മമതയുടെ പ്രധാനമന്ത്രി പദ സ്വപ്നങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പ് ആവരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറിക്കും എന്നു പ്രഖ്യാപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനിരയിലെ വലുതും ചെറുതുമായി പാര്‍ട്ടികളുടെ നേതാക്കള്‍ അണിനിരന്നു. ഡല്‍ഹിയിലേയ്ക്കുള്ള പടയോട്ടം കൊല്‍ക്കത്ത വഴി.  പ്രതിപക്ഷ നിരയുടെ െഎക്യത്തിന് വേദിയൊരുക്കുകയായിരുന്നോ? അതോ, പ്രധാനമന്ത്രി പദമെന്ന സ്വപ്നം പൊടിതട്ടിയെടുക്കുകയായരുന്നോ? എന്തായിരുന്നു ശരിക്കും ദീദിയുടെ ലക്ഷ്യം. 

കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്ത്യ റാലി ഒരു ട്രൈലറായിരുന്നു. മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന പ്രഖ്യാപനത്തോടെ തുടങ്ങാനിരിക്കുന്ന രാഷ്ട്രീയ ബ്ലോക് ബസ്റ്റര്‍ സിനിമയുടെ ട്രൈലര്‍. ഒരുവശത്ത് ലീഡ് റോളില്‍ മാറ്റമില്ല. നരേന്ദ്ര മോദി തന്നെ. മറുവശത്ത് ആരാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒരു രാഷ്ട്രീയ ജോതിഷിക്കും കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ ഇനിയും കുറേകൂടി കലങ്ങിത്തെളിയണം. 'ഒന്നിച്ച് നിന്ന് മോദി വീഴ്ത്തുക' ഇതാണ് മമത ബാനര്‍ജി ആതിഥ്യമരുളിയ റാലിയുടെ ലക്ഷ്യം. മൂന്ന് വര്‍ഷമായി മമത കൃത്യമായ കരുനീക്കം നടത്തുന്നു. 2016ല്‍ ബംഗാളില്‍ അധികാരം വീണ്ടും നിലനിര്‍ത്തിയപ്പോള്‍ മുതല്‍. ജോതി ബസു മുഖ്യമന്ത്രിയായിരിക്കെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചതിനേക്കാള്‍ വലിയ റാലി നടത്തുമെന്നാണ് മമത പ്രഖ്യാപിച്ചത്. പ്രതിപക്ഷ നിരയിലെ ഇരുപത് പാര്‍ട്ടികളുടെ നേക്കാള്‍ ദീദിയുടെ വിളികേട്ടെത്തി.

പ്രധാനമന്ത്രിക്കസേര മനസില്‍ക്കണ്ട് മമത നടത്തിയ റാലിയോട് കരുതോടെയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. പ്രതിപക്ഷനിരയില്‍ ഭിന്നതയുണ്ടാകുന്നത് ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധി തന്ത്രപൂര്‍വം ഇടപെട്ടു. പ്രതിനിധികളായി മല്ലികാര്‍ജുന്‍ ഖാര്‍ഗേയെയും അഭിഷേക് സിങ്‍വിയെയും അയച്ചു. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, മുന്‍പ്രധാനമന്ത്രി എച്ച്് ഡി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, മായാവതിയുെട പ്രതിനിധിയായി ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, എന്‍സിപിയില്‍ നിന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും, ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു എന്നിങ്ങിനെ നീളുന്നു മമതയുടെ വിവിെഎപി അതിഥികള്‍. ബിജെപിയുടെ മുന്‍കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും റാലിക്കെത്തി. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാദ്യം മുഴക്കി ബിജെപി എം.പി ശത്രുഘ്നന്‍ സിന്‍ഹ മോദിയോടുള്ള കലിപ്പ് ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഒരിക്കല്‍ക്കൂടി മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് കിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പുള്ള ശത്രുഘ്നന്‍ സിന്‍ഹ ലാലു പ്രസാദ് യാദവിന്‍റെ പാളയം നോക്കിയാണ് നീങ്ങുന്നത്. ബംഗാളില്‍ മമതയോട് പൊരുതിത്തകര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎമ്മും മറ്റ് ഇടതുപാര്‍ട്ടികളും റാലിയില്‍ നിന്ന് വിട്ടു നിന്നു. കെ ചന്ദ്രശേഖര്‍ റാവു, നവീന്‍ പട്നായിക്, ജഗന്മോഹന്‍ റെഡ്ഡി എന്നിവരുടെ അസാന്നിധ്യം ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തിന്‍റെ ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്തുന്നു. മികച്ച സംഘാടകയായി മമത അരങ്ങിലും അണിയറയിലും നിറഞ്ഞു നിന്നു. അതിഥികള്‍ക്ക് മസാല ദോശയും ചിക്കന്‍ ടിക്കയും ഡാര്‍ജിലിങ് ചായയും വിളമ്പി. 

2019ല്‍ മോദിക്കെതിരായ യുദ്ധം മമത ബാനര്‍ജി നയിക്കുമോ? ഏതൊരു ബംഗാളിയുടെയും ഏറ്റവും വലിയ ആഗ്രഹം കൊല്‍ക്കത്ത ക്ലബിന്‍റെ പ്രസിഡന്‍റാവുക എന്നതാണെന്ന് തമാശയായി പറയാറുണ്ട്. വംഗദേശത്തിന്‍റെ കാര്യമെടുത്താല്‍, ഏതായാലും 1996ല്‍ ജോതി ബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസര ഒരുങ്ങിയെങ്കിലും ചരിത്രപരമായ മണ്ടത്തരത്തിലൂടെ നഷ്ടമായി. പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കിലും പ്രഥമ പൗരനാകാന്‍ സാധിച്ചു. 

പതിനേഴാം വയസില്‍ അച്ഛനെ നഷ്ടമായ കൊല്‍ക്കത്തക്കാരി പെണ്‍കുട്ടി. കവിതയെഴുതാനും ചിത്രം വരയ്ക്കാനും ഇഷ്ടപ്പെടുന്നവള്‍. കലഹിച്ചും കരുത്തരോട് പടവെട്ടിയും പടവുകള്‍ കയറി. ഏഴുതവണ എം.പി. മൂന്നുതവണ കേന്ദ്രമന്ത്രി. രണ്ടുതവണ മുഖ്യമന്ത്രിക്കസേരയില്‍. ബംഗാളിലെ 34 വര്‍ഷത്തെ ഇടതുകോട്ട തകര്‍ത്ത് ചരിത്രമെഴുതി. നിലവില്‍ പ്രതിപക്ഷനിരിയില്‍ മമതയേക്കാള്‍ തലയെടുപ്പ് ശരദ് പവാറിന് മാത്രമേ അവകാശപ്പെടാനുള്ളൂ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായ്ഡുവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും കൊല്‍ക്കത്തയില്‍ നടന്നതിന് സമാനമായ വന്‍ റാലികള്‍ക്ക് അരങ്ങൊരുക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്നവര്‍ ഏറെയുണ്ടെന്ന് സാരം. അനന്തിരവന്‍ അഭിഷേക് ബാനര്‍ജിയാണ് അധികാരവഴിയില്‍ പിന്‍ഗാമി. അഴിമതി ആരോപണങ്ങളും ഏകാധിപതിയെന്ന വിമര്‍ശനവുമുണ്ട്. പക്ഷെ, വാക്കിലെ കാര്‍ക്കശ്യവും വേഷത്തിലെ ലാളിത്യവുമാണ് കരുത്ത്. കെ ചന്ദ്രശേഖര്‍ റാവുവുമൊന്നിച്ച് മമത ഫെഡറല്‍ മുന്നണിയെന്ന ബദലിന് ശ്രമിച്ചു. ലക്ഷ്യം കാണാതായപ്പോഴാണ് എല്ലാവരെ ഒന്നിച്ച് അണിനിരത്താന്‍ ഒരുങ്ങുന്നത്. തൂക്കുസഭയുണ്ടാവുകയും ബംഗാള്‍ തൂത്തുവാരുകയും ചെയ്താല്‍ മമതയുടെ മോഹങ്ങള്‍ ഒരുപക്ഷെ, പൂവണിയാം