ഇഷ്ടടീമിനായി അവരുടെ ഭാഷയിൽ സംഗീതാർച്ചന; മലയാളിവിദ്യാർഥിനിയുടെ വേറിട്ട ഫുട്ബോൾ ആരാധന

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ഫിഫ പുറത്തിറക്കുന്ന ഔദ്യോഗിക ഗാനങ്ങൾ സൂപ്പർഹിറ്റ് ആകാറുണ്ട്. ഷക്കീറയും വിൽ സ്മിത്തുമൊക്കെ പാടിയ ഗാനങ്ങൾ നമ്മൾ മലയാളികൾ അടക്കമുള്ളവർ ആഘോഷങ്ങളുടെയും ആവേശത്തിന്റേയും ഭാഗമാക്കാറുമുണ്ട്. പറഞ്ഞുവരുന്നത്, ഫുട്ബോളും സംഗീതവുമായുള്ള ബന്ധമാണ്. അത്തരത്തിൽ ഒരു മലയാളി വിദ്യാർഥിനി ഇവിടെ ഗൾഫിൽ ലോകകപ്പ് ടീമുകൾക്കായി വിവിധ ഭാഷകളിൽ പാട്ടുപാടി ഹിറ്റായിരിക്കുകയാണ്.

ലോകകപ്പ് ഫുട്ബോളിന് ഏറ്റവുമധികം ആരാധകരുള്ളത് യു.എ.ഇയിലാണെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉപജീവനമാർഗം തേടുന്ന യു.എ.ഇയിൽ എല്ലാ രാജ്യങ്ങൾക്കും ആരാധകരുണ്ട്. കൂറ്റൻ സ്ക്രീനുകളിലും വീടുകളിലും മാളുകളിലുമൊക്കെയായി ആരാധകർ ആവേശത്തിൽ അലിഞ്ഞുചേരുകയാണ്. ഇത്തരം കളി ആവേശങ്ങൾക്കിടയിലാണ് മലയാളിയായ സുചേത സതീഷ് എന്ന പന്ത്രണ്ടുവയസുകാരി വ്യത്യസ്തയാകുന്നത്. ലോകകപ്പ് ടീമുകൾക്കായി അക്ഷരാർഥത്തിൽ സംഗീതാർച്ചന നടത്തുകയാണ് സുചേത. പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും വേണ്ടി അവരുടെ പ്രാദേശിക ഭാഷയിൽ ഗാനമാലപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് സംഗീതത്തോടും ഫുട്ബോളിനോടുമുള്ള ആരാധന പങ്കുവയ്ക്കുന്നത്.  

ഓരോ രാജ്യത്തും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഗാനമാലപിക്കാൻ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം പതിനൊന്നുമുതൽ സുചേതയുടെ ഫേസ്ബുക്ക് പേജ് ലോകകപ്പ് ഗാനങ്ങളാൽ സജീവമാണ്. മുപ്പതിലധികം ഗാനങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഓരോ രാജ്യങ്ങൾക്കും വിജയം നേർന്നാണ് പാട്ടുപാടുന്നതെങ്കിലും സുചേതയുടെ പ്രിയപ്പെട്ട ടീം ബ്രസീലാണ്. അതിനാൽ തന്നെ ആദ്യഗാനം ബ്രസീലിന് വിജയാശംസ നേർന്നുകൊണ്ടായിരുന്നു.

മെസിയും റൊണാൾഡോയുമാണ് ഇഷ്ടതാരങ്ങൾ. ഓരോ രാജ്യത്തിന്റേയും ജഴ്സി അണിഞ്ഞാണ് സംഗീതാർച്ചന. സംഗീതത്തിനും സ്പോർട്സിനും പരിമിതികളില്ലെന്നതിന്റെ നേർസാക്ഷ്യമാണ് ഈ ദുബായ് മലയാളിയായ ബാലിക . പ്രായം, ഭാഷ, മതം, ഇവയൊന്നും മതിലുകളല്ല...

അരമണിക്കൂർ മുതൽ രണ്ടുമണിക്കൂർ വരെ സമയം കൊണ്ടാണ് പാട്ട് പഠിക്കുന്നത്. ഫുട്ബോൾ ആരാധകനായ ചേട്ടൻ സുശാന്താണ് സുചേതയ്ക്ക് ഇക്കാര്യത്തിൽ വഴികാട്ടി. ടീമിനെക്കുറിച്ചും കളിക്കാരെക്കുറിച്ചുമുള്ള വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതും ചേട്ടനാണ്. 

സുചേതയുടെ മാതാപിതാക്കളായ ഡോക്ടർ സതീഷും അമ്മ സുമതിയും പാട്ട് തിരഞ്ഞെടുക്കാനും വിഡിയോ എഡിറ്റ് ചെയ്യാനും പ്രചോദനമായി കൂടെയുണ്ട്. കണ്ണൂർ എളയാവൂർ സ്വദേശിയായ ഡോ സതീഷ് ദുബായിൽ ചർമരോഗവിദഗ്ധനാണ്. 

സംഗീതത്തിൽ ഇതിനു മുൻപും സുചേത വിസ്മയം തീർത്തിട്ടുണ്ട്. ആറരമണിക്കൂർ തുടർച്ചയായി 102 ഭാഷകളിൽ പാട്ട് പാടി രണ്ട് ലോക റെക്കോർഡും സ്വന്തം പേരിലാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. ദുബായ് ഓപ്പറ ഹൌസിലടക്കം വിവിധ വേദികളിലും സുചേത പാട്ടിന്റെ വിസ്മയം തീർത്തിട്ടുണ്ട്.