ഒടുവില്‍ ലോകാവസാനവും പ്രവചിച്ച് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്. മെയ് 6 ന് സംപ്രേഷണം ചെയ്ത ഫോക്സ് ന്യൂസ് അവതാരകനായ ജെസ്സി വാട്ടേഴ്‌സുമായുള്ള അഭിമുഖത്തിലാണ് ചൊവ്വയുടെ കോളനിവല്‍ക്കരണത്തിലൂന്നി ഭൂമിയുടെ അവസാനവും മസ്ക് പ്രവചിച്ചത്. ഭൂമിയെ ആശ്രയിച്ച് മാത്രം മനുഷ്യരാശിക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന് ഇതിനകം തന്നെ മസ്ക് പലതവണ വിശദീകരിച്ചിട്ടുണ്ട്.
ചൊവ്വയിൽ സ്ഥിരതാമസമാക്കുക എന്നത് ഒരു സ്വപ്നത്തേക്കാൾ അപ്പുറം ഒരു ആവശ്യകതയാണെന്നാണ് മസ്ക് അഭിമുഖത്തില്‍ പറഞ്ഞത്. ‘ഭൂമി സ്ഥിരതയുള്ളതാണെന്ന് ഇപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഭാവി നല്‍കുന്ന ചിത്രം അതല്ല. സൂര്യന്‍റെ ചൂടും പ്രകാശവും വര്‍ധിക്കുകയും കാലക്രമേണ ഭൂമിയുടെ അന്തരീക്ഷം ഇല്ലാതാക്കുകയും സമുദ്രങ്ങൾ തിളച്ചുമറിയാൻ കാരണമാവുകയും ചെയ്യുമെന്ന് മസ്ക് പറയുന്നു. നാളെ തന്നെ സംഭവിക്കില്ലെങ്കിലും ഏകദേശം 450 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ ഭൂമിയിൽ ജീവൻ അസാധ്യമാകുമെന്നാണ് മസ്കിന്‍റെ കണക്കുകൂട്ടല്‍.
‘സൂര്യൻ ക്രമേണ വികസിക്കുകയാണ്. ഒടുവിൽ, ഭൂമിയിലെ എല്ലാ ജീവജാലങ്ങളും സൂര്യനാൽ ഇല്ലാതാകും. അതിനാൽ ഒരു ഘട്ടത്തിൽ നമുക്ക് മറ്റുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കേണ്ടി വരും, കാരണം ഭൂമി കത്തിച്ചാമ്പലാകും’ മസ്ക് പറയുന്നു. ഒരുതരം ‘ലൈഫ് ഇന്‍ഷുറന്‍സ്’ ആയാണ് ചൊവ്വയെ മസ്ക് വിശേഷിപ്പിക്കുന്നത്. മനുഷ്യരാശിയെയും മറ്റ് ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണിത്’. മസ്ക് പറയുന്നു.
ചൊവ്വയുടെ കോളനിവല്‍ക്കരണം ഇതിനകം മസ്കിന്‍റെ മനസിലുള്ള പദ്ധതിയാണ്. മാസ്കിന്‍റെ സ്‌പേസ് എക്‌സ് ഇതിനകം ഇതിന്‍റെ സാധ്യതകള്‍ പര്യവേഷണം ചെയ്യുന്നുണ്ട്. മനുഷ്യരെ അടക്കം ചൊവ്വയിലെത്തിക്കാനുള്ള സ്റ്റാർഷിപ്പ് എന്നറിയപ്പെടുന്ന പുനരുപയോഗിക്കാവുന്ന റോക്കറ്റ് സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിജയിച്ചാല്‍ ചൊവ്വയില്‍ മറ്റൊരു നാഗരികത സ്ഥാപിക്കാന്‍ കഴിയുമെന്ന്, ചൊവ്വയില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് അതും താങ്ങാനാവുന്ന വിലയിൽ സാധ്യമാക്കാനാകുമെന്ന് മസ്‌ക് വിശ്വസിക്കുന്നു. 450 ദശലക്ഷം വർഷം എന്നുള്ളത് ഒരു വലിയ കാലയളവാണെങ്കിലും ചൊവ്വയിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും മസ്ക് പറയുന്നു.