കാർഷിക സർവകലാശാല വന്യജീവി പഠന വിഭാഗം മേധാവി ഡോക്ടർ പി.ഒ. നമീറിന്‍റെ 'മാമൽസ് ഓഫ് ഇന്ത്യ' എന്ന ഗ്രന്ഥത്തിലുള്ളത് 450 ലേറെ സസ്തനികളെക്കുറിച്ചുള്ള വിവരങ്ങളാണ്. 1000 പേജുള്ള ഈ പുസ്തകം തയ്യാറാക്കാൻ ഒരു പതിറ്റാണ്ട് എടുത്തു.
78 വർഷത്തിനു ശേഷമിറങ്ങുന്ന അപൂർവ ഗ്രന്ഥം. ബ്രിട്ടീഷുകാരൻ എസ്. എച്ച് പ്രാർട്ടറിന്‍റെ 'ദ ബുക്ക് ഓഫ് ഇന്ത്യൻ ആനിമൽസ്' ന്‍റെ പിൻഗാമി. 1948 ലെ പുസ്തകത്തിൽ 171 സസ്തനികളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും ചെറിയ നൊച്ചെലി മുതൽ ഏറ്റവും വലിയ തിമിംഗലംവരെ ഈ മലയാളി ഗവേഷകന്‍റെ പുസ്തകത്തിലുണ്ട്. ഇന്ത്യ മൊത്തം ചുറ്റി 10 വർഷത്തിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് പുസ്തകമെഴുതിയത്.
ഓരോ സസ്തനിയുടെയും രേഖാചിത്രങ്ങൾ, ആവാസവ്യവസ്ഥ, ശാരീരിക സവിശേഷതകൾ, സംരക്ഷണ നില തുടങ്ങി സമഗ്ര വിവരങ്ങൾ ഗ്രന്ഥത്തിലുണ്ട്. വന്യജീവി പഠനത്തിലെ ഒരു പ്രധാന റഫറൻസായി മാറുകയാണ് 'മാമൽസ് ഓഫ് ഇന്ത്യ'.