എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന നിരവധി ഛിന്നഗ്രഹങ്ങളെ തടയാന്‍ യാതൊരു മാര്‍ഗവും നമ്മുടെ കയ്യിലില്ലെന്ന മുന്നറിയിപ്പുമായി നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍. ഭൂമിയോട് അടുത്ത് വരുന്ന 15,000 ത്തോളം ട്രാക്ക് ചെയ്യാനാകാത്ത ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാൻ ഒരു മാർഗവുമില്ലെന്നും അവയ്‌ക്കെല്ലാം ഒരു നഗരത്തെ മുഴുവൻ തുടച്ചുനീക്കാൻ കഴിയുമെന്നുമാണ് നാസയിലെ പ്ലാനെറ്ററി ഡിഫന്‍സ് മേധാവിയായ കെല്ലി ഫാസ്റ്റിന്‍റെ മുന്നറിയിപ്പ്. ഇത് ശാസ്ത്ര സമൂഹത്തിനിടയിലും ലോകമെമ്പാടും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഛിന്നഗ്രഹമായ YR4, 2032 ല്‍ ഭൂമിയില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യത 4% ആയിരിക്കേ കെല്ലി ഫാസ്റ്റിന്‍റെ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെയാണ് ശാസ്ത്രലോകം കാണുന്നത്.
ഭൂമിയിൽ പതിച്ചാൽ ഒരു നഗരത്തെ തന്നെ തുടച്ചുനീക്കാന്‍ കഴിവുള്ള, ഏകദേശം 140 മീറ്ററോ അതിൽ കൂടുതലോ വലിപ്പമുള്ള 25,000 ഛിന്നഗ്രഹങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ‘സിറ്റി– കില്ലേര്‍സ്’ എന്നാണ് ഇവയെ നാസ വിളിക്കുന്നത്. എന്നാൽ അവയിൽ ഏകദേശം 40% ഛിന്നഗ്രഹങ്ങളെ മാത്രമേ നമ്മുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ട് ട്രാക്ക് ചെയ്യാനും പട്ടികപ്പെടുത്താനും കഴിഞ്ഞിട്ടുള്ളൂ എന്നാണ് കെല്ലി പറയുന്നത്. അതായത് ഏകദേശം 15,000 ഛിന്നഗ്രഹങ്ങളെ ട്രാക്ക് ചെയ്യാന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല. അങ്ങിനെയിരിക്കെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവ ഭൂമിയില്‍ പതിച്ചാല്‍ ആഘാതം വളരെ വലുതായിരിക്കും. ഈ നിശബ്ദ ഛിന്നഗ്രഹങ്ങള്‍ കാരണം രാത്രികളില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
വലിയ ഛിന്നഗ്രഹങ്ങളെ നമുക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ചെറിയ ഉൽക്കകളാകട്ടെ നിരുപദ്രവകരവുമാണ്, ഇവ എല്ലായ്പ്പോഴും ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഇടത്തരം വലിപ്പമുള്ള ഛിന്നഗ്രങ്ങളാണ് ആശങ്കയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ടെലിസ്കോപ്പുകള്‍ ഉണ്ടായിട്ടുപോലും അവയെ ട്രാക്ക് ചെയ്യാന്‍ നമുക്കായിട്ടില്ല. ഛിന്നഗ്രഹങ്ങൾ നമ്മേ കീഴടക്കും മുമ്പ് അവയെ തകര്‍ക്കണം. അതാണ് ശാസ്ത്ര ലോകത്തിന്‍റെ ഉത്തരവാദിത്തമാണെന്നും കെല്ലി വ്യക്തമാക്കി. അരിസോണയിലെ ഫീനിക്സിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ് (AAAS) സമ്മേളനത്തിലായിരുന്നു ഡോ. കെല്ലി ഫാസ്റ്റിന്‍റെ വെളിപ്പെടുത്തല്‍.
അതേസമയം, ഈ ‘അദൃശ്യ ഛിന്നഗ്രഹങ്ങളെ’ തിരിച്ചറിയുക, ട്രാക്ക് ചെയ്യുക എന്നതും പൂര്‍ണമായ പരിഹാരമല്ല, മറിച്ച് പ്രശ്ന പരിഹാരത്തിന്‍റെ ആദ്യത്തെ പടി മാത്രമാണ്. നിലവിൽ ഇവയെ കണ്ടെത്തിയാലും തടയാനുള്ള പ്രതിരോധമാര്‍ഗമില്ല. ഇപ്പോൾ നമുക്ക് ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാൻ ഒരു മാര്‍ഗവുമില്ലെന്ന് നാസയുടെ ഡാർട്ടിന്റെ (DART) മേധാവി നാൻസി ചാബോട്ട് പറയുന്നു. 2022 ൽ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈൽ വേഗതയിൽ ഡൈമോർഫോസിന്റെ മിനി ചന്ദ്രനിൽ ഇടിച്ചിറക്കി അതുവഴി അതിന്‍റെ സഞ്ചാര പാതയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു. എന്നാല്‍ അത് ഒരു ഛിന്നഗ്രഹത്തിന്‍റെ കാര്യത്തിലാണെങ്കില്‍ വർഷങ്ങള്‍ക്ക് മുന്‍പേ ഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും വേണം. ട്രാക്ക് ചെയ്യപ്പെടാനാകാത്ത ഛിന്നഗ്രഹങ്ങളെ സംബന്ധിച്ച് ഇത് പ്രായോഗികമല്ല. മാത്രമല്ല ഫണ്ടിങിലുള്ള അഭാവം കാരണം ഇത്തരത്തിലൊരു പ്രതിരോധ സംവിധാനം തയ്യാറാക്കി വയ്ക്കുന്നതിനടക്കമുള്ള നടപടികളിലേക്ക് ബഹിരാകാശ ഏജൻസികൾ കടക്കാറുമില്ലെന്ന് നാൻസി ചാബോട്ട് വ്യക്തമാക്കി.
ശാസ്ത്ര– സാങ്കേതിക ലോകം കരുത്തോടെ മുന്നേറുമ്പോളും ഭൂമിക്കു സമീപമുള്ള വസ്തുക്കളെ തിരിച്ചറിയുന്നതിലും പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്നതിലുമുള്ള വിടവുകളാണ് കെല്ലിയുടെ വെളിപ്പെടുത്തലുകള്‍ എടുത്തുകാട്ടുന്നത്. സമീപഭാവിയിൽ ഏതെങ്കിലും ഒരു ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത ഇപ്പോഴും കുറവാണ്. എങ്കില്‍പോലും ഇവ ഉയര്‍ത്തുന്ന അപകടസാധ്യത തള്ളികളയാനാകില്ല. അതേസമയം, ഇതിന് ഒരു പരിഹാരമെന്നോണം അടുത്ത വർഷം 'നിയർ-എർത്ത് ഒബ്ജക്റ്റ് സർവേയർ ബഹിരാകാശ ടെലിസ്കോപ്പ്' വിക്ഷേപിക്കാൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്. അതുവഴി ഇവയെ ട്രാക്ക് ചെയ്യാനായിരിക്കും പക്ഷേ പൂര്‍ണമായും പ്രതിരോധിക്കാനാകില്ല.