മോദിയോട് എതിരിട്ടു; മമതയുടെ ഉള്ളില്‍ എന്തെല്ലാം..? ‘കരുത്തുറ്റ’ പരിവേഷം

modi-mamtha
SHARE

കലഹങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും വളര്‍ന്ന നേതാവ് എന്ന വിശേഷണം മമത ബാനര്‍ജിക്ക് നേരത്തെ തന്നെയുണ്ട്. ഇടത് സര്‍ക്കാരിനെതിരെ 26 ദിവസത്തെ നിരഹാരവ്രതം അനുഷ്ഠിച്ചാണ് മമത ബംഗാള്‍ പിടിക്കാനുള്ള പോരാട്ടം തുടങ്ങിയത്. ഇത്തവണ കലഹം പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന നരേന്ദ്ര മോദിയും പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമതയും തമ്മിലാണ്. 

ജനുവരി 19ന് ബംഗാള്‍ ഒരു വന്‍ റാലിക്ക് സാക്ഷിയായി. പ്രതിപക്ഷനിരയിലെ 23 രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നു. മോദി വിരുദ്ധ ചേരിയുടെ ശക്തി പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത് മമത ബാനര്‍ജിയായിരുന്നു. ഫെബ്രുവരി 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. വംഗദേശം എന്തുകൊണ്ട് ഇത്തവണ ഏറെ പ്രധാനപ്പെട്ടതാകുന്നു? ബംഗാളിന്‍റെ മനസ് പരമ്പരാഗതമായി ഇടത്തോട് ചാഞ്ഞതാണ്. പരമ്പരാഗത ഇടതുപക്ഷത്തിന് ആ പെരുമ ഇപ്പോള്‍ അവകാശപ്പെടാനില്ല. മമതയാണ് ബംഗാളില്‍ നവ ഇടതുപക്ഷം. സിംഗൂരിലും നന്ദിഗ്രാമിലും തിളച്ചുമറിഞ്ഞ ഭൂമിയുടെ രാഷ്ട്രീയം പറഞ്ഞാണ് മമത 2011ല്‍ അധികാരത്തില്‍ വന്നത്. ഇടതും വലതും തമ്മിലെ മല്‍സരം ബംഗാളിന്‍റെ മണ്ണില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ് ഇപ്പോള്‍ ആ പോരാട്ടത്തിന്‍റെ ഇരുപക്ഷത്തുമുള്ളത്. 

42 ലോക്സഭാ സീറ്റുകളുണ്ട് ബംഗാളില്‍. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് 2014ല്‍ 34 സീറ്റുകളില്‍ വിജയിച്ചു. ബിജെപി നേടിയത് രണ്ട് സീറ്റുകള്‍. ഡാര്‍ജിലിങും അസന്‍സോളും. തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തവണ കോട്ടകള്‍ കാത്തുരക്ഷിച്ചേ മതിയാകൂ.

2019 ല്‍ ഒരുപക്ഷെ മമതയ്ക്ക് പ്രധാനമന്ത്രി സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞേക്കും. അതിന് മൂന്ന് കാര്യങ്ങള്‍ സംഭവിക്കണം. മോദിക്കും കൂട്ടര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കരുത്. കോണ്‍ഗ്രസ് സഖ്യം 120 സീറ്റ് കടക്കരുത്. തൃണമൂല്‍ ബംഗാള്‍ തൂത്തുവാരണം. 2014ലെ മോദി തരംഗത്തില്‍ ബംഗാളില്‍ നിന്ന് ബിജെപിക്ക് കിട്ടിയത് 17 ശതമാനം വോട്ടാണ്. ബിജെപിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം 10 ശതമാനമായി താഴ്ന്നു. കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും വീഴ്ച്ച ബിജെപിക്ക് ബംഗാളില്‍ പ്രതിപക്ഷത്തിന്‍റെ റോള്‍ നല്‍കി. ബിജെപിക്ക് അനുകൂലമായ കാറ്റിന് വേഗം പകരാന്‍ ആര്‍എസ്എസും വിഎച്ച്പിയും ബജ്റംഗ് ദളും രംഗത്തുവന്നു. ഹിന്ദുത്വ രാഷ്ട്രീയം ആളിക്കത്തിച്ചു. 2018ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബൂത്തുപിടുത്തവും ഭീഷണിയുമൊക്കെയായി കായിക ബലംകൊണ്ടാണ് തൃണമൂല്‍ വെന്നിക്കൊടിപാറിച്ചത്. ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നതിനൊപ്പം ആഭ്യന്തരപ്രശ്നങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിനെ ഇപ്പോള്‍ അലട്ടുന്നുണ്ട്. ബംഗാളില്‍ ബിജെപി ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ സ്വാധീനിക്കാനും ബിജെപി ശ്രമിക്കുകയാണ്. 

ഫെഡറലിസം അപകടത്തിലാണെന്ന വിമര്‍ശനമുന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ മമത കടന്നാക്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചാ‌യി. കേന്ദ്രസര്‍ക്കാരിനെതിരായ നീക്കങ്ങള്‍ ന്യൂനപക്ഷ വോട്ടുബാങ്കിനെ ആഴത്തില്‍ സ്വാധീനിക്കുമെന്നതാണ് മമതയുടെ മനക്കണക്ക്. സംസ്ഥാന ജനസംഖ്യയുടെ 27.1ശതമാനമാണ് മുസ്‍ലിം ജനവിഭാഗങ്ങള്‍. 

ബംഗാള്‍ സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതികള്‍ അനുകൂല അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ട്. 1998 മുതല്‍ കോണ്‍ഗ്രസ് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപാര്‍ട്ടികളും തൃണമൂലും തമ്മിലായിരുന്നു മല്‍സരം. 2009 ലും 2011ലും തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷീണിപ്പിച്ചു. മാല്‍ഡയും മുര്‍ഷിദാബാദും അടക്കം കോണ്‍ഗ്രസിന് ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഇടങ്ങളിലേയ്ക്ക് തൃണമൂല്‍ വേരാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സിംഗൂരിലെയും നന്ദിഗ്രാമിലെയും ആഘാതങ്ങളില്‍ നിന്ന് ഇടതുപക്ഷം ഇപ്പോഴും മുക്തമായിട്ടില്ല. അന്ത്യശ്വാസം വിലിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണോ, വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ തര്‍ക്കവിഷയം. സിബിെഎ നടപടികളുടെ പേരില്‍ മമത കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന തുറന്ന പോര് ശരിക്കും പ്രതിസന്ധിയിലാക്കിയത് ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയുമാണ്. ബംഗാളില്‍ മല്‍സരം തൃണമൂലും ബിജെപിയും തമ്മിലാണ് എന്നതലത്തില്‍ ചിത്രം മാറിക്കഴിഞ്ഞു. സീറ്റുകള്‍ പങ്കിട്ടെടുക്കുക ഇരുപാര്‍ട്ടികളും തമ്മിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വരച്ചിടുന്ന ചിത്രം. ബംഗാളിലെ പ്രതിപക്ഷ സ്ഥാനത്തു നിന്നും തുടച്ചു നീക്കപ്പെട്ടാല്‍ മമതയുടെ നിഴലായി കഴിയേണ്ടിവരും ബംഗാളിലെ കോണ്‍ഗ്രിസന്. ഇടതുപാര്‍ട്ടികളുടെ മുന്നിലുള്ളത് അതിലും ഭീതിതമായ അവസ്ഥയാണ്. അതുകൊണ്ടാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി മോദിയെയും മമതയെയും ഒരുപോലെ തള്ളിപ്പറയുന്നത്. 

അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി മമതയെ പിന്തുണയ്ക്കുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ ബംഗാളിെല കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകാത്തത്.  

MORE IN INDIA BLACK AND WHITE
SHOW MORE