eclipse-halifax

TOPICS COVERED

ചന്ദ്രഗ്രഹണത്തിന് പിന്നാലെ സെപ്റ്റംബറില്‍ വാന നിരീക്ഷകരെ കാത്തിരിക്കുന്നത് മനോഹരമായ ഭാഗിക സൂര്യഗ്രഹണം. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് അടുത്തയാഴ്ച ആദ്യം സംഭവിക്കുക. പൂർണ്ണ ഗ്രഹണത്തെപ്പോലെ ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണാർദ്ധഗോളത്തിൽ ഉടനീളം ഗ്രഹണം ദൃശ്യമാകും.

2025 സെപ്റ്റംബർ 21 ബുധനാഴ്ചയാണ് ഗ്രഹണം നടക്കുക. പൂർണ്ണ ഗ്രഹണമായിരിക്കില്ലെങ്കിലും ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക. സൂര്യന്റെ 86% ഭാഗം വരെ ഗ്രഹണ സമയത്ത് ചന്ദ്രൻ മൂടുകയും ചെയ്യും. EarthSky.org ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഗ്രഹണം മണിക്കൂറുകളോളം നീണ്ടുനിൽക്കും. അന്താരാഷ്ട്രസമയക്രമം (UTC) 17:29 ന്  (ഇന്ത്യയില്‍  സെപ്റ്റംബർ 21 രാത്രി 10.59) ആരംഭിക്കുന്ന ഗ്രഹണം 19:41 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22 ,1:11 am) ഉച്ചസ്ഥായിയിലെത്തും. 21:53 ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22, 3:23 am) അവസാനിക്കുകയും ചെയ്യും. അതായത്, ഇന്ത്യയില്‍ രാത്രിയായതിനാല്‍ ഗ്രഹണം കാണാന്‍ സാധിക്കില്ല.

ന്യൂസിലാൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിലായിരിക്കും ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിലും ഗ്രഹണം ദൃശ്യമാകില്ല. എങ്കിലും നിരവധി ചാനലുകള്‍ ഗ്രഹണം തല്‍സമയം സംപ്രേക്ഷണം ചെയ്യും. 

എന്താണ് സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.

അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം

2027 ഓഗസ്റ്റ് 2 നാണ് ഇനി അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. എന്നാൽ വെറുമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം മാത്രമല്ല ഇത്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിറ്റ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നാണ് വരാനിരിക്കുന്നത്. ഈ സമയം ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.

ENGLISH SUMMARY:

After the recent lunar eclipse, skywatchers are set to witness a spectacular partial solar eclipse on September 21, 2025. This will be the second and last solar eclipse of the year, covering up to 86% of the Sun. The eclipse will begin at 17:29 UTC (10:59 PM IST), peak at 19:41 UTC (1:11 AM IST on September 22), and end at 21:53 UTC (3:23 AM IST). Although it will not be visible in India and other northern hemisphere countries, it can be observed from New Zealand, Antarctica, and parts of the South Pacific, with live broadcasts available worldwide. The next major celestial event, the “Great North African Eclipse,” a total solar eclipse lasting nearly six minutes, will occur on August 2, 2027 — one of the longest of the modern era.