earth-out-of-solar-system

TOPICS COVERED

ഭൂമി അതിന്റെ ഭ്രമണപഥത്തിൽ മാറി സൗരയൂഥത്തിന് പുറത്തായേക്കാമെന്നും ഒരുപക്ഷേ മറ്റൊരു ഗ്രഹത്തിലേക്കോ സൂര്യനിലേക്കോ പതിച്ചേക്കാം എന്നും പുതിയ പഠനം. ഭൂമിയുടെ അന്ത്യം എങ്ങിനെയായിരിക്കും എന്നതിനെകുറിച്ച് ഇതിനകം തിയറികള്‍ പലതും വന്നിട്ടുണ്ട്. എന്നാല്‍ അഞ്ച് ബില്യൺ വർഷങ്ങൾക്കുള്ളിൽ സൂര്യന്‍ ഒരു ചുവന്ന ഭീമനായി മാറി അന്ത്യം സംഭവിക്കുന്നത് മുന്‍പ് തന്നെ ഭൂമി ഇല്ലാതായേക്കാം എന്നാണ് പുതിയ പഠനം പറയുന്നത്.

ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്ന നക്ഷത്രങ്ങള്‍ തന്നെയായിരിക്കും ഭൂമിയുടെ നിലനില്‍പ്പിന് വില്ലനായി മാറുക എന്ന് പഠനം പറയുന്നു. ഇത്തരം നക്ഷത്രങ്ങള്‍ മുമ്പ് കണക്കാക്കിയതിനേക്കാൾ ഭൂമിക്ക് കൂടുതൽ നാശം വിതയ്ക്കാൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒരു നക്ഷത്രത്തിന് ഭൂമിയുടെ ഭ്രമണപഥം മാറ്റിമറയ്ക്കാനായേക്കും. ഇവ ഭൂമിയില്‍ വന്ന് പതിച്ചാല്‍ ഭൂമി മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിക്കുകയോ, സൂര്യനിൽ പതിക്കുകയോ, അല്ലെങ്കിൽ ബഹിരാകാശത്തിന്‍റെ ഏതെങ്കിലും ദിക്കിലേക്ക് എന്നെന്നേക്കുമായി തെറിച്ചുപോവുകയോ ചെയ്യാം.

ഏകദേശം 10,000 അസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിൽ സൂര്യന്‍റെ മാസിന് തുല്യമായ ഒരു നക്ഷത്രം കടന്നുപോകുന്നത് സൗരയൂഥത്തിന്‍റെ പുറം അതിർത്തിയെ അടയാളപ്പെടുത്തുന്ന ഊർട്ട് മേഘത്തെ സാരമായി ബാധിക്കും. ഇത് ഭൂമിയെ മാത്രമല്ല സൗരയൂഥത്തിന്‍റെ സന്തുലിതാവസ്ഥ വരെ തകിടം മറിച്ചേക്കും. അടുത്ത 400കോടി വർഷങ്ങളിൽ ഭൂമിക്കടുത്തുകൂടി കടന്നു പോകുന്ന നക്ഷത്രങ്ങള്‍ക്ക് ഇത്തരത്തില്‍ സൗരയൂഥത്തിന്‍റെ സ്ഥിരതയില്‍ സ്വാധീനം ചെലുത്താനാകുമത്രേ. 

സൗരയൂഥത്തിലെ ഗ്രഹങ്ങളും പ്ലൂട്ടോയും മുമ്പ് കരുതിയിരുന്നതിനേക്കാൾ സ്ഥിരത കുറവുള്ളവയാണെന്നാണ് പഠനം പറയുന്നത്. ഈ നക്ഷത്രങ്ങൾ മൂലമുണ്ടാകുന്ന ഗുരുത്വാകർഷണ ബലം മൂലം ബുധന്‍ അസ്ഥിരമാവാനുള്ള സാധ്യത 50-80 ശതമാനം വർദ്ധിക്കും. നക്ഷത്രം ബുധന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയാൽ ശുക്രനോ ചൊവ്വയോ ഭൂമിയിൽ ഇടിച്ചേക്കാം. അല്ലെങ്കില്‍ ഭൂമി സൂര്യനില്‍ പതിക്കും. അതുമല്ലെങ്കില്‍ ശുക്രനും ചൊവ്വയും ചേര്‍ന്ന് ഭൂമിയെ വ്യാഴത്തിലെത്തിക്കും. വ്യാഴത്തിന്‍റെ ഗുരുത്വാകര്‍ഷണ ബലം ഭൂമിയെ സൗരയൂഥത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്യും.

പ്ലൂട്ടോയില്‍ 500കോടി വർഷങ്ങൾക്കുള്ളിൽ ക്രമരഹിതമായ ഗുരുത്വാകർഷണ പ്രതിപ്രവർത്തനങ്ങൾക്ക് അഞ്ച് ശതമാനം സാധ്യതയാണുള്ളത്. കൂടാതെ ഭൂമിയെപ്പോവെ തന്നെ കൂട്ടിയിടിയുന്നതിലൂടെ ചൊവ്വ സൗരയൂഥത്തില്‍ നിന്നും തെറിച്ച് പോകാനുള്ള സാധ്യത ഏകദേശം 0.3 ശതമാനമാണ്. ഭൂമിയുടെ ഇതേ സാധ്യതയാകട്ടെ ഏകദേശം 0.2 ശതമാനമാണ്. ഇക്കാറസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Scientists have long predicted the eventual demise of Earth as the Sun evolves into a red giant billions of years from now. However, recent studies suggest two possible fates for Earth — either being flung out of the solar system or eventually falling into the Sun. New astrophysical models hint that Earth's end might come earlier than previously anticipated.