FILE - An annular solar eclipse rises over the skyline of Toronto, June 10, 2021. (Frank Gunn/The Canadian Press via AP, File)
വാന നിരീക്ഷകര്‍ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇന്ന്. ഭാഗിക സൂര്യഗ്രഹണമാണ് നടക്കാനിരിക്കുന്നത്. പൂർണ്ണ ഗ്രഹണത്തെപ്പോലെ ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക. സൂര്യന്റെ 86% ഭാഗം വരെ ഗ്രഹണ സമയത്ത് ചന്ദ്രൻ മൂടുകയും ചെയ്യും. EarthSky.org ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഗ്രഹണം മണിക്കൂറുകളോളം നീണ്ടുനിൽക്കും. അതേസമയം, ദക്ഷിണാർദ്ധഗോളത്തിൽ ഉടനീളം ദൃശ്യമാകുന്ന ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.
ഇന്ത്യന്‍ സമയപ്രകാരം ഇന്നും നാളെയുമായിട്ടാണ് (2025 സെപ്റ്റംബർ 21, 22) ഗ്രഹണം നടക്കുന്നത്. അന്താരാഷ്ട്രസമയക്രമം (UTC) 17:29 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 21 രാത്രി 10.59) ഗ്രഹണം ആരംഭിക്കും. 19:41 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22 ,1:11 am) ഉച്ചസ്ഥായിയിലെത്തുന്ന ഗ്രഹണം 21:53 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22, 3:23 am) അവസാനിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഈ സമയം രാത്രിയായതിനാലാണ് ഗ്രഹണം കാണാന്‍ സാധിക്കാത്തത്.
എവിടെയെല്ലാം കാണാം?
ന്യൂസിലാൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിലായിരിക്കും ഗ്രഹണം ദൃശ്യമാകുക. അതേസമയം, ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിലും ഗ്രഹണം ദൃശ്യമാകില്ല. എങ്കിലും നിരവധി ചാനലുകള്‍ ഗ്രഹണം തല്‍സമയം സംപ്രേക്ഷണം ചെയ്യും.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.
അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം
2027 ഓഗസ്റ്റ് 2 നാണ് ഇനി അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. എന്നാൽ വെറുമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം മാത്രമല്ല ഇത്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിറ്റ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നാണ് വരാനിരിക്കുന്നത്. ഈ സമയം ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.