സ്പേസ് എക്സിന്‍റെ ക്രൂ–11 ദൗത്യ സംഘം സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് 2.11ന് കലിഫോര്‍ണിയയിലെ പസഫിക് സമുദ്രത്തിലായിരുന്നു സ്പ്ലാഷ് ഡൗണ്‍. ദൗത്യ സംഘത്തിലെ നാലുപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നാസയുടെ രണ്ടില്‍ ഒരാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നം സ്ഥിരീകരിച്ചതോടെയാണ് മെഡിക്കല്‍ ഇവാക്യൂവേഷന്‍ എന്ന നാസയുടെ ചരിത്ര തീരുമാനം.
അതേസമയം ആര്‍ക്കാണ് രോഗമെന്നോ, രോഗ വിവരങ്ങളോ നാസ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നാസയുടെ മൈക്ക് ഫിനിനാണ് രോഗമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2025 ഓഗസ്റ്റിലാണ് ക്രൂ–11 ദൗത്യം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയത്. മിഷന്‍ കമാന്‍ഡര്‍ സീന മറിയ കാര്‍ഡ്മാന്‍, മിഷന്‍ പൈലറ്റ് മൈക്ക് ഫിന്‍കെ, കിമിയ യുയി (ജപ്പാന്‍) ഒലെഗ് പ്ലറ്റോനോവ് (റഷ്യ) എന്നിവരാണ് പേടകത്തിലുള്ളത്.
ജനുവരി എട്ടിനാണ് ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായതായി നാസ വെളിപ്പെടുത്തിയത്. അതേസമയം സ്വകാര്യത മാനിച്ച് ഇത് ആരാണെന്നോ അസുഖം എന്താണെന്നോ പുറത്തുവിട്ടിരുന്നില്ല. ബഹിരാകാശ നിലയത്തില്‍ ചികില്‍സ നല്‍കുന്നതിനുള്ള പരിമിതികള്‍ കണക്കിലെടുത്താണ് ഭൂമിയിലേക്ക് തിരിച്ചിറക്കാമെന്ന് നാസ തീരുമാനിച്ചത്.
ബഹിരാകാശ പേടകത്തിന്‍റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആരോഗ്യപരമായ കാരണത്താല്‍ മുഴുവന്‍ സംഘാംഗങ്ങളെയും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരിച്ച് ഇറക്കുന്നത്. ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയതോടെ ബഹിരാകാശ നിലയത്തില്‍ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യന്‍ സഞ്ചാരികളും മാത്രമാണ് ഇനിയുള്ളത്.