ai-advice-gone-wrong-china-farmer

സംശയങ്ങൾ തീർക്കാനോ അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തെപ്പറ്റി അറിയാനോ AI ടൂളുകളെ ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, AI ടൂളുകൾ പറയുന്നതെന്തും കണ്ണും പൂട്ടി വിശ്വസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു വാർത്തയാണ് ചൈനയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. 

ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ചൂഷൗവിൽ നിന്നുള്ള 67 വയസ്സുകാരനായ വു എന്ന കർഷകൻ തന്റെ കൃഷിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ AI യോട് ചോദിച്ചു. AI ചാറ്റ്ബോട്ടിന്റെ തെറ്റായ ഉപദേശം അയാൾ പൂർണമായി വിശ്വസിച്ച് അതനുസരിച്ച് കാര്യങ്ങൾ ചെയ്തു. എന്നാൽ, അതിൽ നിന്നുണ്ടായ ഫലമാകട്ടെ, വെറും ഒറ്റ രാത്രികൊണ്ട് തന്റെ 25 ഏക്കറോളം വരുന്ന എള്ള് കൃഷി മുഴുവനായും നശിച്ച ഒരു വൻ ആപത്ത്. 

കഴിഞ്ഞ ഒരു വർഷത്തോളമായി കൃഷി ആവശ്യങ്ങൾക്കായി ഈ AI ആപ്പ് ഉപയോഗിച്ചിരുന്ന അദ്ദേഹം, തന്റെ പാടത്തെ കളകളും കീടങ്ങളെയും നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെനന്നായിരുന്നു ചാറ്റ് ബോട്ടിനോട് ചോദിച്ചത്. 

എന്നാൽ, എള്ള് ചെടികൾക്ക് ഒട്ടും അനുയോജ്യമല്ലാത്തതും അപകടകരവുമായ ബ്രോഡ്‌ലീഫ് കളനാശിനി ഉപയോഗിക്കാനാണ് AI ഉപദേശിച്ചത്. ഇത് എള്ളിന് ദോഷകരമാണെന്നോ ചെറിയൊരു ഭാഗത്ത് മാത്രം പരീക്ഷിച്ചു നോക്കണമെന്നോ ഉള്ള യാതൊരു ശാസ്ത്രീയ മുന്നറിയിപ്പും ചാറ്റ്ബോട്ട് നൽകിയതുമില്ല. 

AI ഉപദേശിച്ച അതേ അളവിൽ തന്നെ മരുന്ന് തളിച്ച വു, അടുത്ത ദിവസം രാവിലെ പാടത്തെത്തിയപ്പോൾ കണ്ടത് മുഴുവൻ ചെടികളും കരിഞ്ഞുണങ്ങി നശിച്ച ദയനീയ കാഴ്ചയായിരുന്നു. പിന്നീട് ദുരന്തമുണ്ടായ ശേഷം ഇതിന്റെ കാരണം വീണ്ടും AI യോട് ചോദിച്ചപ്പോൾ, ആ കളനാശിനി എള്ള് ചെടികൾക്ക് ചേർന്നതല്ല എന്ന കൃത്യമായ മറുപടി നൽകുകയും ചെയ്തു! 

ആധുനിക സാങ്കേതികവിദ്യകളെ കാർഷിക മേഖലയിൽ ഉപയോഗിക്കുമ്പോൾ ശാസ്ത്രീയമായ പരിശോധനയോ വിദഗ്ധരുടെ അഭിപ്രായമോ ഇല്ലാതെ പൂർണ്ണമായി വിശ്വസിക്കുന്നത് എത്രത്തോളം വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണീ സംഭവം. 

ENGLISH SUMMARY:

AI farming advice can be dangerous as a farmer in China learned the hard way when a chatbot's incorrect recommendation led to the destruction of his entire sesame crop. This incident serves as a stark warning about the risks of blindly trusting AI in agriculture without expert consultation.