കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ‘ഓഗസ്റ്റ് രണ്ടിനായുള്ള’ കാത്തിരിപ്പിലാണ് ലോകം. ആ കാത്തിരിപ്പ് മറ്റൊന്നിനും വേണ്ടിയല്ല, എന്നും കൗതുകമുയര്‍ത്തിയിരുന്ന ആകാശവിസ്മയമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് വേണ്ടിയാണ്. എന്നാല്‍ അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തെ കുറിച്ച് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകളെങ്കിലും തെറ്റിദ്ധാരണാജനകമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്നതാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം ഓഗസ്റ്റ് രണ്ടിനാണെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നതെങ്കിലും, അത് ഈ വര്‍ഷമല്ല എന്നോര്‍ക്കണം. 

2025 ഓഗസ്റ്റ് രണ്ടിന് ഒരുതരത്തിലുള്ള സൂര്യ ഗ്രഹണവുമില്ലെന്നാണ് നാസ സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുക 2027 ഓഗസ്റ്റ് രണ്ടിനായിരിക്കും. ഈ രണ്ട് തീയ്യതികളാണ് ആശയക്കുഴപ്പത്തിന് കാരണം. ഒരു സമ്പൂര്‍ണ സൂര്യഗ്രഹണം ഇല്ലെങ്കിലും 2025 സെപ്തംബര്‍ 21 ന് ഭാഗിക ഗ്രഹണം നടക്കുമെന്നും നാസ പറയുന്നു. സമ്പൂര്‍ണ ഗ്രഹണങ്ങളെ അപേക്ഷിച്ച് ഭാഗിക ഗ്രഹണങ്ങളാകട്ടെ സര്‍വ്വ സാധാരണവുമാണ്. മാത്രമല്ല 2027 ന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ ഗ്രഹണത്തില്‍ ഭൂമി മുഴുവന്‍ ഇരുട്ടാകും എന്ന് പറയുന്നത് തെറ്റാണെന്നും, ഗ്രഹണത്തിന്‍റെ പാതയിലുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇരുട്ട് മൂടുകയുള്ളൂ എന്നും നാസ വ്യക്തമാക്കുന്നു. ALSO READ: ആറു മിനിറ്റ് അന്ധകാരത്തിലാഴും; വീണ്ടും സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു! ...

നൂറ്റാണ്ടിന്‍റെ ഗ്രഹണം

2027 ഓഗസ്റ്റ് 2 നാണ് ഇനി അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിറ്റ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നായിരിക്കുമിത്. ഈ സമയം ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും. ഇതാണ് ഗ്രഹണത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നത്. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് സ്പേസ് ഡോ‍ട്ട് കോം പറയുന്നത്.

എവിടെയെല്ലാം ദൃശ്യമാകും?

യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളിൽ അടുത്ത സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകും, നിരവധി നഗരങ്ങളെ ഈ ഗ്രഹണം ഏകദേശം ആറ് മിനിറ്റ് നേരത്തേക്ക് അന്ധകാരത്തിലാക്കും. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ആരംഭിച്ച് തെക്കൻ സ്പെയിൻ, ജിബ്രാൾട്ടർ, വടക്കേ ആഫ്രിക്ക, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഗ്രഹണത്തിന്‍റെ പാത കടന്നുപോകുന്നത്. ചെങ്കടൽ വഴി സൗദി അറേബ്യ, യെമൻ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെയും ഗ്രഹണ പാത കടന്നുപോകുന്നു. ഈജിപ്തിലെ ലക്സറിലായിരിക്കും ആറ് മിനിറ്റ് പൂർണ്ണ അന്ധകാരത്തിൽ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകുക.

എന്നാല്‍ ഇന്ത്യ ഈ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്‍റെ പാതയിലായിരിക്കില്ല. എന്നിരുന്നാലും, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ മിക്ക ഇന്ത്യൻ നഗരങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമായേക്കും. 2027 ഓഗസ്റ്റ് 2 ന് വൈകുന്നേരം 4:30 ഓടെ ഇന്ത്യയിലെ ആളുകൾക്ക് ഭാഗിക ഗ്രഹണം കാണാന്‍ കഴിയുമെന്നും ഇത് സൂര്യാസ്തമയം വരെ നീണ്ടുനിൽക്കുമെന്നും ടൈം ആന്‍ഡ് ഡേറ്റ് ഡോട്ട് കോം പറയുന്നു.

എന്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.

ENGLISH SUMMARY:

Contrary to widespread online reports, NASA has confirmed that there will be no total solar eclipse on August 2, 2025. The confusion arises from a mix-up with the upcoming Great North African Eclipse set for August 2, 2027—a rare, long-duration total eclipse lasting nearly six minutes. NASA clarifies that only a partial solar eclipse will occur on September 21, 2025, which is far more common and less dramatic. The 2027 eclipse will be visible across parts of Europe, Africa, and the Middle East, while India will only witness a partial view. Misinformation suggesting a global blackout in 2025 is scientifically inaccurate.