ചരിത്രത്തിലാദ്യമായി ഭൂമിയിൽ ഇതുവരെ നിലവിലില്ലാത്ത ഒരു വൈറസിനെ AI ഉണ്ടാക്കിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ശാസ്ത്രലോകത്തുനിന്ന് പുറത്തുവരുന്നത്.
അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോ എൻജിനീയറായ ഡോക്ടർ ബ്രയാൻ ഹൈയും സംഘവും ചേർന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ലാബിനുള്ളിൽ വൈറസിനെ നിർമിച്ചത്. Science ജേണലിൽ പ്രസിദ്ധീകരിച്ച ഈ നിർണായക കണ്ടെത്തലിൽ പറയുന്നതനുസരിച്ച്, 'Evo 1', 'Evo 2' എന്ന് പേരുള്ള, ലാർജ് ലാംഗ്വേജ് മോഡലുകൾക്ക് സമാനമായ ജനറ്റിക് മോഡലുകളാണ് ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗപ്പെടുത്തിയത്.
ഒരു മനുഷ്യന് ഏറ്റവും അടുത്ത ആളുകളായി കാണാൻ പറ്റുന്നത് വെറും 5 ആളുകളെ മാത്രമാണ്...
ബാക്ടീരിയകളെ മാത്രം ആക്രമിച്ച് നശിപ്പിക്കുന്ന ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന ഏകദേശം ഇരുപത് ലക്ഷത്തോളം വൈറസുകളുടെ ജനറ്റിക് കോഡുകൾ പഠിച്ച ശേഷമായിരുന്നു വൈറസിന്റെ ഡിഎൻഎ ഡിസൈൻ. എന്നാൽ, അപകടകരമായ സാഹചര്യം ഒഴിവാക്കാൻ മനുഷ്യരെയോ മൃഗങ്ങളെയോ സസ്യങ്ങളെയോ ബാധിക്കുന്ന വൈറസുകളുടെ വിവരങ്ങൾ ഈ AI മോഡലിന്റെ ട്രെയിനിംഗിൽ നിന്ന് ശാസ്ത്രജ്ഞർ ബോധപൂർവം ഒഴിവാക്കുകയും ചെയ്തിരുന്നു.
തുടർന്ന് AI ഡിസൈൻ ചെയ്ത ആയിരക്കണക്കിന് ജനറ്റിക് കോഡുകളിൽ നിന്ന് ഏകദേശം മുന്നൂറോളം എണ്ണം തിരഞ്ഞെടുത്ത് ലാബിലെ ബാക്ടീരിയകളിലേക്ക് കടത്തിവിട്ട് പരിശോധിച്ചപ്പോൾ, അതിൽ നിന്ന് 16 പുതിയ വൈറസുകൾ വിജയകരമായി ജീവനോടെ പുറത്തുവന്നു. ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം, ഇവ ഇന്നത്തെ മരുന്നുകൾക്കൊന്നും വഴങ്ങാത്ത, ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉള്ള ഇ-കോളി ബാക്ടീരിയകളെ പോലും വളരെ പെട്ടെന്ന് തന്നെ നശിപ്പിച്ചുവെന്നതാണ്.
സാധാരണ മരുന്നുകൾ ഫലിക്കാത്ത സൂപ്പർബഗ്ഗുകൾക്കും മാരക രോഗങ്ങൾക്കും എതിരെയുള്ള ചികിത്സയിൽ വലിയൊരു വിപ്ലവത്തിന് ഇത് വഴിവെക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. എന്നാൽ, ഇത്തരത്തിൽ കൃത്രിമമായി ഒരു വൈറസിന്റെ ഡിഎൻഎ നിർമിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമെന്ന് തെളിഞ്ഞതോടെ, നാളെ മനുഷ്യരെയോ ഈ പ്രകൃതിയെ തന്നെയോ നശിപ്പിക്കാൻ ശേഷിയുള്ള ഒരു വൈറസിനെ AI ഉണ്ടാക്കുമോ എന്ന ആശങ്ക മറുഭാഗത്ത് ഉയരുന്നുണ്ട്.
അങ്ങനെ സംഭവിച്ചാൽ, അതിനെ തടയാൻ ഇന്നത്തെ ഒരു മെഡിക്കൽ സാങ്കേതികവിദ്യക്കും കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, ഡിഎൻഎ സിന്തസിസ് നടക്കുന്ന ഘട്ടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് കിംഗ്സ് കോളേജ് ലണ്ടനിലെ ബയോസെക്യൂരിറ്റി വിദഗ്ധയായ ഡോക്ടർ ഫിലിപ്പ ലെന്റ്സോസ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, വാർത്തകൾ പുറത്തുവന്നതോടെ മനുഷ്യരാശിയുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. കോവിഡ് വൈറസ് ലാബ് ലീക്ക് വിവാദങ്ങൾ ചൂണ്ടിക്കാണിച്ച്, മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാൻ പോകുന്ന അടുത്ത സോംബി വൈറസിനെയാണോ ഇവർ ലാബിൽ ഉണ്ടാക്കുന്നത് എന്ന് ആളുകൾ ചോദിക്കുന്നു.
കൂടാതെ, മനുഷ്യന്റെ ചരിത്രത്തിൽ കണ്ടുപിടിക്കപ്പെട്ട എല്ലാ സാങ്കേതികവിദ്യകളും ഒടുവിൽ മാരക ആയുധങ്ങളായി മാറിയതുപോലെ, ഇതും ഭാവിയിൽ ഒരു ബയോ വെപ്പണായി മാറിയേക്കാം എന്ന ആശങ്കയും ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്.