കേരളത്തിന്റെ കലയും സംസ്ക്കാരവും അടുത്തറിയാൻ വേനലവധി ക്യാംപുകൾ

സ്കൂളുകളിൽ അവധി തുടങ്ങിയിട്ടും നാട്ടിലേക്കു പോകാനാവാതെ പ്രവാസലോകത്തു മാതാപിതാക്കൾക്കൊപ്പം കഴിയുന്ന കുട്ടികളേറെയുണ്ട്. മാതാപിതാക്കൾ ജോലിതിരക്കിലമരുമ്പോൾ അത്തരം കുട്ടികൾക്കു ആശ്വാസമാകുന്നത് വേനലവധി ക്യാംപുകൾ. 

നാട്ടിലെ വേനലവധിക്കാലങ്ങൾ കുട്ടികൾക്കെന്നും പ്രിയപ്പെട്ടതാണ്. പഠിപ്പിൻറേയും പരീക്ഷയുടേയും ടെൻഷനൊക്കെ മറക്കുന്ന ആഘോഷദിനങ്ങൾ. പ്രവാസലോകത്തെ വേനലവധിക്കാലത്തും കുട്ടികൾ മാതാപിതാക്കൾക്കൊപ്പം നാട്ടിലേക്കു പോകാറുണ്ട്. പക്ഷേ, വിമാനടിക്കറ്റു നിരക്കിലെ വർധനയും മാതാപിതാക്കളുടെ ജോലിത്തിരക്കുമൊക്കെ കാരണം നാട്ടിലേക്കു പോകാനാകാത്ത കുട്ടികളും ഇവിടെയുണ്ട്. അത്തരക്കാർക്കുവേണ്ടിയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വേനലവധി ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലല്ലെങ്കിലും മലയാള നാടിനെ അടുത്തറിയുന്ന ആഘോഷങ്ങളാണ് ക്യാംപുകളിലൊരുക്കിയിരിക്കുന്നത്. കലാകായിക വാസനങ്ങൾ പരിപോഷിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ക്യാംപുകൾ കുട്ടികൾക്ക് ആവേശമാണ്. കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് അബുദാബിയിലെ  ക്യാംപുകളിൽ പങ്കെടുക്കുന്നത്. 

അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ, കേരളാസോഷ്യൽ സെന്റർ, മലയാളിസമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ തുടങ്ങി നിരവധി സംഘടനകളുടെ മേൽനോട്ടത്തിലാണ് സമ്മർക്യാമ്പുകൾ പുരോഗമിക്കുന്നത്. സിസ്ലിങ് സമ്മർക്യാമ്പ്  എന് പേരിൽ ഇന്ത്യ സോഷ്യൽ സെൻററിൽ തുടരുന്ന ക്യാംപിൽ പരിസ്ഥിതി ജൈവവൈവിധ്യ ബോധവൽക്കരണം, അബുദാബി പൊലീസിൻറെ വി.ആർ.ഓൾ പൊലീസ് എന്ന പഠന ക്യാംപ്, വിനോദയാത്രകൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ കലാ സാഹിത്യ, ശാസ്ത്ര, സാമൂഹിക അഭിരുചികൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പരിപാടികളാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലെ ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും, പാചക മത്സരങ്ങളും കോർത്തിണക്കിയ  ക്യാമ്പ് കുട്ടികൾക്ക് ആവേശമാകുകയാണ്. വിനോദങ്ങളിലൂടെ കുട്ടികളിലേക്ക് അറിവു പകരാനും കേരളത്തിന്റെ കലയും സംസ്ക്കാരവും പരിചയപ്പെടാനുമുള്ള അവസരമാണ് ഓരോ ക്യാംപുകളും.