ഒമാനിലെ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറും

ഒമാനിലെ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറാനൊരുങ്ങി ആരോഗ്യവകുപ്പ്. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ ഫിറ്റ്നസ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. മസ്കറ്റിലായിരിക്കും ആദ്യ കേന്ദ്രം സ്ഥാപിക്കുന്നത്.

നിലവിൽ ആരോഗ്യ വകുപ്പിൻറെ കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലാണ് റസിഡന്റ്  കാർഡിനായുള്ള വിദേശികളുടെ വൈദ്യപരിശോധന നടക്കുന്നത്. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ഫിറ്റ്നസ് കേന്ദ്രങ്ങളിലൂടെയായിരിക്കും ഇനി പുതുതായി റസിഡൻറ് കാർഡിന് അപേക്ഷിക്കുന്നവർക്കും പുതുക്കാൻ അപേക്ഷിക്കുന്നവർക്കുമുള്ള വൈദ്യ പരിശോധന. നൂതന ആരോഗ്യ പരിശോധന സംവിധാനമാകും ഇവിടെയുണ്ടാവുകയെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. മസ്ക്കറ്റിലെ കേന്ദ്രത്തിൻറെ പ്രവർത്തനമനുസരിച്ചായിരിക്കും മറ്റു സ്ഥലങ്ങളിലേക്കു ഫിറ്റ്നസ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത്. റോയൽ ഒമാൻ പൊലീസ് അടക്കം വിവിധ വകുപ്പുകളുമായി ഈ കേന്ദ്രത്തിലെ സംവിധാനങ്ങളെ ഏകോപിപ്പിക്കും. വൈദ്യ പരിശോധനാ ഫലം റോയൽ ഒമാൻ പൊലീസിന്റെ പാസ്പോർട്ട്സ് ആന്‍റ് റസിഡൻസസ് സംവിധാനത്തിലേക്ക് അയക്കും. പൊലീസ് പരിശോധിച്ച ശേഷമായിരിക്കും പ്രവാസികൾക്കു റസിഡൻറ് കാർഡ് അനുവദിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒമാനിലെ ആരോഗ്യ മേഖല കൂടുതൽ കാര്യക്ഷമമാകുമെന്നാണ് ആരോഗ്യവകുപ്പിൻറെ പ്രതീക്ഷ.