പ്രണബ് മുഖര്‍ജി ശരിക്കും ലക്ഷ്യമിടുന്നതെന്താണ്?

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിലൂടെ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശരിക്കും ലക്ഷ്യമിടുന്നതെന്താണ്? മതേതരത്വത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ബഹുധാരകളെക്കുറിച്ചുമുള്ള പ്രഢഗംഭീരമായ പ്രസംഗത്തിനപ്പുറം പ്രണബ് ദായുടെ ഉള്ളിലിരുപ്പെന്താണ്? പഴയ പ്രഥമ പൗരന്‍ നാഗ്പൂരില്‍ പറഞ്ഞ വാക്കുകളുടെ വരികള്‍ക്കടയിലെ രാഷ്ട്രീയ സാധ്യതകള്‍ വായിച്ചെടുത്തുള്ള വിശകലനങ്ങള്‍ പലതാണ്. 

പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന പരിണിത പ്രജ്ഞനായ രാഷ്ട്രീയക്കാരനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ, അദ്ദേഹത്തിന്‍റെ കൗശലത്തിലും സാമര്‍ഥ്യത്തിലും ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ലെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെയാണ് ഒന്നും കാണാതെ പ്രണബ് ദാ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്‍റെ അഞ്ചുപതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ ഉറച്ചുവിശ്വസിക്കുന്നത്. ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയി അവര്‍ക്ക് മതേതരത്വത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ക്ലാസെടുത്തുകൊടുത്തുവെന്ന വിലയിരുത്തല്‍ തീര്‍ത്തും ദുര്‍ബലമാണ്. ആര്‍.എസ്.എസ് സ്ഥാപകനേതാവ് ഹെഡ്ഗേവാറിനെ ഭാരതത്തിന്‍റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ച് ഒപ്പുവെച്ചപ്പോള്‍ പ്രണബ് ഏറ്റെടുത്തത് അപകടകരമായ അതിസാഹസികതയാണ്. സുരക്ഷിതമായ വഴികളിലൂടെ എന്നും സഞ്ചരിച്ചിരുന്ന വ്യക്തി ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്തത് ചിലതെല്ലാം മനസിലുറപ്പിച്ചാണ് എന്നു പറഞ്ഞാല്‍ തെറ്റുപറയാനാകില്ല.  രണ്ട് പദവിയാണ് അദ്ദേഹത്തിന് അപ്രാപ്യമായി തുടരുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി പദവും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. പ്രധാനമന്ത്രി പദം ഏറെ കൊതിച്ചിരുന്നെങ്കിലും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായി. ഒന്നിലധികം തവണ. 

2019ല്‍ പൊതുസമ്മതനായ പ്രധാനമന്ത്രിയായി പ്രണബ് മുഖര്‍ജിയെ പരിഗണിക്കാമെന്ന് ശിവസേന അഭിപ്രായപ്പെട്ടത് ആര്‍.എസ്.എസ് ആസ്ഥാനത്തെ ചടങ്ങിന് പിന്നാലെയാണ്. അച്ഛന്‍ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് മകള്‍ ശര്‍മിഷ്ഠ ഉടന്‍ പ്രതികരിച്ചു. രാഷ്ട്രപതി ഭവന്‍റെ പടവുകള്‍ ഇറങ്ങിയശേഷം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും മമതയില്ലെന്നാണ് പ്രണബിന്‍റെ നയം. സിറ്റിസണ്‍ മുഖര്‍ജിയെന്ന് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പേര്‍ നല്‍കിയതും ഈ നിഷ്പക്ഷത ഉറപ്പിക്കാനാണ്. 

2010 ല്‍ എ.െഎ.സി.സിയുടെ ബുരാരി പ്ലീനറി സെഷനില്‍ ആര്‍എസ്എസും ഭീകരതയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നേതാവാണ്. എട്ട് വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്‍റെ നിലപാടുകള്‍ മയപ്പെട്ടില്ല. മാത്രമല്ല അസഹിഷ്ണുതയുടെ രാഷ്ട്രീയം കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. അപ്പോള്‍ എന്തായിരിക്കാം രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുടെ മനംമാറ്റത്തിന് കാരണം. പ്രസംഗം മറക്കപ്പെടും ദൃശ്യങ്ങള്‍ അവശേഷിക്കുമെന്ന മകളുടെ മുന്നറിയിപ്പ് അദ്ദേഹം വകവെച്ചില്ല. 

പ്രണബ് ആര്‍എസ്എസ് വേദിയിലെത്തുന്നതിന്‍റെ ടൈംമിങ്ങാണ് മറ്റെന്തിനേക്കാളും പ്രസക്തം. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുന്നു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യത്തിന് അരങ്ങൊരുങ്ങുന്നു. മോദി അമിത് ഷാ ദ്വയത്തിനെതിരെ ആര്‍എസ്എസ് നേതൃത്വത്തിനുള്ള അതൃപതിയാണ് പ്രണബിന് നാഗ്പൂരിലേയ്ക്ക് വഴിതുറന്നതെന്ന വിലയിരുത്തലുണ്ട്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതായാല്‍ പ്രണബിന്‍റെ നേതൃത്വത്തില്‍ ആര്‍എസ്എസ് ആശീര്‍വാദത്തോടെ ഒരു സര്‍ക്കാര്‍. അതിനുള്ള നിലമൊരുക്കലായിരുന്നുവത്രേ സംഘശിക്ഷാ വര്‍ഗ്. ഈ വാദത്തിന് അത്ര ബലം പോര.  പ്രണബിന് രാഷ്ട്രപതി ഭവന്‍റെ വാതിലുകള്‍ ഒരിക്കല്‍ കൂടി തുറന്നുകൊടുക്കാനുള്ള നീക്കമായും കാണുന്നവരുണ്ട്. 2021 ല്‍ ബിജെപിക്ക് ഒറ്റയ്ക്ക് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുസമ്മതനെന്ന നിലയില്‍ പ്രണബിന് നറുക്ക് വീണേക്കാം. പ്രണബിന്‍റെ ഭാരത രത്ന മോഹങ്ങളും അഭ്യൂഹമായി ഉയര്‍ന്നുവരുന്നു.

പ്രണബിന്‍റെ ആര്‍എസ്എസ് അടുപ്പം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഒറ്റക്ഷണം കൊണ്ടുണ്ടായതല്ല. രാഷ്ട്രപതിയായിരിക്കെ പ്രണബ് മോഹന്‍ ഭാഗതുമായി പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. 2016 ല്‍ പ്രണബിന്‍റെ കുടുംബവീട്ടില്‍ നടന്ന ദുര്‍ഗ പൂജയില്‍ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. 

ആര്‍.എസ്.എസ് വേദിയിലെ തന്‍റെ സാന്നിധ്യം ഉണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് മറ്റാരേക്കാളും ബോധ്യം പ്രണബിനുണ്ടായിരുന്നു. ആര്‍എസ്എസിനെ വാനോളം പുകഴ്ത്തി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനല്ല പ്രണബ് വരുന്നതെന്ന കൃത്യമായ ബോധ്യം മോഹന്‍ ഭാഗവതിനും ഉണ്ടായിരുന്നു. നാഗ്പൂരില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന്‍റെ ദൃശ്യങ്ങളില്‍ പ്രകടമാണ് മോഹന്‍ ഭാഗവതിനും പ്രണബ് മുഖര്‍ജിക്കുമിടയിലെ ധാരണ. വ്യക്തികള്‍ തമ്മിലല്ല നിലാപടുകള്‍ തമ്മില്‍. പ്രസംഗം പോലും അപ്രിയസത്യങ്ങള്‍ ഒഴിവാക്കിയായിരുന്നു. ഗാന്ധിവധത്തെക്കുറിച്ച് പ്രണബ് പരാമര്‍ശിച്ചതേയില്ല. പ്രണബിന്‍റെ സന്ദര്‍ശനം ബാക്കിയിടുന്ന സൂചനകള്‍ പലതാണ്. ആര്‍എസ്എസിന് സാമൂഹികമായും ബിജെപിക്ക് രാഷ്ട്രീയമായും തുറന്നുകിട്ടുന്ന ചില സാധ്യതകളാണ് പ്രധാനം. കാക്കി പാന്‍റിനും കുറുവടിക്കും അപ്പുറം സംവാദത്തിന്‍റെ ഒരിടം ആര്‍എസ്എസ് തുറന്നിടുന്നുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത് എത്രമാത്രം സത്യസന്ധമാണെന്നത് മറ്റൊരുകാര്യം. പ്രണബുമായി അടുപ്പമുള്ള ചില വ്യവസായപ്രമുഖരുടെ ഇടപെടല്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തിനുപിന്നിലുണ്ടെന്ന വാദങ്ങളുമുണ്ട്. കോണ്‍ഗ്രസിലെ പഴയ ട്രബിള്‍ ഷൂട്ടറുമായി അടുപ്പമുള്ള പ്രാദേശിക പാര്‍ട്ടികളെ ബിജെപി ക്യാംപിലെത്തിക്കാന്‍ ആര്‍എസ്എസ് അരങ്ങൊരുക്കുകയാണെന്ന വിലയിരുത്തലും സജീവം. കളി തുടങ്ങിയിട്ടേ ഉള്ളൂ. കാത്തിരിക്കാം 2019 നായി.