ഛിന്നഗ്രഹമായ 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത മങ്ങിയെങ്കിലും ചന്ദ്രനില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യത ആശങ്കയാകുന്നു. ഈ ഭീമൻ ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിച്ചാല്‍ അവശിഷ്ടങ്ങള്‍ അതിവേഗം ഭൂമിയിലേക്ക് പെയ്തിറങ്ങുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് ഉപഗ്രഹങ്ങള്‍ക്ക് അപകടമുണ്ടാക്കും. ഒപ്പം ഇത് ഭൂമിയില്‍ അതി തീവ്രമായ ഉല്‍ക്കാവര്‍ഷത്തിന് കാരണമാകുകയും ചെയ്യും. കനേഡിയൻ സർവകലാശാലകളിലെ ഗവേഷകർ പുറത്തിറക്കിയ പഠനത്തിലാണ് കണ്ടെത്തല്‍. 2032 ഡിസംബറില്‍ ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങുമെന്നാണ് പ്രവചനം. ALSO READ: ഭൂമി സൗരയൂഥത്തിന് പുറത്താകും; സൂര്യനില്‍ പതിക്കാം; അന്ത്യം പ്രതീക്ഷിച്ചതിലും മുന്നേ? ...

asteroid-impact-animation

ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ (ആനിമേഷന്‍ ദൃശ്യാവിഷ്കാരം ​| x.com/CollinRugg)

ഛിന്നഗ്രഹം 2024 YR4

2024 ഡിസംബർ 27 ന് ചിലിയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ടെലിസ്കോപ്പാണ് ഛിന്നഗ്രഹം 2024 YR4 നെ തിരിച്ചറിയുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ അതിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. 2032 ഡിസംബർ 22ന് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്നായിരുന്നു ആദ്യപ്രവചനം. 40 മുതല്‍ 90 മീറ്റര്‍ വരെ, അതായത് ഒരു വലിയ കെട്ടിടത്തോളം വലിപ്പമുള്ളതാണ് ഛിന്നഗ്രം. ALSO READ: ഉപഗ്രഹം സൂര്യനെ മറച്ചു; ലോകത്താദ്യമായി സമ്പൂര്‍ണ ‘കൃത്രിമ’ സൂര്യഗ്രഹണം നടന്നു ...

ഛിന്നഗ്രഹത്തെ കണ്ടെത്തിയ സമയം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതമാത്രമേ കണ്ടിരുന്നുള്ളു. പിന്നീട് ഇതിനുള്ള സാധ്യത മൂന്നുശതമാനം വരെയായി ഉയര്‍ന്നു. തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശ ഏജൻസികൾ ചേര്‍ന്ന് ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടുക, ആഘാതം സംഭവിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച തുടങ്ങി. മാസങ്ങള്‍ക്കുശേഷം ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാധ്യത 0.0017 ശതമാനത്തിലേക്ക് കുറഞ്ഞത് ആശ്വാസമായി.

ലക്ഷ്യം ചന്ദ്രന്‍?

ഭൂമിയെ ഇടിക്കാനുള്ള സാധ്യത കുറഞ്ഞെങ്കിലും ചന്ദ്രനെ ഇടിക്കാനുള്ള സാധ്യത വര്‍ധിച്ചു. ഇപ്പോള്‍ 4.3 ശതമാനമാണ് ചന്ദ്രനെ ഇടിക്കാനുള്ള സാധ്യത. ഛിന്നഗ്രഹം ചന്ദ്രനില്‍ പതിക്കുകയാണെങ്കില്‍ അയ്യായിരം വർഷത്തിനിടയിലെ ഏറ്റവും വലിയ ആഘാതമായിരിക്കും സംഭവിക്കുക. ചന്ദ്രന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന ഈ ആഘാതം വലിയ ആണവ സ്ഫോടനത്തിന് തുല്യമായിരിക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ ഇത് ഒരു കിലോമീറ്ററോളം വ്യാസമുള്ള ഗർത്തം സൃഷ്ടിച്ചേക്കാം. ദശലക്ഷക്കണക്കിന് കിലോഗ്രാം അവശിഷ്ടങ്ങൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് തള്ളും. ഇവയില്‍ വലിയൊരുഭാഗം ഭൂമിക്ക് നേരെ കുതിക്കും. ഛിന്നഗ്രഹം ഇടിച്ചിറങ്ങി ദിവസങ്ങൾക്ക് ശേഷമായിരിക്കും ഇവ ഭൂമിയില്‍ എത്തിച്ചേരുകയെന്ന് ഗവേഷകര്‍ പറയുന്നു.

മനുഷ്യര്‍ക്ക് ഭീഷണിയുണ്ടോ?

ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയല്ല. ചന്ദ്രശിലകളിൽ പലതും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ കത്തിത്തീരും. എന്നാല്‍ ചില അവശിഷ്ടങ്ങള്‍‌ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും ബഹിരാകാശയാത്രികർക്കും ഭീഷണിയാണ്. സെക്കൻഡിൽ പതിനായിരക്കണക്കിന് മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു സെന്റീമീറ്റർ വലിപ്പമുള്ള അവശിഷ്ടം പോലും വെടിയുണ്ട പോലെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. നേരത്തെ ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടി ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നു, എന്നാല്‍ നാസ ഈ അനുമാനം തള്ളിക്കളയുന്നു.

ENGLISH SUMMARY:

Scientists warn that asteroid 2024 YR4, initially thought to pose a threat to Earth, may instead collide with the Moon in December 2032. Though the risk to Earth has dropped to 0.0017%, the chance of a lunar impact has risen to 4.3%. If this happens, it could trigger the largest lunar collision in 5,000 years, sending debris toward Earth. While there's no threat to human life, the fragments may pose risks to satellites and spacecraft, and could result in a dazzling meteor shower. The asteroid, the size of a large building, was first detected by the ATLAS telescope in Chile.