സ്വവര്‍ഗരതിയും വിവാഹേതര ലൈംഗിക ബന്ധവും; സൈന്യവും മാറേണ്ടേ..?

അതേ, ഞങ്ങള്‍ വ്യത്യസ്തരാണ്. യഥാസ്ഥിതികരാണ്. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍റെ വാക്കുകളാണിത്. സ്വവര്‍ഗരതിയും വിവാഹേതര ലൈംഗിക ബന്ധവും സൈന്യത്തില്‍ അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞാണ് ജനറല്‍ ബിപിന്‍ റാവത്ത് ഇങ്ങിനെയൊരു വിശേഷണം നടത്തിയത്. ആയുധശേഷിയിലും കരുത്തിലും കാലത്തിനൊത്ത് മാറുന്നതിനൊപ്പം സൈന്യത്തിന്‍റെ സാമൂഹിക വീക്ഷണത്തിലും മാറ്റം വരേണ്ടതില്ലേ? കരസേന മേധാവി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാക്കുകള്‍കൊണ്ട് ആക്രമണം നടത്തി ഞെട്ടിക്കുകയാണ്. 

വാര്‍ഷിക വാര്‍ത്താസമ്മേളനത്തിലാണ് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗവും വിവാഹേതര ലൈംഗിക ബന്ധവും സൈന്യത്തിന് സ്വീകാര്യമല്ല. ഇവ രണ്ടും സൈന്യത്തില്‍ നടക്കാന്‍ അനുവദിക്കില്ല. സൈന്യത്തിന് സൈന്യത്തിന്‍റേതായ നിയമങ്ങളുണ്ട്. സാധാരണ പൗരന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഒരു സൈനികന് ലഭിക്കില്ല. വിവാഹേതര ലൈംഗിക ബന്ധത്തിന്‍റെയും സ്വവര്‍ഗാനനുരാഗത്തിന്‍റെയും കാര്യത്തില്‍ ഞങ്ങള്‍ അത്ര പുരോഗമനവാദികളല്ല. പിന്തിരിപ്പന്മാരാണെന്നാണ് കരസേന മേധാവി പറഞ്ഞുവെച്ചത്. എന്നാല്‍ സൈന്യം രാജ്യത്തെ നിയമത്തിന് അതീതരല്ലെന്നും കരസേന മേധാവി വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികന്‍ സ്വന്തം കുടുംബത്തെ ഒാര്‍ത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ച് ബിപിന്‍ റാവത്ത് പറയുന്നു. 

കരസേന മേധാവി വനിതകളെ യുദ്ധ മുഖത്ത് ഇറക്കുന്നതിനെക്കുറിച്ച് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. സ്ത്രീകളെ യുദ്ധ മുഖത്ത് ഇറക്കാം പക്ഷെ, വസ്ത്രം മാറുമ്പോള്‍ ജവാന്മാര്‍ ഒളിഞ്ഞുനോക്കി എന്ന് പരാതി പറയരുത്. പരമ്പരാഗവാദം മാത്രമല്ല, പുരുഷമേധാവിത്വ ചിന്തകളും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377 ാം വകുപ്പ് റദ്ദാക്കിയത്. തുല്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണ് ഈ വകുപ്പെന്ന് കോടതി കൃത്യമായ നിലപാടെടുത്തു. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല വ്യക്തമാക്കിയാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്. 

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ക്കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള 497 ാം വകുപ്പ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് 2018 സെപ്റ്റംബര്‍ 27നാണ് റദ്ദാക്കിയത്. ഈ വകുപ്പ് ഭാര്യയെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള ഉപഭോഗവസ്തുവായാണ് കണക്കാക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗാനുരാഗം ക്രിമിനല്‍ക്കുറ്റമല്ലെന്ന് 2018 സെപ്റ്റംബര്‍ ഏഴിനാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഇതോടെ സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന 26 മത് രാജ്യമായി ഇന്ത്യ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ നീക്കിയിരിപ്പായിരുന്നു സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന 377 ാം വകുപ്പ്.

സമൂഹം മുന്നോട്ട് പോകുമ്പോള്‍ സൈന്യം പിന്തിരിഞ്ഞ് നില്‍ക്കാന്‍ പാടുണ്ടോ? സമൂഹത്തിന്‍റെ ശരികള്‍ സൈന്യത്തിന്‍റെയും ശരികളല്ലേ? ബ്രിട്ടീഷ് ഭരണകാലത്തെ സാമൂഹികബോധത്തില്‍ തന്നെ ഇനിയും മാര്‍ച്ച് ചെയ്യുന്നത് ഗുണകരമല്ല. ശരിയാണ്, സൈന്യത്തിന് അവരുടെതായ ചില കീഴ്‍വഴക്കങ്ങളും ചിട്ടകളും അച്ചടക്കത്തിന്‍റെ കെട്ടുറപ്പുമുണ്ട്. അതുള്ളതുകൊണ്ടുതന്നെയാണ് സൈന്യം സൈന്യമായി നിലനില്‍ക്കുന്നതും. പൊതുസമൂഹത്തില്‍ സാധ്യമായ പലകാരങ്ങളും സൈന്യത്തില്‍ പടിക്കുപുറത്തുനിര്‍ത്തേണ്ടിവരും. എന്നാല്‍ മാനവിക, ധാര്‍മിക മൂല്യങ്ങളുടെയും പുരോഗമന ചിന്തകളുടെയും കാര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തേള്‍ പലപ്പോഴും ഒരുപടി മേലെയാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം ഒരന്തസ് ഉയര്‍ത്തിപ്പിടിക്കാറുണ്ട്. പോരാട്ട ഭൂമിയിലും അതിനു പുറത്തും. എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യത വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയും സൈന്യം ഉറപ്പാക്കാറുണ്ട്. എല്ലാതരം വിവേചനങ്ങളെയും അകറ്റിനിര്‍ത്താറുണ്ട്. സൈനിക നിയമത്തിലും കാലോചിതമായ മാറ്റം അനിവാര്യമാണ്. കാരണം മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ.