മരുഭൂമിയിൽ പ്രകൃതിയുടെ സ്പന്ദനം തേടി മലയാളി; അതിജീവനം

മരുഭൂമിയിൽ പ്രകൃതിയുടെ സ്പന്ദനം തേടുന്ന ഒരു  മലയാളി ഫോട്ടോഗ്രഫറിനെയാണ് ഇനി പരിചയപ്പെടുന്നത്. തൃശൂർ തൃപ്രയാർ സ്വദേശി സുൽത്താൻ ഖാൻ. കോവിഡ് കാലത്തെ അതിജീവനത്തിൻറെ സാക്ഷ്യം കൂടിയാണ് സുൽത്താൻ ഖാൻ ഒരുക്കിയ ഈ വിഡിയോ.

പ്രതികൂല കാലാവസ്ഥയിൽ പൊടിയും പൊടിമഞ്ഞും ചൂടും ഈർപ്പവുമൊക്കെ നിറഞ്ഞ അന്തരീക്ഷമൊരുക്കിയ വെല്ലുവിളികളെ അതിജീവിച്ചാണ് സുൽത്താൻ ഖാൻ ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. മൂന്നാഴ്ചയോളം റാസൽഖൈമയിലും ഷാർജയിലുമായിട്ടായിരുന്നു ചിത്രീകരണം. സന്തത സഹചാരിയായ ജീപ്പിനും നിക്കോൺ കമ്പനി സമ്മാനിച്ച Z6 ക്യാമറയുമായി ഒറ്റയ്ക്കായിരുന്നു മലയും താഴ്വരയും മരുഭൂമിയും ചുറ്റിയുള്ള യാത്ര.

മഹാമാരി കാരണം മാസങ്ങളോളം പുറത്തിറങ്ങാനാകാതിരുന്ന അവസ്ഥ. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും നടക്കാത്ത സാഹചര്യം. അതിലുപരി വരുമാനത്തിൻറേതടക്കമുള്ള ആശങ്കകളിൽ നിന്നും അതിജീവനത്തിൻറെയും തീഷ്ണതയുടേയും സാക്ഷ്യം കൂടിയാണ് ഈ ദൃശ്യങ്ങൾ.

സൂര്യനുദിക്കും മുൻപ് പ്രകൃതിയേലേക്ക് തിരിച്ച ക്യാമറക്കണ്ണുകൾ മിഴിപൂട്ടിയത് നക്ഷത്രങ്ങൾ നിറഞ്ഞ രാവിൻറെ ഫ്രെയിമോടെയാണ്.   20 വർഷങ്ങൾക്കു മുൻപ് യുഎഇയിൽ ഇലക്ട്രിക്കൽ എൻജിനീയറായെത്തിയ സുൽത്താൻ ഖാൻ മറ്റു ജോലികളെല്ലാം വിട്ടാണ് ഫോട്ടോഗ്രഫിയിലേക്കും തുടർന്ന് വിഡിയോഗ്രഫിയിലേക്കും തിരിഞ്ഞത്. പ്രകൃതിയോടൊപ്പമുള്ള യാത്രകളെയാണ് പ്രണിയിക്കുന്നത്. അതിനാലാവാം  കാണാകാഴ്ചകള്‍ തേടിയുള്ള ഓരോ യാത്രയിലും അത്യപൂര്‍വ ദൃശ്യങ്ങള്‍ ഒരുക്കിയാണ് പ്രകൃതി സുല്‍ത്താനെ കൂടെക്കൂട്ടുന്നത്.