mars-and-earth

TOPICS COVERED

ഭൂമിയും ചൊവ്വയും തമ്മിലുള്ള ‘ആത്മബന്ധം’ വിചാരിക്കുന്നതിനേക്കാള്‍ വലുതാണത്രേ. ശാസ്ത്രജ്ഞർ ഒരിക്കൽ വിശ്വസിച്ചിരുന്നതിനേക്കാൾ ശക്തമായ സ്വാധീനം ചൊവ്വയ്ക്ക് ഭൂമിയുടെ മേല്‍ ഉണ്ടെന്നാണ് പുതിയ ഗവേഷണങ്ങളില്‍ തെളിയുന്നത്. ചുവന്ന ഗ്രഹത്തിന്‍റെ ഗുരുത്വാകർഷണം ഭൂമിയുടെ ചരിവിനെയും ഭ്രമണപഥത്തെയും ബാധിക്കുന്നുണ്ടെന്നും ദീര്‍ഘകാല കാലാവസ്ഥാ ചക്രങ്ങളെ അത് സ്വാധീനിക്കുന്നുവെന്നുമാണ് പുതിയ പഠനങ്ങളിലെ സൂചന. കാലിഫോർണിയ സർവകലാശാലയിലെ സ്റ്റീഫൻ കെയ്ൻ, റിവർസൈഡ്, യുകെയിലെ ബർമിങ്ഹാം സർവകലാശാലയിലെ പാം വെർവോർട്ട്, ഓസ്ട്രേലിയയിലെ സതേൺ ക്വീൻസ് ലാന്‍ഡ് സര്‍വകലാശാലയിലെ ജോനാഥൻ ഹോർലാൻഡ് എന്നിവരുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്.

ഭൂമിയിൽ ചൊവ്വയുടെ സ്വാധീനം വളരെ ചെറുതായിരിക്കുമെന്ന വിശ്വാസത്തിലാണ് ഗവേഷകസംഘം പരീക്ഷണ നിരീക്ഷണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വ്യാഴം പോലുള്ള ഗ്രഹങ്ങളേക്കാൾ വളരെ ചെറുതെങ്കിലും ഭൂമിയുടെ കാലാവസ്ഥയെ രൂപപ്പെടുത്താൻ ചൊവയ്ക്ക് സാധിക്കുമെന്ന സൂചനകളിലേക്കാണ് ഗവേഷണം എത്തിച്ചേര്‍ന്നത്.  ഭൂമിയുടെ ദീർഘകാല കാലാവസ്ഥയെ മിലങ്കോവിച്ച് സൈക്കിളുകള്‍ സ്വാധീനിക്കുന്നുവെന്ന് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ മനസ്സിലാക്കിയിട്ടുണ്ട്. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനം മൂലമുണ്ടാകുന്ന ഭൂമിയുടെ ഭ്രമണപഥത്തിലും ചരിവിലും വളരെ സാവധാനത്തിലുള്ള മാറ്റങ്ങളാണ് ഈ ചക്രങ്ങൾ. ഭൂമിയോട് സാമീപ്യം ഉള്ളതിനാൽ ശുക്രനും വലിപ്പം കൊണ്ട് വ്യാഴവും ഈ ചക്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചാലകങ്ങളായി കണക്കാക്കപ്പെടുന്നു. അതേസമയം ഇതില്‍ ചൊവ്വയുടെ സ്വാധീനം അത്രത്തോളം കണക്കാക്കപ്പെട്ടിരുന്നില്ല.

ചൊവ്വയുടെ സാന്നിദ്ധ്യമോ അഭാവമോ ഈ പ്രത്യേക ചക്രത്തിൽ വ്യത്യാസമൊന്നും വരുത്തുന്നില്ലെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാൽ ചൊവ്വയെ പൂർണമായും ഒഴിവാക്കി വിശകലനം ചെയ്തപ്പോള്‍, ഏകദേശം 100,000 വർഷവും 2.4 ദശലക്ഷം വർഷവുമുള്ള മറ്റ് രണ്ട് പ്രധാന ചക്രങ്ങൾ പൂർണ്ണമായും ഇല്ലാതായി. കെയ്ൻ പറയുന്നതനുസരിച്ച്, ചൊവ്വ ഇല്ലാതെ ഈ ചക്രങ്ങൾ സുസ്ഥിരമാകില്ല. ചൊവ്വയുടെ പിണ്ഡം വർധിക്കുകയാണെങ്കിൽ, ഈ ചക്രങ്ങൾ കൂടുതൽ ചെറുതാകും, കാരണം ചൊവ്വയുടെ സ്വാധീനം വർധിക്കും. ഭൂമിയുടെ ചരിവ് സന്തുലിതമാക്കുന്നതിൽ ചൊവ്വ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തി. ഭൂമിയുടെ ചരിവ് സ്ഥിരപ്പെടുത്തുന്ന ഘടകം ചന്ദ്രൻ മാത്രമാണെന്ന അനുമാനത്തിന് വിരുദ്ധമാണ് ഈ കണ്ടുപിടുത്തം.  ഭൂമിയുടെ ചരിവില്‍ സാധാരണയായി ഓരോ 41,000 വർഷത്തിലും 21.5 മുതൽ 24.5 ഡിഗ്രി വരെ വ്യതിയാനം സഭവിക്കുന്നു. ഇത് വളരെ സ്ഥിരതയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. നേരെമറിച്ച്, ചൊവ്വയുടെ ചരിവ് വളരെ ക്രമരഹിതമാണ്. ഭൂമിയുടെ ചരിവ് സ്ഥിരപ്പെടുത്താൻ ചൊവ്വയുടെ ഗുരുത്വാകർഷണം സഹായിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. സൗരയൂഥത്തിലെ ചൊവ്വയുടെ സ്ഥാനവും അതിന്‍റെ സ്വാധീനം വർധിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചൊവ്വ ആളത്ര വലുതല്ലെങ്കിലും വലിയ സ്വാധീനം ഭൂമിക്കുമേല്‍ ചെലുത്തുന്നുണ്ടെന്ന് വേണം മനസ്സിലാക്കാന്‍.

ENGLISH SUMMARY:

Mars influence on Earth is larger than previously thought. New research suggests that Mars has a stronger impact on Earth's tilt and orbit, influencing long-term climate cycles