ഒരു സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നം ഒരാള്‍ക്കുണ്ടെങ്കില്‍, അല്ലെങ്കില്‍ മറ്റുള്ള മുഴുവന്‍ ആളുകളിലേക്കും പടരുന്ന ഒരു രോഗം പിടിപെടുകയാണെങ്കില്‍ മനുഷ്യരാണെങ്കില്‍ എന്തുചെയ്യും? മറ്റുള്ളരെ രക്ഷിക്കാന്‍ വേണ്ടി സ്വയം ബലി കൊടുക്കാനുള്ള വിശാലചിന്തയ്ക്ക് എത്ര പേര്‍ക്ക് കഴിയും? ഒരുപക്ഷേ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്നരായിരിക്കും കൂടുതലും അല്ലേ? എന്നാല്‍ മനുഷ്യര്‍ ഏറ്റവും നിസ്സാരരെന്ന് കാണുന്ന ഉറുമ്പുകള്‍ അങ്ങനെയല്ലത്രേ. മാരകമായ അസുഖം വരുമ്പോൾ യുവ ഉറുമ്പുകൾ സ്വയം കൊല്ലപ്പെടാൻ ആവശ്യപ്പെടുന്ന ഒരു രാസ സിഗ്നൽ പുറപ്പെടുവിക്കുകയും അപകടകരമായ അണുബാധകളിൽ നിന്ന് തങ്ങളുടെ കോളനിയെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പഠനം. ഓസ്ട്രിയയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഉറുമ്പ് സമൂഹങ്ങൾ എങ്ങനെയാണ് ഒരു ‘സൂപ്പർ ഓർഗാനിസം’ പോലെ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്.
വ്യക്തിയെക്കാൾ കോളനിയുടെ നിലനിൽപ്പിനാണ് ഉറുമ്പുകള്‍ മുൻഗണന നൽകുന്നതത്രേ. ആയിരക്കണക്കിന് ഉറുമ്പുകൾ അടുത്തടുത്ത ഇടങ്ങളിൽ നിരന്തരം ഇടപഴകുന്നതിനാൽ പെട്ടെന്ന് രോഗബാധിതമാകാനിടയുള്ളവയാണ് ഉറുമ്പിന്‍ കൂടുകൾ. പ്രായപൂർത്തിയായ ‘തൊഴിലാളി’ ഉറുമ്പുകൾക്ക് അസുഖം വന്നാൽ ഒറ്റയ്ക്ക് ചാവാനായി കൂട് വിടാൻ കഴിയുമെങ്കിലും, പ്യൂപ്പ എന്ന് വിളിക്കപ്പെടുന്ന ഇളം ഉറുമ്പുകൾക്ക് അവ കൊക്കൂണുകൾക്കുള്ളിലായതിനാല്‍ സ്വയം ഒറ്റപ്പെടാൻ കഴിയില്ല. അതിനാല്‍ മാരകരോഗം ബാധിച്ച പ്യൂപ്പകൾ അവയുടെ ശരീരത്തിലെ രാസമാറ്റങ്ങൾ മൂലമുണ്ടാകുന്ന രൂക്ഷഗന്ധം പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞർ നേരത്തെതന്നെ നിരീക്ഷിച്ചിരുന്നു. മുതിര്‍ന്ന ഉറുമ്പുകൾ ഈ ഗന്ധം തിരിച്ചറിയുകയും കൊക്കൂൺ കീറി പ്യൂപ്പയിലേക്ക് വിഷം കുത്തിവയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രോഗബാധിതരായ പ്യൂപ്പയെയും രോഗാണുക്കളെയും കൊന്ന് കൂടിനെ അണുവിമുക്തമാക്കും.
പുതിയ പരീക്ഷണങ്ങള്‍ക്കായി ഗവേഷകര്‍ ഈ മണം വേര്‍തിരിച്ച് ആരോഗ്യമുള്ള പ്യൂപ്പകളില്‍ പ്രയോഗിച്ചുനോക്കി. ‘തൊഴിലാളി ഉറുമ്പുകള്‍’ അവയെയും നശിപ്പിച്ചതോടെ ആ മണം വ്യക്തമായ ‘എന്നെ നശിപ്പിക്കുക’ എന്ന സിഗ്നലായി പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുതിര്‍ന്ന ഉറുമ്പുകള്‍ സമീപത്തുള്ളപ്പോള്‍ മാത്രമേ അസുഖമുള്ള പ്യൂപ്പ ഈ മണം പുറപ്പെടുവിക്കുകയുള്ളൂവെന്ന് കൂടുതൽ പരിശോധനകളിലൂടെ കണ്ടെത്താനായി. ഇത് ‘കൊലപാതക സിഗ്നൽ’ ബോധപൂർവമാണെന്ന് സൂചിപ്പിക്കുന്നു. കോളനിയെ സംരക്ഷിക്കാൻ സഹായിക്കുകയും പങ്കിട്ട ജീനുകൾ നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു പരോപകാര പ്രവർത്തിയായി ഗവേഷകർ കുഞ്ഞുറുമ്പുകളുടെ ഈ പെരുമാറ്റത്തെ വിശേഷിപ്പിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്ഞി പ്യൂപ്പയുടെ പെരുമാറ്റം ഇതില്‍നിന്നും വ്യത്യസ്തമാണ്. രാജ്ഞികൾക്ക് അസുഖം വരുമ്പോൾ അവർ ഈ മുന്നറിയിപ്പ് സിഗ്നൽ പുറപ്പെടുവിക്കുന്നില്ലെന്നും പഠനം കണ്ടെത്തി. രാജ്ഞി പ്യൂപ്പയ്ക്ക് ശക്തമായ രോഗപ്രതിരോധ സംവിധാനങ്ങളുള്ളതായും നാശത്തിന്‍റെ സൂചന നൽകാതെ തന്നെ അണുബാധയെ ചെറുക്കാൻ അവര്‍ക്ക് സാധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ അണുബാധയെ മറികടക്കാൻ കഴിയാത്ത അവസരങ്ങളില്‍ രാജ്ഞി പ്യൂപ്പ എപ്പോഴെങ്കിലും ത്യാഗത്തിന് സൂചന നൽകുമോ എന്ന അന്വേഷണത്തിനുപുറകെയാണ് ഇപ്പോള്‍ ഗവേഷകര്‍. നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ് പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.