തോമസ് ചാണ്ടിക്കു മുമ്പിൽ സർക്കാരെന്തിന് ഒളിച്ചുകളിക്കണം?

ഇനിയും തോമസ് ചാണ്ടിയുടെ മുന്നില്‍ നിന്ന് വഴിമാറി നടക്കാന്‍ തന്നെയാണോ ഈ ഇടതുസര്‍ക്കാരിന്റെ തീരുമാനം? വിജിലന്‍സ് കോടതിയും വളഞ്ഞിട്ട് പിടിക്കുമ്പോള്‍ ഈ ഒളിച്ചുകളി തുടരാന്‍ തന്നെയാണോ ഉദ്ദേശം? കലക്ടറുടെ റിപ്പോര്‍ട്ടിനെ, മാധ്യമങ്ങളുടെ ചോദ്യത്തെ, ബഹുജനരോഷത്തെ, എല്ലാം അവഗണിച്ചും തുടരുന്ന കായല്‍കയ്യേറ്റക്കാരന് കുടപിടിച്ചുള്ള നില്‍പ് വിജിലന്‍സ് കോടതിയുടെ ത്വരിത പരിശോധനാ ഉത്തരവിനിപ്പുറവും തുടരുമോ? അതാണ് ഉദ്ദേശമെങ്കില്‍ സംശയംവേണ്ട ഇത് മുതലാളിമാര്‍ക്കായുള്ള സര്‍ക്കാര്‍ തന്നെയാണ്. അവരെ ചാണ്ടിയുടെ സമീപകാലചരിത്രം ഓര്‍മിപ്പിച്ച് തന്നെ തുടങ്ങാം 

2016 ഏപ്രില്‍ 27 ന് ഭരണാധികാരി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ എസ്.പുഷ്പകുമാരി മുന്‍പാകെ എത്തി കുട്ടനാട്ടില്‍ വീണ്ടും ജനവിധി തേടാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കുമ്പോള്‍ തോമസ്ചാണ്ടിയുടെ വരുമാനം 92.37 കോടി. അതിന് മുന്‍പ് മല്‍സരിക്കുമ്പോള്‍ 39.71 കോടിയായിരുന്നു ആസ്തി. അതായത് അഞ്ചുവര്‍ഷത്തിനിടയില്‍ 65.85 കോടി വര്‍ധിച്ചു. അങ്ങനെയിരിക്കെ ഇന്ന് ചാണ്ടി തീര്‍ച്ചയായും ശതകോടീശ്വരനായിരിക്കും. 100 കോടി ആസ്തിയുള്ള മന്ത്രി. ഈ കണക്കുകള്‍ പറഞ്ഞുതുടങ്ങാന്‍ കാരണം സമീപകാലത്ത് തോമസ് ചാണ്ടിയെ ആദ്യം വാര്‍ത്തയാക്കിയത് ഈ കോടിക്കിലുക്കമായിരുന്നു. 2016 തിരഞ്ഞെടുപ്പിെല ഏറ്റവും ധനികനായ ആ സ്ഥാനാര്‍ഥിയന്ന് ജയിച്ചാല്‍ യാതൊരു തര്‍ക്കവുമില്ല ഞാന്‍ ജലവിഭവവകുപ്പ് മന്ത്രിയാകുമെന്ന പ്രസ്താവനയും അന്നുനടത്തി. 

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എന്‍സിപിയുടെ മന്ത്രിക്വോട്ടയില്‍ ആരുവരണമെന്ന ചര്‍ച്ച പുകഞ്ഞ് പൊട്ടിത്തെറിച്ചപ്പോള്‍ പണപ്രഭുക്കള്‍ പുറത്തെന്ന പിണറായി വിജയന്‍റെ നിലപാടില്‍ ചാണ്ടി പ്രവാസിയായി. കുട്ടനാട് വിട്ട് കുവൈറ്റിലേക്ക് മടങ്ങി. ചികില്‍സാചിലവിനായി ഖജനാവില്‍ നിന്ന് കോടികള്‍ എഴുതിയെടുത്തുവെന്നതാണ് ഈ കോടീശ്വരനെ വാര്‍ത്തയിലേക്ക് വലിച്ചിട്ട മറ്റൊരുസംഭവം. ഇതിനെല്ലാം മുന്‍പ് കുവൈറ്റിലെ തന്നെ സ്കൂള്‍ തട്ടിപ്പിലൂടേയും പത്രമാധ്യമങ്ങളിലെ നല്ല നാലുകോളം ചാണ്ടി തീറെഴുതി വാങ്ങിയിരുന്നു. പിന്നീട് ഒരു ഹണിട്രാപ്പ് എ.കെ.ശശീന്ദ്രനെ എലത്തൂരിലേക്ക് വണ്ടികയറ്റിവിട്ടപ്പോള്‍ മന്ത്രിയാകാനാണ് ചാണ്ടി വീണ്ടും കുട്ടനാട്ടില്‍ വണ്ടിയിറങ്ങിയത്. ഇവിടെ ഒരാളെ കൂടി കേള്‍ക്കാം 

അതെ ലൈംഗികാരോപണകേസില്‍ ശശീന്ദ്രന്‍ പടിയിറങ്ങിയതിന് പുറകേ പട്ടാഭിഷേകം നടന്നെങ്കിലും ചാണ്ടിയുടെ മേല്‍ കിളിരൂര്‍ പീഡനക്കേസിലെ തീരാക്കറ ഇന്നുമുണ്ട്. ഉഴവൂര്‍ വിജയന്റെ മരണത്തിലും തോമസ് ചാണ്ടിയെ പാര്‍ട്ടിക്കുള്ളിലുള്ളര്‍ തന്നെ പ്രതിക്കൂട്ടിലാക്കി. അതിന്റെയെല്ലാം തുടര്‍ച്ചായായി കായല്‍ക്കയേറ്റ വിവാദവും അത് ശരിവക്കുന്ന കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടും ഒടുവില്‍ വിജിലന്‍സിന്റെ ത്വരിതപരിശോധനാ ഉത്തരവും എത്തി 

അതായത് തോമസ് ചാണ്ടി സമീപകാലത്ത് വാര്‍ത്തയായതെല്ലാം ചെറുതും വലുതുമായ വിവാദങ്ങളിലൂടെയാണ്. അതിനപ്പുറം ജനസേവനമാതൃകയിലൂടെ ഈ ജനപ്രതിനിധി ഒരു മാധ്യമഇടവും നികത്തിയിട്ടില്ല. നികത്തിയ കായലും ഭൂമിയുമെല്ലാം ഇപ്പോള്‍ ഒരു പടിയിറക്കത്തിനരികിലേക്ക് ചാണ്ടിയെ ചേര്‍ത്തുനിര്‍ത്തിയിട്ടുമുണ്ട്. അപ്പോഴും ഭരണമുന്നണിയുടെ സുപ്രധാനയാത്രയുടെ തട്ടില്‍ കയറിനിന്ന് എനിക്ക് നേരെ ഒരു ചെറുവിരലുപോലുമനങ്ങില്ലെന്ന് ഹുങ്ക് പറയുകയാണ് തോമസ് ചാണ്ടി. ഇടത്തും വലത്തും നിന്ന് ഏവരേയും പാലൂട്ടിയതിന് പ്രതീക്ഷിക്കുന്ന പ്രത്യുപകാരം തന്നെയാണ് ചാണ്ടിയുടെ ആത്മവിശ്വാസം. 

തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്ലെല്ലാം റവന്യൂചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നിട്ടുണ്ടെന്ന് അന്വേഷണം നടത്തിയ കലക്ടര്‍ അര്‍ത്ഥശങ്കയില്ലാതെ പറയുന്നു. ഒടുവില്‍ പരാതി പരിഗണിച്ച കോടതിയും അന്വേഷണവഴിയിലേക്ക് വിരല്‍ചൂണ്ടുന്നു. നേരായവഴിയുടെ നിഴല്‍പോലുമില്ലാതെയാണ് നീക്കുപോക്കുകളെന്ന് സാധാരണക്കാര്‍ക്ക് പോലും വായിച്ചെടുക്കാനാകുന്ന വിലയിരുത്തലുകളെത്തുന്നു. എന്നാല്‍ ആ പകലുകളിലും പുറത്തെത്തുന്ന ചാണ്ടിയുടെ സ്വരത്തിന് വെല്ലുവിളിയുടെ ഭാഷയാണ്. മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളെ ആദ്യം പുച്ഛിച്ചു തള്ളിയ ചാണ്ടി അതിന്‍മേല്‍ അന്വേഷണം നടത്തി നടപടി ശുപാര്‍ശ ചെയ്ത കലക്ടറേയും അതേ ഭാഷയില്‍ അധിക്ഷേപിക്കുന്നു. തീര്‍ന്നില്ല തെക്കുവടക്ക് ജാഗ്രത കാക്കാനിറങ്ങിയ മുന്നണി പ്രമുഖരുടെ മൂക്കിന്‍ തുമ്പില്‍ വന്ന് മാലോകരോട് വിളിച്ചു പറഞ്ഞത് ഇങ്ങനെ. 

അപ്പോഴും ഒന്നുവിരട്ടാന്‍പോലുമൊരുങ്ങാതെ നാലാംനമ്പര്‍ കാറില്‍ നല്ലയാത്രനേരുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും. അതല്ലെങ്കിലും ഉദ്യോഗസ്ഥനിരയിലെ മിടുക്കരില്‍ മുന്‍പന്തിയിലുള്ള ഐ.എ.എസ്.ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടിന് ശേഷവും മുഖ്യമന്തിക്കും പാര്‍ട്ടി സെക്രട്ടറിക്കും ആരോപണങ്ങളെല്ലാം ആരോപണങ്ങള്‍ മാത്രമായിരിക്കേ ഇതിലും കൂടുതല്‍ പ്രതീക്ഷിക്കാം. കോടതിയുടെ പരിഗണനയിലിരിക്കുന്നത്, സാവകാശമെടുത്ത് പഠിക്കേണ്ടത് പല ന്യായീകരണങ്ങളിലിഴച്ച അലസതക്കും ഓച്ഛാനിച്ച് നില്‍പ്പിനും അടച്ചുകിട്ടിയ അടികൂടിയാണ് കോടതിയില്‍ നിന്ന് പുറത്തുവരുന്നത്. 

ഉമ്മന്‍ചാണ്ടിയും കൂട്ടരുമുണ്ടാക്കിയ കീഴ്‍വഴക്കളെ തള്ളിപ്പറഞ്ഞ തുടക്കത്തില്‍ നിന്ന് തെന്നിമാറി ആ കീഴ്‌വഴക്കങ്ങളെ താലോലിക്കുകതന്നെയാണ് ഇപ്പോള്‍ ഇടതുസര്‍ക്കാരും ചെയ്യുന്നത്. അതല്ലെങ്കില്‍ അതിനപ്പുറം നടന്ന് നീങ്ങുകയാണ്. അതല്ലെങ്കില്‍ ഇപിക്കും ശശീന്ദ്രനും കാട്ടിയ വഴി പിണറായി വിജയന് തോമസ് ചാണ്ടിക്കും എന്നേ കാണിച്ചുകൊടുക്കാമായിരുന്നു. ഇനിയും പുറത്തു പോകാന്‍ പറയാനൊരുക്കമല്ലെങ്കില്‍ സംശയംവേണ്ട ചാണ്ടിക്ക് പിന്നില്‍ തന്നെയാണ് ഈ ഭരണകൂടം. കയ്യേറേണ്ടത് ജനമനസുകളാണെന്നും കടക്ക് പുറത്തെന്ന് പറയേണ്ടത് ഈ മുതലാളിമാരോടാണെന്നും ഉപദേശഉപഗ്രഹങ്ങളിലാരെങ്കിലും മുഖ്യമന്ത്രിയെ പഠിപ്പിക്കട്ടെ.