മഴയത്തിറങ്ങിയ നാടൻ പ്രസിഡൻറ്; ആഘോഷിച്ച് കേരള ട്രോളർമാരും; ചിത്രങ്ങൾ

ലോകകപ്പ് ഫൈനലിന് രണ്ടുദിവസങ്ങൾക്കിപ്പുറവും ആവേശത്തിന് ഒരു കുറവുമില്ല. ആവേശം അലതല്ലിയ ഫ്രാൻസ്-ക്രൊയേഷ്യ ഫൈനല്‍ ചർച്ചകളിലാണ് ഫുട്ബോൾ ലോകം. മത്സരത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ആയിരുന്നു ശ്രദ്ധാകേന്ദ്രം. ഇതിൽ ക്രൊയേഷ്യയുടെ പ്രായം കുറഞ്ഞ വനിതാ പ്രസിഡന്റ് കൊളിൻഡ ഗ്രാബർ കിടാരോവിച്ചിന് ഇങ്ങ് കേരളത്തിലും ആരാധകർ ഏറെയാണ്.

സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ ഗാലറിയിൽ നൃത്തം ചെയ്താണ് കൊളിൻഡ ആഘോഷിച്ചത്. ഫൈനലിൽ ഫ്രാൻസിനെതിരെ തോറ്റപ്പോഴും കട്ട സപ്പോർട്ടായി ക്രൊയേഷ്യക്കൊപ്പം നിന്നു കൊളിൻഡ. താരങ്ങളെ കെട്ടിപ്പിടിച്ചും സമാധാനിപ്പിച്ചും കൊളിൻഡ ലോകമെങ്ങുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി. ക്രൊയേഷ്യൻ താരങ്ങളെ ആശ്വസിപ്പിച്ച പ്രസിഡന്റ് ഫ്രാൻസ് താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല.

ക്രൊയേഷ്യൻ ജഴ്സിയണിഞ്ഞ് കളികാണാനെത്തിയ കൊളിൻഡ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിനൊപ്പമാണ് കളികണ്ടത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഒപ്പമുണ്ടായിരുന്നു. അൻപതുകാരിയായ കൊളിന്‍ഡ് ലോകത്തെ ഏറ്റവും സ്റ്റൈലിഷ് ആയ വനിതാനേതാക്കളിലൊരാള്‍ കൂടിയാണ്. 

ഇതുപോലൊരു നേതാവാണ് ഓരോ ടീമിന്റെയും സ്വപ്നമെന്ന് പറഞ്ഞ് ട്രോളന്മാരും കൊളിൻഡക്ക് പിന്തുണയുമായെത്തി. ഫ്രാൻസിന്റെ ജയത്തിൽ പ്രസിഡന്റ് മക്രോണിന്റെ ആഹ്ലാദപ്രകടനവും ഇന്റർനെറ്റിൽ വൈറലായിരുന്നു. കനത്ത മഴയെ അവഗണിച്ചും മക്രോൺ ഗ്രൗണ്ടിലെത്തിയിരുന്നു.