കൂടുതൽ ജനകീയം, സേവനങ്ങൾ വേഗത്തില്‍; 'സ്മാർട്ടായി' ദുബായ് പൊലീസ് സ്റ്റേഷൻ

ലോകത്തിലെ എറ്റവും മികച്ച പൊലീസ് സംവിധാനമാണ് ദുബായിലേത്. ഏറ്റവും വേഗത്തിൽ കൃത്യമായ സേവനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസിൻറെ പ്രവർത്തനം. സേവനങ്ങൾ ഓൺലൈനായി നൽകുന്ന ദുബായ് മുറഖാബാദ് സ്മാർട് പൊലീസ് സ്റ്റേഷനിലെ കാഴ്ചകളാണ് ഇനി പരിചയപ്പെടുന്നത്. 

ദുബായ് എമിറേറ്റിലെ അഞ്ചാമത്തെ സ്മാർട് പൊലീസ് സ്റ്റേഷനാണ് മുറഖാബാദ് പൊലീസ് സ്റ്റേഷൻ. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി സാധാരണ പൊലീസ് സ്റ്റേഷനെ സ്മാർട് പൊലീസ് സ്റ്റേഷനായി ഒരുക്കിയിരിക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ച. മടുപ്പിക്കുന്ന ഫയൽ കെട്ടുകൾ ഇല്ലാതെ കടലാസ് രഹിതമായ പൊലീസ് സ്റ്റേഷൻ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തിയാണ് മുറഖാബാദ് സ്മാർട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം വിലയിരുത്തിയത്. 

യുഎഇയിൽ താമസിക്കുന്ന ആർക്കും, പ്രവാസിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ ഈ പൊലീസ് സ്റ്റേഷനെ സമീപിക്കാം. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പരാതിപ്പെടാം. സന്ദർശക വീസയിലെത്തുന്നവർക്കു പാസ്പോർ്ട് അടക്കമുള്ള രേഖകൾ ഹാജരാക്കി പരാതി നൽകാം. സ്റ്റേഷനിലേക്കു കയറുമ്പോൾ കാണുന്ന സ്ക്രീനിലാണ് എമിറേറ്റ്സ് ഐഡി ഹാജരാക്കി റജിസ്റ്റർ ചെയ്യേണ്ടത്. ലഭിക്കുന്ന എല്ലാ സേവനങ്ങളെക്കുറിച്ചുള്ള വിവിരങ്ങളും ഇവിടെ അറിയാം. ആരെ, എവിടെ ബന്ധപ്പെടണമെന്നും സേവന നിരക്ക് എത്രയാണെന്നും കൃത്യമായി മനസിലാകുന്നതാണ് സംവിധാനം. ആദ്യമായി എത്തുന്നവർ റജിസ്റ്റർ ചെയ്ത ശേഷം എവിടേക്കാണ് പോകേണ്ടതെന്നു തറയിലെ ചുവപ്പു സ്ക്രീനിൽ വര തെളിയും. ആ  വരയിലൂടെ നടന്നു പരാതി അറിയിക്കാനുള്ള മുറിയിലെത്താം.

പരാതി അറിയിക്കാനുള്ള മുറിയിൽ പ്രവേശിച്ച് അഞ്ചു നിമിഷത്തിനുള്ളിൽ പുറത്തു നിന്നുള്ളവർക്ക് കാണാനാകാത്ത സംവിധാനത്തിലേക്കു മാറും. പരാതിക്കാരുടെ സ്വകാര്യത സൂക്ഷിക്കാനാണിത്. മുറിക്കുള്ളിലെ യന്ത്രത്തിൽ തിരിച്ചറിയൽ രേഖ സ്കാൻ ചെയ്യാം. ബയോ മെട്രിക് സംവിധാനവും പാസ്പോർടും തിരിച്ചറിയലിനായി ഉപയോഗിക്കാം. ആവശ്യമുള്ള സേവനങ്ങൾക്കു നേരെ വിരൽ അമർത്തിയാൽ പൊലീസിന്റെ കേന്ദ്ര സംവിധാനത്തിലേക്കു സന്ദേശം കൈമാറും. അവിടെ ഉദ്യോഗസ്ഥൻ വീഡിയോ കോൺഫറൻസിലൂടെ നിങ്ങളുടെ പരാതി കേൾക്കുകയും പരമാവധി 15 മിനിട്ടിനുള്ളിൽ നടപടി ഉറപ്പാക്കുകയും ചെയ്യും. 

പ്രധാനമായും 27 സേവനങ്ങളാണ് സ്മാർട് സ്റ്റേഷൻ വഴി ലഭിക്കുക. ഇതിനൊപ്പം 33 ചെറിയ അനുബന്ധ സേവനങ്ങളും ലഭ്യമാണ്. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനും ട്രാഫിക് പിഴ അടയ്ക്കാനും ഇവിടെ സൗകര്യമുണ്ട്. ഭിന്നശേഷിക്കാർക്കു ബുദ്ധിമുട്ടുകലില്ലാതെ പരാതിപ്പെടാനും സൌകര്യമുണ്ട്. ഇംഗ്ളീഷ്, അറബിക്, ചൈനീസ് തുടങ്ങി ഏഴു ഭാഷകളിൽ സേവനം ലഭ്യമാണ്.

സ്മാർട് സ്റ്റേഷൻ കൂടുതൽ ജനകീയമാക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുറഖാബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേ. അലി അഹമ്മദ് അബ്ദുല്ല ഘാനം വ്യക്തമാക്കുന്നു. എടിഎം, ഗ്രന്ഥശാല എന്നിവയും പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. പൊലീസ് സേവനങ്ങൾ കൃത്യമായി നീതിപൂർവം ലഭിക്കുകയെന്നതെന്നത് യുഎഇയിൽ താമസിക്കുന്ന എല്ലാവരുടേയും അവകാശമാണെന്ന ഭരണാധികാരികളുടെ വീക്ഷണമാണ് സ്മാർട് പൊലീസ് സ്റ്റേഷൻ സംവിധാനത്തിലൂടെ പ്രാവർത്തികമാകുന്നത്.