കലൈഞ്ജറും പുരൈട്ച്ചി തലൈവിയും ഇല്ലാത്ത തമിഴക തിരഞ്ഞെടുപ്പ്

jaya--karunanidhi
SHARE

കലൈഞ്ജറും പുരൈട്ച്ചി തലൈവിയും ഇല്ലാത്ത തിരഞ്ഞെടുപ്പാണ് ഇത്തവണ തമിഴകത്ത്. രണ്ട് അതികായരുടെ വിയോഗം ദ്രാവിഡരാഷ്ട്രീയത്തെ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 ലോക്സഭാ സീറ്റുകളില്‍ 37 ഇടത്തും അണ്ണാഡിഎംകെയാണ് ജയിച്ചത്. ബിജെപിയും പിഎംകെയും ഒാരോ സീറ്റിലും വിജയിച്ചു. ചാരത്തില്‍ നിന്ന് ഉദിച്ചുയരാന്‍ ഡിഎംകെ. എം.കെ സ്റ്റാലിനൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള നേതാക്കാള്‍ ഇപ്പോള്‍ തല്‍ക്കാലം തമിഴകത്തില്ല. ഡിഎംകെയുടെ മുന്നേറ്റം സഖ്യകക്ഷിയായ കോണ്‍ഗ്രസിനും ഗുണകരമാകും. അണ്ണാഡിഎംകെയിലെ ചേരിപ്പോരും അധികാരത്തര്‍ക്കവും ജയലളിത ബാക്കിയിട്ട വിജയഗാഥയ്ക്ക് ചരമക്കുറിപ്പ് എഴുതും. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി അണ്ണാഡിഎംകെയില്‍ ഭിന്നതയുണ്ട്. രജനികാന്തിന്‍റെയും കമല്‍ ഹാസന്‍റെയും രാഷ്ട്രീയപ്രവേശമാണ് മറ്റൊരു ഘടകം. രജനികാന്തിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി സകല അടവും പയറ്റുന്നുണ്ട്. കമല്‍ ഏതായാലും ബിജെപി വിരുദ്ധ ചേരിയിലായിരിക്കും. കുഴഞ്ഞുമറിഞ്ഞ തമിഴകരാഷ്ട്രീയം ബിജെപിക്ക് കാര്യമായ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നില്ല.

പെയാറും അണ്ണായും ഉഴുതുമറിച്ച ദ്രാവിഡ ഭൂമിയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് പിടിമുറുക്കാന്‍ ഏറെ പാടുപേടേണ്ടിവരും. അണ്ണാഡിഎംകെ വലിയ തോതില്‍ ഭരണവിരുദ്ധവികാരം നേരിടുന്നുണ്ട്. എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെ വന്‍തിരിച്ചുവരവ് നടത്തിയാല്‍ അണ്ണാഡിഎംകെ രണ്ടക്കം കടക്കാനുള്ള സാധ്യത വിരളമാണെന്നാണ് പ്രവചനങ്ങള്‍. മുപ്പത്തിയഞ്ച് സീറ്റുകള്‍ വരെ നേടാം. 

നിയമസഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും കൂടുതല്‍ കരുത്തോടെ വീണ്ടും അധികാരത്തിലെത്തുകയും ചെയ്ത കെ ചന്ദ്രശേഖര്‍റാവുവിന് ചുറ്റം ഭ്രമണം ചെയ്യുകയാണ് തെലങ്കാന രാഷ്ട്രീയം. 11 ലോക്സഭാ സീറ്റുകളില്‍ 2014ല്‍ ടി ആര്‍ എസ് ജയിച്ചു. കോണ്‍ഗ്രസിന്‍റെ മഹാകൂട്ടമി നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. കെ ചന്ദ്രശേഖര്‍ റാവു തല്‍ക്കാലം ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ മുന്നണിക്കായാണ് നീക്കം നടത്തുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്തുണ നല്‍കാനുളള ഏല്ലാ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. 

ആന്ധ്രയില്‍ നിയമസഭാ, ലോക്സഭാ വിധിയെഴുത്തുകള്‍ ഒന്നിച്ച് നടക്കും. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിച്ച് ചന്ദ്രബാബുനായ്ഡു ബിജെപി സഖ്യം ഉപേക്ഷിച്ചു. പ്രതിപക്ഷനിരയില്‍ പ്രധാനിയായി. ശക്തമായ ഭരണവിരുദ്ധ വികാരം ടിഡിപി ആന്ധ്രയില്‍ നേരിടുന്നുണ്ട്. ആള്‍ബലവും അനുകൂലമായ രാഷ്ട്രീയ സാഹചര്യവും ഒത്തുവന്നാല്‍ എവിടെയേക്ക് ചായാനും ചന്ദ്രബാബുനായ്ഡു തയ്യാറാണ്. പ്രധാനമന്ത്രിയാകുകയെന്ന സ്വപ്നവും ഉള്ളിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ നിലമെച്ചപ്പെടുത്തും. ജഗന്മോഹന്‍ റെഡ്ഡി അമിത് ഷായോട് അടുക്കുന്നുവെന്നാണ് അണിയറ സംസാരം.

ബിജെപി ഏറെ ആത്മവിശ്വാസത്തോടെ പോരാട്ടത്തിന് ഇറങ്ങുന്ന സംസ്ഥാനമാണ് ഒഡീഷ. താമര വിരിയിക്കാന്‍ മണ്ണുപാകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കൂട്ടല്‍. നവീന്‍ പട്നായക്കിന്‍റെ കോട്ടതകര്‍ക്കാന്‍ ബിജെപി കയ്യുംമെയ്യും മറന്ന് പണിപ്പെടുന്നു.  2014ല്‍ 21ല്‍ 20 സീറ്റുകളിലും ബിജുജനതാദളാണ് വിജയിച്ചത്. ബിജെപി ഒരിടത്തും. ഇത്തവണ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെങ്കിലും നവീന്‍ പട്നായിക്കിന്‍റെ വീര്യം ചോര്‍ത്തിക്കളയാന്‍ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നു. 

ഹിന്ദി ഹൃദയഭൂമിയിലെ കുറവുകള്‍ പരിഹരിക്കാന്‍ ബിജെപി ഉന്നമിടുന്നത് വടക്കുകിഴക്കന്‍ മേഖലയിലാണ്. കോണ്‍ഗ്രസിന്‍റെ പഴയ ശക്തികേന്ദ്രങ്ങളില്‍ പ്രദേശിക മുന്നണിയുണ്ടാക്കി ബിജെപി തേരോട്ടം നടത്തുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ആകെ 25 സീറ്റുകളാണുള്ളത്. ത്രിപുരയില്‍ നിയമസഭാ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയക്കൊടിയേറ്റമായിരുന്നു. ചുവന്നതുരുത്ത് കാവിയില്‍ മുങ്ങി. അസമില്‍ സഖ്യകക്ഷിയായ എജിപി പിണങ്ങിയത് ബിജെപിക്ക് ക്ഷീണമാണ്. പൗരത്വനിയമം വടക്കുകിഴക്കന്‍ മണ്ണില്‍ വലിയ ധ്രുവീകരണത്തിനാണ് തീകൊളുത്തിയത്. വടക്കുകിഴക്കന്‍ മണ്ണില്‍ ഇത്തവണ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

2014ല്‍ ഡല്‍ഹിയിലെ ഏല്ലാ സീറ്റുകളും ബിജെപിയാണ് നേടിയത്. പക്ഷെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ അരിവന്ദ് കേജ്‍രിവാള്‍ ആധികാരിക വിജയം നേടിയതോടെ കാര്യങ്ങള്‍ പ്രവചനാതീതമായി. ഹരിയാനയില്‍ ബിജെപിയാണ് ഭരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരായ ജട്ട് വികാരം ബിജെപിക്ക് തലവേദനയാകും.

ജാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 12 ഇടത്തും ബിജെപിയാണ് 2014ല്‍ വിജയിച്ചത്. സംസ്ഥാന ഭരണവും ബിജെപിയുടെ തന്നെ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ ഇത്തവണ ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടും. ബിജെപിക്ക് ക്ഷീണമുണ്ടാകുമെന്ന കാര്യത്തില്‍ സംശത്തിനിടയില്ല. 13 സീറ്റുകളുള്ള പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ മേല്‍ക്കോയ്മ തകര്‍ക്കാന്‍ ബിജെപിക്കും വല്യേട്ടനായ ശിരോമണി അകാലിദളിനും കഴിഞ്ഞിട്ടില്ല. മുന്‍ ക്രിക്കറ്റ് താരം നവോജോത് സിങ് സിദ്ദു ടീം മാറിയത് ബിജെപിക്ക് തലവേദനയാകുന്നു. ഡല്‍ഹിയില്‍ അരവിന്ദ് കേജ്‍രിവാള്‍ പ്രതിപക്ഷനിരയോടൊപ്പമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ സംഘടനതലത്തില്‍ ഉള്‍പ്പെടെ ബിജെപി കാര്യമായി പണിയെടുത്തിട്ടുണ്ടെങ്കിലും ആംആദ്മിപാര്‍ട്ടിയുടെ കുറ്റിച്ചൂലിന്‍റെ കെട്ടഴിക്കാന്‍ കരുത്ത് പോര. ഛത്തീസ്ഗഢില്‍ രമണ്‍ സിങ്ങിന്‍റെ സാമ്രജ്യം തകര്‍ത്ത് വന്‍ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. 11 ലോക്സഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്‍റെ പ്രഭാവത്തിന് മുന്നില്‍ താമര വാടുമെന്നുറപ്പ്. ജമ്മുകശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം രാജ്യതാല്‍പര്യം പറഞ്ഞാണ് ബിജെപി ഉപേക്ഷിച്ചത്. നാഷ്ണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാന്‍ പിഡിപി സന്നദ്ധമാണ്. സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ അത്തരമൊരുനീക്കം പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയിരുന്നു. 

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല. പ്രധാനമന്ത്രിക്കസേര സ്വപ്നം കാണുന്ന ഒരുപാട് പേര്‍ ഉണ്ടെന്നതുതന്നെ കാരണം. മോദിയെ അധികാരത്തില്‍ നിന്ന് താഴേയിറക്കാന്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചും. ബാക്കിയെല്ലാം പിന്നെ. എന്നാല്‍ ബിജെപി മുന്നണിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പഴയ കരുത്ത് ഇല്ലെന്ന് തിരിച്ചറിഞ്ഞ മോദിയും കൂട്ടരും പുതിയ ചങ്ങാതിമാരെ തിരയാന്‍ തുടങ്ങിയിട്ടുണ്ട്. 

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ജനവിധിയാകും 2019ലേതെന്നാണ് പ്രവചനങ്ങള്‍. ഒരുപക്ഷെ ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്ത് വന്നേക്കാം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കൃത്യമായ മേല്‍ക്കൈയില്ലെങ്കില്‍ നരേന്ദ്ര മോദിക്ക് പകരമായി രാജ്നാഥ് സിങ്ങോ, നിതിന്‍ ഗഡ്കരിയോ പ്രധാനമന്ത്രിയായേക്കാമെന്ന ചര്‍ച്ചകളുമുണ്ട്. 543 അംഗങ്ങളെയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കുന്നത്. രണ്ടുപേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നു. കേവലഭൂരിപക്ഷത്തിന് വേണ്ട മാന്ത്രികസംഖ്യ 272. കളം തിരിച്ചുപിടിക്കാന്‍ മോദിക്ക് മുന്നില്‍ കുറച്ച് സമയം ബാക്കിയുണ്ട്. ഏറെ നിര്‍ണായകമായ എണ്ണപ്പെട്ട ദിനങ്ങള്‍. 

സാമ്പത്തിക സംവരണ ബില്‍ കൊണ്ടുവന്നതുപോലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി എന്തെങ്കിലും നിര്‍ണായ നീക്കം നടത്തുമെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം 31ന്് തുടങ്ങും. ഫെബ്രുവരി ഒന്നിന് അവതരിക്കുന്ന ബജറ്റില്‍ അല്‍ഭുതങ്ങളുണ്ടാകുമോ? കാത്തിരിക്കാം.

MORE IN INDIA BLACK AND WHITE
SHOW MORE