നാട്ടുരാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന നിസ്വ കോട്ട

ഒമാന്റെ ചരിത്രത്തിൽ കോട്ടയുടെയും നാട്ടു രാജ്യങ്ങളുടെയും കഥകൾ ഏറെയുണ്ട്. അത്തരമൊരു കോട്ടയിലേക്കാണ് ഇന്ന് നമ്മുടെ യാത്ര. ഒമാന്റെ സാംസ്കാരിക തലസ്ഥാനമായ നിസ്വയിലെ കോട്ടയിലേക്ക്.

മസ്കറ്റിൽനിന്നും 160 കിലോമീറ്റർ സഞ്ചരിച്ചാൽ നിസ്വ എന്ന ഒമാനി പട്ടണത്തിൽ എത്താം. ഒമാന്റെ സാംസ്കാരിക തലസ്ഥാനമായ  നിസ്വയുടെ ഓരോ കോണിലും പൗരാണികതയുടെ പ്രൗഢിയുണ്ട്.  

ഏഴാം നൂറ്റാണ്ടിൽ ഇമാം സുൽത്താൻ ബിൻ സൈഫ് അൽ യബ്രി പണികഴിപ്പിച്ച കോട്ടയാണ് ഇന്ന് നിസ്വ ഫോർട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ നീണ്ട കോട്ട പൂർത്തിയാക്കാൻ 12 വർഷം വേണ്ടിവന്നു. ചരിത്രം പേറുന്ന കോട്ട ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ സംരക്ഷിക്കുന്നത്. 

ഇമാമിനും കുടുംബത്തിനും താമസിക്കാനുള്ള മജിലിസുകളും ഇതിനകത്തുണ്ട്.  ശത്രുക്കളെ ചുറ്റുംനിന്ന് പ്രതിരോധിക്കാവുന്ന വിധം വൃത്താകൃതിയില്അതീവ സുരക്ഷാ സംവിധാങ്ങളോടെയാണ് കോട്ട നിർമിച്ചിരിക്കുന്നത്. കുറ്റവാളികളെ പാർപ്പിക്കാനുള്ള തടവറകളും ഇതിനകത്തുണ്ട്. സ്വദേശികളും വിദേശികളും വിദ്യാർഥികളും അടക്കം ദിവസേന നിരവധി സന്ദർശകരും ഇവിടെ എത്തുന്നു. 

കോട്ടയോട് ചേർന്നുള്ള പരമ്പരാഗത ചന്തകളാണ് മറ്റൊരു ആകർഷണം. പഴം, പച്ചക്കറി, മത്സ്യ ചന്തകൾക്ക് പുറമെ വെള്ളിയാഴ്ചകളിൽ കന്നുകാലി ചന്തയുമുണ്ട്. കോട്ടയോട് ചേർന്നുള്ള സൂഖും സഞ്ചാരികളെ പൈതൃകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പഴയകാല ആഭരണങ്ങളും മുത്തുകളും എന്നുവേണ്ട കളിമൺ പാത്രങ്ങൾ വരെ ഇവിടെ കിട്ടും. ചരിത്രപ്രസിദ്ധമായ കോട്ടയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഒമാൻ സർക്കാർ.