US-TOTAL-SOLAR-ECLIPSE-STRETCHES-ACROSS-NORTH-AMERICA-FROM-MEXIC
ഗ്രഹണങ്ങളില്‍ ഏറ്റവും മനോഹരം എന്താണെന്ന് അറിയാമോ? ഒരുത്തരമേയുള്ളൂ, സമ്പൂര്‍ണ സൂര്യഗ്രഹണം! പകലിനെയും രാത്രിയാക്കുന്ന അപൂര്‍വ ആകാശ വിസ്മയം. 2024 ഏപ്രില്‍ എട്ടിന് ഇത്തരത്തില്‍ ഒരു സമ്പൂര്‍ണ സൂര്യഗ്രഹണത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാല്‍ മാനത്തെ ഈ അപൂര്‍വ ദൃശ്യം മിസ്സാക്കിയ ആളുകളുമുണ്ട്. എങ്കില്‍ ഒരുങ്ങിക്കോളൂ വീണ്ടും ഒരു സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷിയാകാന്‍ ഭൂമി ഒരുങ്ങുകയാണ്. മിനിറ്റുകളോളം നീണ്ടു നില്‍ക്കുന്ന ഈ അപൂര്‍വ പ്രതിഭാസത്തില്‍, ചന്ദ്രൻ സൂര്യനെ മൂടുമ്പോള്‍ ആകാശം സന്ധ്യ പോലെ തോന്നിപ്പിക്കുകയും സൂര്യന്റെ തിളങ്ങുന്ന കൊറോണ വളയം പോലെ തോന്നിപ്പിക്കുകയും ചെയ്യും.
അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം
2027 ഓഗസ്റ്റ് 2 നാണ് ഇനി അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. എന്നാൽ വെറുമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം മാത്രമല്ല ഇത്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിറ്റ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നാണ് വരാനിരിക്കുന്നത്. ഈ സമയം ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.
എവിടെയെല്ലാം ദൃശ്യമാകും?
യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളിൽ അടുത്ത സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകും, നിരവധി നഗരങ്ങളെ ഈ ഗ്രഹണം ഏകദേശം ആറ് മിനിറ്റ് നേരത്തേക്ക് പൂർണ്ണ അന്ധകാരത്തിലാക്കും. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് സ്പേസ് ഡോട്ട് കോം പറയുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ആരംഭിച്ച് തെക്കൻ സ്പെയിൻ, ജിബ്രാൾട്ടർ, വടക്കേ ആഫ്രിക്ക, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ഗ്രഹണം ദൃശ്യമാകും. ചെങ്കടൽ വഴി സൗദി അറേബ്യ, യെമൻ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെയായിരിന്നും ഭ്രമണത്തിന്‍റെ പാത കടന്നുപോകുന്നത്. ഈജിപ്തിലെ ലക്സറിലായിരിക്കും ആറ് മിനിറ്റ് പൂർണ്ണ അന്ധകാരത്തിൽ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകുക.
ഇന്ത്യയില്‍ കാണാന്‍ സാധിക്കുമോ?
ഇത്തവണയും ഇന്ത്യ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്‍റെ പാതയിലായിരിക്കില്ല. എന്നിരുന്നാലും, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ മിക്ക ഇന്ത്യൻ നഗരങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമായേക്കും. 2027 ഓഗസ്റ്റ് 2 ന് വൈകുന്നേരം 4:30 ഓടെ ഇന്ത്യയിലെ ആളുകൾക്ക് ഭാഗിക ഗ്രഹണം കാണാന്‍ കഴിയുമെന്നും ഇത് സൂര്യാസ്തമയം വരെ നീണ്ടുനിൽക്കുമെന്നും ടൈം ആന്‍ഡ് ഡേറ്റ് ഡോട്ട് കോം പറയുന്നു.
എന്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.