജമായിരിക്കുക എന്നതായിരുന്നു പ്രധാനം. പകരം ലോകത്തിനാകെ സ്വതന്ത്രഅവകാശമുള്ള ബഹിരാകാശമേഖലയില്‍ പ്രകോപനപരമായ ഒരു പരീക്ഷണമെന്നത് നല്ല സന്ദേശമല്ല എന്ന ഉറച്ച രാഷ്ട്രീയനിലപാടു കൂടിയായിരുന്നു അത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരീക്ഷണമായി തന്നെ അത് നടക്കട്ടെയെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പരീക്ഷണം നടത്തി അത് ലോകത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞു. ഭ്രമണപഥത്തിലുള്ള ഒരു ചാരഉപഗ്രഹമോ, വിദേശഉപഗ്രഹമോ തകര്‍ക്കാന്‍ തക്ക ശക്തി ഇന്ത്യ ആര്‍ജിച്ചെടുത്തു എന്ന് ഊറ്റം കൊണ്ടു. 

അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ആ നേട്ടം കൈവരിക്കുന്ന നാലാം രാജ്യമായിരിക്കുന്നു ഇന്ത്യ എന്നതില്‍ ദേശസുരക്ഷയില്‍ അഭിമാനം കൊള്ളാന്‍ ജനതയോട് ആഹ്വാനം ചെയ്തു പ്രധാനമന്ത്രി. മറുചോദ്യങ്ങള്‍ക്കു നിന്നുകൊടുക്കില്ലെന്നതാണ് മോദിയുടെ വ്യക്തിസുരക്ഷാനയം. ഇപ്പോള്‍ ഈ പരീക്ഷണം നടത്തി ശക്തിപ്രകടനം നടത്താന്‍  ഇന്ത്യയ്ക്ക് ബഹിരാകാശമേഖലയില്‍ ഭീഷണിയുണ്ടായോ? ചാരഉപഗ്രഹങ്ങളുടെ സാന്നിധ്യം സംശയിക്കുന്നുണ്ടോ? പരീക്ഷണം ഇപ്പോള്‍ ആരെ പ്രകോപിപ്പിക്കാനാണ് ? അതായത് എന്തിനായിരുന്നു ഇപ്പോള്‍ ഈ നീക്കം എന്നതിന് ഇന്ത്യയ്ക്ക് മറുപടി ലഭിക്കില്ല. എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഈ ഭരണകൂടം നമുക്ക് തരില്ല. നോട്ട് റദ്ദാക്കിയ വന്‍ സാമ്പത്തികതീരുമാനവും എന്നതിനായിരുന്നു എന്ന്  ഇതുവരെ രാജ്യത്തിനു വ്യക്തമായ ഒരുത്തരവും കിട്ടിയിട്ടില്ല. 

ഈ മനോഭാവമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അരക്ഷിതബോധം സൃഷ്ടിക്കുക, ഇരവാദമുണ്ടാക്കുക. ഇല്ലാത്ത ശത്രുവിനെ പറ്റി പറഞ്ഞ് പേടിപ്പിക്കുക. ഒടുവില്‍ 

ഞങ്ങള്‍ രക്ഷകരാണ് എന്ന മുദ്രാവാക്യത്തില്‍ മനുഷ്യരെ വ്യാജമായി പിന്നില്‍ അണിചേര്‍ക്കുക. എല്ലാം വ്യാജമാണ്. ഭീതി വ്യാജമായി സൃഷ്ടിക്കുന്നു. ഇരകള്‍ വ്യാജമാണ്. ഭീഷണി വ്യാജമാണ്. പരിഹാരവും വ്യാജമാണെന്ന് സംഘര്‍ഷഭരിതമായ കശ്മീര്‍ അതിര്‍ത്തി ജീവനുള്ള തെളിവായി നില്‍ക്കുന്നു. 

. പക്ഷേ ഒളിച്ചോടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്ത ഭരണകൂടങ്ങള്‍ എന്നും കാപട്യത്തിന്റയെും കാലുഷ്യത്തിന്റെയും രാഷ്ട്രീയം വിജയകരമായി പരീക്ഷിക്കുന്നവരാണ്. 

ഇതെന്തു തരം രാഷ്ട്രീയശൈലിയാണ് എന്ന് അമ്പരപ്പുണ്ടോ? എങ്കില്‍ കേള്‍ക്കുക. അരക്ഷിതബോധത്തിന്റെ ചൂഷണമാണിത്. വേറുതേയിരുന്നാല്‍ നോട്ടു നിരോധനത്തിന്റെ കണക്കും, പെട്രോള്‍ വിലയിലെ മറിമായവുമൊക്കെ ചികയാന്‍ സാധ്യതയുള്ള ജനതയോട് നിങ്ങള്‍ക്കൊരു ശത്രുവുണ്ടെന്നു പറ‍ഞ്ഞു ഭയപ്പെടുത്തുക. അതിവേഗം അവര്‍ ശ്രദ്ധ തിരിക്കും. ദൈനംദിന ജീവിതത്തില്‍ അനുഭവിച്ച എല്ലാ രാഷ്ട്രീയദുരന്തവും അവര്‍ മറക്കും. ശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് എപ്പോഴും വെമ്പലുണ്ട്. ഇനി  തല്‍ക്കാലം ശത്രു എത്തിയില്ലെങ്കിലും, വന്നാല്‍ നേരിടാന്‍ ഞങ്ങള്‍ തയാറാണെന്ന ആത്മവിശ്വാസമാര്‍ജിക്കാന്‍ അവര്‍ മറ്റെല്ലാ ചോദ്യങ്ങളും മാറ്റിവയ്ക്കും. ഈ രാഷ്ട്രീയശൈലിയുടെ ഇരയാണ് ഇന്ന് ഇന്ത്യയിലെ  ജനതയെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. 

രാഷ്ട്രീയത്തിലെ ഏറ്റവും നിഗൂഢമായ പ്രവര്‍ത്തനശൈലികളിലൊന്നാണ്  നരേന്ദ്രമോദി ആവര്‍ത്തിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ വിദഗ്ധരായ സാമൂഹ്യശാസ്ത്രജ്ഞര്‍ അതിവിശദമായി, സൂക്ഷ്മമായി തന്നെ ഈ ശൈലിയെ ശാസ്ത്രീയമായി വിലയിരുത്തിവച്ചിട്ടുണ്ട്. politics of insecurity എന്ന ടൈറ്റിലില്‍ വിശദമായ പഠനങ്ങള്‍ തന്നെ ഇക്കാര്യത്തിലുണ്ട്. അതായത് ആദ്യം കൂട്ടായ ഒരു അരക്ഷിതബോധം ജനക്കൂട്ടത്തിലുണ്ടാക്കുക. ആ അരക്ഷിതബോധം ചൂഷണം ചെയ്ത്, ഇരവാദമുയര്‍ത്തുക. ഒടുവില്‍ ആ ജനതയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുക. ക്രമേണ മറുചോദ്യങ്ങളില്ലാത്ത അധികാരമായി സ്വയം രൂപാന്തരപ്പെടുക. 2014ല്‍ ഇന്ത്യയില്‍ സംഭവിച്ചത് ഈ അരക്ഷിതബോധത്തില്‍ ചുറ്റിത്തിരിയുന്ന രാഷ്ട്രീയപരിണാമമാണ്. 

അന്ന് പാക്കിസ്ഥാന്‍ എന്ന ശത്രുവിനെ മുന്‍നിര്‍ത്തി നരേന്ദ്രമോദി ഇന്ത്യക്കാരില്‍ ഭയാശങ്കകള്‍ നിരത്തി. തനിക്കു കീഴില്‍ അണി ചേരാനും താന്‍ രക്ഷകനാകും എന്നും ആഹ്വാനം ചെയ്തു. അതേ നരേന്ദ്രമോദി, പ്രധാനമന്ത്രിയായി അഞ്ചു വര്‍ഷം കഴിഞ്ഞ ശേഷം ആ മുദ്രാവാക്യം ആവര്‍ത്തിക്കുന്നില്ല. കാരണം പാക്കിസ്ഥാനെ നേരിടുന്നതില്‍ നയതന്ത്രത്തിലും ഭരണതന്ത്രത്തിലും അവകാശപ്പെടാന്‍ വിജയങ്ങളില്ല. ഈ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബഹിരാകാശത്തു പുതിയ ശത്രുവിനെ സങ്കല്‍പിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയാണ്. ഇതുവരെയില്ലാത്ത ശത്രുവിനെ നേരിടാന്‍ ഞങ്ങള്‍ ആയുധമുണ്ടാക്കിയെന്ന് കാഹളം മുഴക്കുകയാണ്. പ്രധാനമന്ത്രി എന്താണാവശ്യപ്പെടുന്നത്,  ഇന്ത്യയിലേക്കു നോക്കരുത്, ബഹിരാകാശത്തേക്കു നോക്കി വോട്ടു ചെയ്യൂവെന്നാണോ?

യു.പി.എ സര്‍ക്കാരിലെ അഴിമതികള്‍ക്കെതിരെ  കൂടി അതിശക്തമായ പ്രചാരണം നടത്തിയാണ് നരേന്ദ്രമോദി അധികാരത്തിലേറിയത്. അതേ നേതാവ്, റഫേല്‍ ഇടപാടില്‍ ഉയര്‍ന്ന അതിഗുരുതരമായ ചോദ്യങ്ങള്‍ കേട്ടിട്ടേയില്ല.  വ്യക്തിപരമായി മറുപടി പറയേണ്ട ബാധ്യത പോലും പൂര്‍ണമൗനത്തിലൂടെ അവഗണിച്ചാണ് അധികാരം പൂര്‍ത്തിയാക്കിയത്. അര്‍ഥം ഒന്നു തന്നെയാണ്. അഴിമതിയും അദ്ദേഹത്തിന് ജനതയില്‍ അരക്ഷിതബോധമുണ്ടാക്കി, അധികാരത്തിലേക്കുള്ള വഴി മാത്രമായിരുന്നു. ആത്മാര്‍ഥമായോ, ധാര്‍മികമായോ പറഞ്ഞ വാക്കുകളോടു പോലും പ്രതിബദ്ധതയില്ലാതെയാണ് പ്രധാനമന്ത്രി മോദി പുതിയ അരക്ഷിതബോധങ്ങളില്‍ അഭയം തേടുന്നത്. 

പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പുചട്ടങ്ങള്‍ ബഹുമാനിക്കാതെ രാജ്യത്തിനു മുന്നില്‍ വന്ന് മിഷന്‍ ശക്തിയുടെ പ്രഖ്യാപനം നടത്തിയതല്ല വലിയ പ്രശ്നം. രാജ്യത്തെ അഭിമുഖീകരിക്കേണ്ട ഘട്ടങ്ങളിലൊന്നും അതിന് തയാറാകാത്ത പ്രധാനമന്ത്രിയാണ് ശാസ്ത്രജ്ഞരുടെ നേട്ടം സര്‍ക്കാരിന്റെ പോക്കറ്റിലാക്കാന്‍ അത്യാവേശം കാണിച്ചത് എന്നതാണ്. ഇത്തരം പരീക്ഷണവിവരങ്ങള്‍ DRDO മേധാവി രാജ്യത്തെ അറിയിക്കുന്നതാണ് കീഴ്‌ വഴക്കം. ഇതേ ഉപഗ്രഹവേധമിസൈല്‍ പര്യവേക്ഷണങ്ങള്‍ നേരത്തെ ജനതയെ അറിയിച്ചത് DRDO മേധാവിയാണ്. 

ആരു പറഞ്ഞാലും മതിയാകുമായിരുന്ന ഒരു മിസൈല്‍ പരീക്ഷണം താന്‍ തന്നെ പറയുമെന്നു വാശി പിടിച്ച മോദി, പ്രധാനമന്ത്രി തന്നെ രാജ്യത്തെ അഭിമുഖീകരിക്കേണ്ട ഘട്ടങ്ങളില്‍ അതിനു തയാറായില്ലെന്നതാണ് പ്രശ്നം. മോദി സര്ക്കാരിന്റെ തന്നെ ഭാഷയില്‍ അഞ്ചു വര്‍ഷത്തിനിടെ രാജ്യസുരക്ഷയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് പുല്‍വാമ ഭീകരാക്രമണം. രാജ്യം നടുക്കത്തിലും ആശങ്കയിലുമായ സന്ദര്‍ഭം. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പോലും പല തവണ ലോകത്തെയും രാജ്യത്തെയും അഭിമുഖീകരിക്കാന‍് നിര്‍ബന്ധിതനായി. 

പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കല്‍ പോലും ഇന്ത്യന്‍ ജനതയെ അഭിമുഖീകരിച്ചില്ല. അതിനുശേഷം ബാലാക്കോട്ടില്‍ പ്രത്യാക്രമണം നടത്തിയത് വന്‍ വിജയമായെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ അവകാശപ്പെട്ടു. എന്നാല്‍ പ്രതിപക്ഷമടക്കം ബാലാക്കോട്ടിന്റെ ഉന്നവും ലക്ഷ്യവും എന്തായിരുന്നുവെന്ന് സംശയങ്ങളുയര്ത്തി. ആ ഘട്ടത്തിലും പ്രധാനമന്ത്രി രാജ്യത്തെ അഭിമുഖീകരിച്ച് ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറായില്ല. പ്രധാനമന്ത്രി മോദി തീരുമാനങ്ങളെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ക്രെഡിറ്റ് അവകാശപ്പെടാന്‍ അദ്ദേഹം രാജ്യത്തിനു മുന്നില്‍ നടിക്കില്ലെന്നുമായിരുന്നു ബി.ജെ.പി. കേന്ദ്രങ്ങളുടെ ന്യായീകരണം. പുല്‍വാമയിലും ബാലാക്കോട്ടിലും രാജ്യത്തോടു സംസാരിക്കാന്‍ അദ്ദേഹത്തിനു ഭരണഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്തമുണ്ടായിരുന്നു. അങ്ങനെ വെറുതേ സംസാരിക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നു ന്യായീകരണവിദഗ്ധര്‍ രക്ഷിച്ചെടുത്ത പ്രധാനമന്ത്രിയാണ് ക്രിയാത്മകമെന്നു പോലും അവകാശപ്പെടാനാകാത്ത ഒരു മിസൈല്‍ പരീക്ഷണത്തിന്റെ നേട്ടവും ചൂടി രാജ്യത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 

ചുരുക്കി പറഞ്ഞാല്‍ മൂന്ന് പ്രശ്നങ്ങളാണ്. ഒന്ന് നമ്മുടെ രാജ്യം ഇതുവരെ സ്വീകരിച്ച പ്രതിരോധത്തിലൂന്നിയ ബഹിരാകാശ–പര്യവേക്ഷണ നയത്തിന് ചേരാത്ത പ്രകോപനപരീക്ഷണമാണ് പ്രധാനമന്ത്രി നേട്ടമായി അവതരിപ്പിച്ചത്. രണ്ട്, താന്‍ പറയേണ്ടതൊന്നും പറയാന്‍ തയാറാകാതെ അഞ്ചു വര്‍ഷം മൗനം പുലര്‍ത്തിയ പ്രധാനമന്ത്രിയാണ് ശാസ്ത്രജ്ഞരുടെ നേട്ടത്തെക്കുറിച്ച് മേനി നടിക്കാനെത്തി അപഹാസ്യനായത്. മൂന്ന്. മുന്നില്‍ ഇല്ലാത്ത ശത്രുവിനെ പേടിച്ച് എനിക്കൊരു അവസരം കൂടി തരൂവെന്ന് പറയുന്ന പ്രധാനമന്ത്രി ജനങ്ങള്‍ തീരുമാനമെടുക്കേണ്ട സുപ്രധാന തിര‍ഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. പറഞ്ഞു നിര്‍ത്തുകയാണെങ്കില്‍ രാജ്യസുരക്ഷയെന്നാല്‍  ആഭ്യന്തരവിഷയങ്ങളില്‍ നിന്നും പൂര്‍ണമായി ശ്രദ്ധ തിരിക്കുകയെന്ന കണ്‍കെട്ടുവിദ്യയുമായി ഒരിക്കല്‍ കൂടി നമ്മുടെ മുന്നില് നില്‍ക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. 

വിദ്വേഷം പറയാതെ, വിദ്വേഷം പ്രചരിപ്പിക്കാതെ, അരക്ഷിതബോധം സൃഷ്ടിക്കാതെ ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സംസാരിക്കുമോ? ഇന്ത്യ അര്‍ഹിക്കുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രം ആത്മവിശ്വാസക്കുറവെന്തിനാണ് ഭരണാധികാരിക്ക്? എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വെല്ലുവിളിക്കാം പ്രധാനമന്ത്രിക്ക്? പകരം രാഹുല്‍ഗാന്ധി പാക്കിസ്ഥാന്‍കാര്‍ക്ക് പ്രിയപ്പെട്ടവനാണന്നു വിദ്വേഷം പരത്തുന്നതെന്തിന്? എല്ലാവരോടും സാഹോദര്യം പുലര്‍ത്തുന്ന, മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയം ഇന്ത്യ അര്‍ഹിക്കുന്നില്ലേ?