ബിജെപിയുടെ പണപ്പെട്ടിയുടെ കാവല്‍ക്കാരന്‍ ആരാണ്?

ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപ്പാര്‍ട്ടി ബിജെപിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് വന്‍കിടമുതലാളിമാര്‍ക്ക് താല്‍പര്യക്കൂടുതലുണ്ടാകുന്നത് സ്വഭാവികം. ഭരണം ആരുടെ കൈയ്യിലാണോ അവര്‍ക്കുള്ള സംഭാവനകള്‍ കുമിഞ്ഞുകൂടുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ബിജെപിയുടെ പണപ്പെട്ടി കാക്കുന്നത് ആരാണ്? വ്യക്തമായ ഉത്തരമില്ലാത്ത ഈ ചോദ്യം തിരഞ്ഞെടുപ്പു കമ്മിഷനെയും സംശയത്തിന്‍റെ നിഴലി‍ല്‍ നിര്‍ത്തുന്നു.

1,034 കോടി രൂപയാണ് 2016 – 17ല്‍ ബിജെപിയുടെ വരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച കണക്കാണിത്. തൊട്ടു മുന്‍പിലത്തെ വര്‍ഷത്തിനേക്കാള്‍ 81 ശതമാനമാണ് വരുമാനത്തിലുണ്ടായ വര്‍ധന. രാജ്യത്തെ മറ്റ് പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്‍റെ ഇരട്ടിയോളം വരും ബിജെപിയുടെ പണപ്പെട്ടിയിലെത്തിയ തുക. പണ്ടേ പണത്തിന് ഒരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയാണ്. പക്ഷെ, ഈ കണക്കുകള്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ബാക്കിയിടുന്നുണ്ട്. ബിജെപിയുടെ സമ്പത്തിന്‍റെ സൂക്ഷിപ്പുകാരാന്‍ ആരാണ് ? ആര്‍ക്കും ഉത്തരമറിയില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ട്രഷറര്‍മാരോ, അല്ലെങ്കില്‍ കണക്കുകള്‍ സൂക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരോ വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചട്ടം. തിരഞ്ഞെടുപ്പ് കമ്മിഷന് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിക്കണം. 2016 –17 ല്‍ ബിജെപി സമര്‍പ്പിച്ച കണക്കുകളില്‍ ട്രഷറര്‍ക്ക് പകരം ഒപ്പിട്ടിരിക്കുന്നത് മറ്റാരോ ആണ്. എന്നാല്‍ കമ്മിഷന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ട്രഷറര്‍ ആരാണെന്ന് ബിജെപിയുടെ വെബ് സൈറ്റില്‍ തിരഞ്ഞാല്‍ ഉത്തരം കിട്ടില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് മുന്‍പുവരെ ബിജെപിയുടെ ട്രഷറര്‍ ചുമതല വഹിച്ചിരുന്നത് പിയുഷ് ഗോയലാണ്. ഇപ്പോഴത്തെ റെയില്‍വേ മന്ത്രി. പിയുഷ് ഗോയലിന് തന്നെയാണോ ഇപ്പോഴും ചുമതലയെന്ന് വ്യക്തമല്ല. അങ്ങിനെയാണെങ്കില്‍ അത് പ്രശ്നമാണ്. കേന്ദ്രമന്ത്രിസഭയില്‍ അംഗമായ വ്യക്തി ഇത്തരം ഒരു പദവി വഹിക്കുന്നത് ശരിയല്ല. ബിജെപി ഭരണഘടനപ്രകാരം ട്രഷററെ നിയമിക്കേണ്ടത് പാര്‍ട്ടി അധ്യക്ഷനാണ്. സംഭാവനകളുടെ കണക്ക് സൂക്ഷിക്കേണ്ടത് ട്രഷററാണ്. ബിജെപി രാജ്യത്തിലേറിയ ശേഷം പാര്‍ട്ടിയുടെ പണപ്പെട്ടിയുടെ കാവല്‍ക്കാരന്‍ ആരാണെന്ന് ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. എല്ലാം മോദി അമിത് ഷാ ദ്വയത്തില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിനുമപ്പുറം ചോദ്യങ്ങളില്ല. ഉത്തരങ്ങളും.

ആരാണ് ബിജെപിയുടെ സമ്പത്തിന്‍റെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്ന ചോദ്യം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പക്ഷെ, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വാസ്യതയ്ക്കുമേല്‍ അടുത്തയിടെ പലപ്പോഴായി സംശയത്തിന്‍റെ നിഴല്‍വീണിട്ടുണ്ട്. പണത്തിനുമീതേ ജനാധിപത്യവും പറക്കില്ലായിരിക്കാം.