യൂസേഴ്സ് ഫീയുടെ പേരിൽ ‘കൊള്ള’; പ്രതിഷേധവുമായി പ്രവാസികൾ

യൂസേഴ്സ് ഫീയുടെ പേരിൽ പ്രവാസികളെയും രാജ്യാന്തര യാത്രാക്കാരെയും കൊള്ളയടിച്ച് തിരുവനന്തപുരം  രാജ്യാന്തര വിമാനത്താവളം. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണ് തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളം യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. ഇതുകൂടാതെയാണ് ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് വ്യത്യസ്ത തുക യൂസർ ഫീ ഇനത്തിൽ വാങ്ങുന്നത് യാത്രക്കാർക്കായ്  വിമാനത്താവളങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായാണ് യൂസർ ഡെവലപ്മെന്‍റ് ഫീ അഥവാ യുസർ ഫീ ഈടാക്കുന്നത്. ഡിപ്പാർച്ചർ യാത്രക്കാരിൽ നിന്നാണ് സാധാരണ ഇത് ഈടാക്കുന്നത്. ടിക്കറ്റ് നിരക്കിനൊപ്പം ചേർത്ത് വാങ്ങുന്ന തുക ഏറ്റവും കൂടുതൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ്. 

മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരിട്ടി തുകയാണ് ഇവിടെ ഈടാക്കുന്നത്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് പ്രവാസികളെയാണ്. വിദേശരാജ്യങ്ങളിൽനിന്ന്  വിമാന ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് നിലവിൽ നാട്ടിൽ ഈടാക്കുന്നതിന്‍റെ ഇരട്ടി തുകയാണ് വാങ്ങുന്നത്.  യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് പോയി മടങ്ങിവരാൻ ടിക്കറ്റെടുക്കുന്ന യാത്രക്കാരനിൽ നിന്ന് റിട്ടേണ്‍ ടിക്കറ്റിനൊപ്പം യൂസേഴ്സ് ഫീ ഇനത്തിൽ ഈടാക്കുന്ന തുക 120 ദിർഹമാണ്. അതായത് 2600ലേറെ രൂപ. എന്നാൽ ഇതേ ടിക്കറ്റ് ഇന്ത്യയിൽ നിന്നാണ് എടുക്കുന്നതെങ്കിൽ  1262 രൂപയാണ് ചാർജ്.  ഇതര ജിസിസി രാജ്യങ്ങളിൽനിന്നു ഇത്തരത്തിൽ  വിമാന ടിക്കറ്റ് എടുക്കുമ്പോഴും ആനുപാതിക തുക ഈടാക്കുന്നുണ്ട്.

നേരത്തെ യാത്രക്കാരിൽനിന്ന് വിമാനത്താവളം നേരിട്ട് ഈടാക്കിയിരുന്ന തുക വൻ പ്രതിഷേധത്തെ തുടർന്ന് കുറച്ചിരുന്നു. പിന്നീടാണ് അത് വിമാന ടിക്കറ്റിനൊപ്പം ഈടാക്കിത്തുടങ്ങിയത്. അതുകൊണ്ടുതന്നെ ഈയിനത്തിൽ തുക കൂട്ടുന്നത് പലരും  അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. യുഎഇയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന് മടങ്ങിപോവുന്ന ഒരു നാലംഗ കുടുംബ യൂസർ ഫീ ഇനത്തിൽ മാത്രം നൽകേണ്ടി വരുന്ന തുക പതിനായിരം രൂപയിലേറെയാണ്. യഥാർഥനിരക്കിൽ നിന്ന് ഇരട്ടിയിലേറെയാണ് ഇത്. ഇവിടെ ടിക്കറ്റൊന്നിന്  120 ദിർഹം ഈടാക്കുമ്പോൾ, കൊച്ചിയിൽ ഇത് വെറും 30 ദിർഹമാണ്. 

അതായത് 650 രൂപ. കോഴിക്കോട് 40 ദിർഹം. കണ്ണൂരിൽ ഈടാക്കുന്നത് കൊച്ചിയുടെ ഇരിട്ടിയാണ് 60 ദിർഹം. അതേസമയം ഡൽഹി, അഹ്മദാബാദ് വിമാനത്താവളങ്ങളിൽ ഇത്  10 ദിർഹമാണ്. അതായത് വെറും 216 രൂപ.  മുംബൈയിലും മംഗലാപുരത്തും 20 ദിർഹവും  ഹൈദരാബാദ് 40 ദിർഹവും ഈടാക്കുമ്പോൾ  ബെംഗളൂരു 70 ദിർഹം വാങ്ങുന്നത്എന്നാൽ രാജ്യാന്തരയാത്രക്കാരോടുള്ള ഈ വിവേചനം ലെഗസി കാരിയേഴ്സിന് മാത്രമാണ് എന്നുള്ളതും ശ്രദ്ധേയം. ബജറ്റ് വിമാനസർവീസുകളായ എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിലെല്ലാം നാട്ടിലെ അതേ തുകയ്ക്ക് ആനുപാതികമായ തുകയാണ് യുഎഇയിൽ നിന്നും ഈടാക്കുന്നത്. എമിറേറ്റ്സ് അടക്കം ഉള്ള ലെഗസി കാരിയേഴസാണ് വൻ തുക ഈടാക്കുന്നത്. യുസേഴ്സ് ഫീ വിമാനത്താവളം നടത്തിപ്പുകാരിലേക്കാണ് പോവുന്നതെന്നിരിക്കെ വിമാനക്കമ്പനികൾ മനപ്പൂർവം തുക കൂട്ടുന്നതല്ലെന്ന് വ്യക്തം. എവിടെയാണ് പിഴവുണ്ടായതെന്ന് മാത്രം വ്യക്തമല്ല. 2017ൽ നിജപ്പെടുത്തിയ തുകയാണ് യുസേഴ്സ് ഫീ ഇനത്തിൽ എല്ലാ വിമാനക്കമ്പനികളും ടിക്കറ്റിനൊപ്പം ഈടാക്കുന്നത്. ഇതനുസരിച്ച് ബജറ്റ് വിമാനങ്ങൾ ഫീ ചാർജ് ചെയ്യുമ്പോൾ മറ്റ് വിമാനങ്ങളിൽ ഇതെങ്ങനെ ഇരട്ടിയായി നിലനിൽക്കുന്നുവെന്ന ചോദ്യം ബാക്കി നിൽക്കുന്നു. യാത്രക്കാർക്കൊപ്പം വിദേശത്തെ ട്രാവൽ ഏജൻസികളുടെ ബിസിനസിനെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാർക്കും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം നിവേദം നൽകിയിരിക്കുകയാണ് പ്രവാസി സംഘടനകൾ. 

വർഷം 18 ലക്ഷം മുതൽ 20 ലക്ഷം വരെ  യാത്രക്കാരുള്ള വിമാനത്താവളമാണ് തിരുവനന്തപുരം. ഇതിൽ 80 ശതമാനവും വിദേശത്തുനിന്ന് വന്ന് മടങ്ങുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്. ഇത് അനുസരിച്ച് യുസേഴ്സ് ഫീ ഇനത്തിൽ വിമാനത്താവളം കഴിഞ്ഞ അഞ്ചുവർഷമായി കൈപ്പറ്റിയ തുക എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതേസമയം ഉടനെയൊന്നും യൂസേഴ്സ് ഫീയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലാണ് എയർപോർട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിറ്റി. സാധാരണ അഞ്ചുവർഷം കൂടുമ്പോൾ ഫീ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഈ വർഷം മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ഒരു വർഷം കൂടി തൽസ്ഥിതി തുടരാനാണ് തീരുമാനമെന്നാണ് അറിയുന്നത്.