Sun's corona captured by the Proba-3 pair of spacecraft on May 23, 2025
വാനനിരീക്ഷകര്‍ എക്കാലവും കാത്തിരിക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണങ്ങളില്‍ തന്നെ സമ്പൂര്‍ണ സൂര്യഗ്രഹണത്തെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ലെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ സമ്പൂര്‍ണ സൂര്രഗ്രഹണത്തിനാകട്ടെ ഒരുപാട് കാത്തിരിക്കണം താനും. ഏറ്റവും ഒടുവിലത്തെ സമ്പൂര്‍ സൂര്യഗ്രഹണം നടന്നത് 2024 ഏപ്രിലിലാണ്. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം നടന്ന ഗ്രഹണമായിരുന്നു ഇത്. അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണമാകട്ടെ അടുത്ത വര്‍ഷം അവസാനമായിരിക്കും. എന്നാല്‍ ഇത്രയും നാള്‍ കാത്തിരിക്കാതെ തന്നെ ഗ്രഹണം കാണാന്‍ കഴിഞ്ഞാലോ? അതും നമുക്ക് ആവശ്യമുള്ള അത്ര സമയം ഗ്രഹണം നിലനിര്‍ത്താന്‍ കഴിഞ്ഞാലോ? ഒടുവില്‍ അതിനും വഴി തെളിഞ്ഞിരിക്കുകയാണ്.
two spacecraft of the Proba-3 mission aligning to create an eclipse to capture a coronagraph in space. (P. Carril/ESA via AP)
പുതിയ സംവിധാനമോ സാങ്കേതികവിദ്യയോ വേണ്ട ഈ കൃത്രിമ ഗ്രഹണത്തിന്, മറിച്ച് ഉപഗ്രഹങ്ങൾ മാത്രം മതി. ഒരു ജോടി യൂറോപ്യൻ ഉപഗ്രഹങ്ങളെ ഉപയോഗിച്ചാണ് ലോകത്ത് ആദ്യത്തെ ആദ്യത്തെ കൃത്രിമ സൂര്യഗ്രഹണം ബഹിരാകാശത്ത് സൃഷ്ടിച്ചത്. തിങ്കളാഴ്ച നടന്ന പാരീസ് എയർ ഷോയില്‍ യൂറോപ്യൻ ബഹിരാകാശ ഏജൻസി ഗ്രഹണത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഒരു ഉപഗ്രഹം സ്വാഭാവിക പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ ചെയ്യുന്നതുപോലെ സൂര്യന്‍റെ വെളിച്ചത്തെ തടഞ്ഞപ്പോള്‍ മറ്റൊന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കിയത്. പ്രോബ-3 ദൗത്യത്തിന്‍റെ ഭാഗമായി ഒക്യുല്‍റ്റര്‍ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചത്. അങ്ങേയറ്റം കൃത്യത ആവശ്യമുള്ള സങ്കീർണ്ണവും നീണ്ടുനിൽക്കുന്നതുമായ പ്രക്രിയയാണിത്.
ഇതുവരെ 10 വിജയകരമായ സൂര്യഗ്രഹണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് പ്രോബ-3 എന്ന ദൗത്യം. ഇതില്‍ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം അഞ്ച് മണിക്കൂർ നീണ്ടുനിന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇനിയുള്ള ഓരോ കൃത്രിമ ഗ്രഹണത്തിനും ആറ് മണിക്കൂർ പൂർണ്ണത കൈവരിക്കാനാണ് പ്രോബ-3 സംഘം ലക്ഷ്യമിടുന്നത്. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് ആദ്യ ശ്രമമായിരുന്നു, അത് വിജയിച്ചു. അവിശ്വസനീയമായിരുന്നു’ എന്നായിരുന്നു ശ്രമം വിജയിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞരുടെ പ്രതികരണം. രണ്ട് വർഷത്തെ പ്രോബ 3 ദൗത്യത്തിൽ ആഴ്ചയിൽ ശരാശരി രണ്ട് സൂര്യഗ്രഹണങ്ങൾ ഉണ്ടാകുമെന്നും ആകെ 200 മണിക്കൂറോളം ഗ്രഹണം സംഭവിക്കുമെന്നും സംഘം പ്രതീക്ഷിക്കുനന്നുണ്ട്. പൂർണ്ണ സൂര്യഗ്രഹണങ്ങൾ ഏതാനും മിനിറ്റുകൾ മാത്രമേ പൂർണ്ണമായി ദൃശ്യമാകൂ എന്നതിനാല്‍ തന്നെ ഈ കൃത്രിമ ഗ്രഹണം വലിയ നേട്ടമാണ് ശാസ്ത്രലോകത്തിന്.
എന്താണ് സൂര്യഗ്രഹണം ?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.