ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം ദുബായില്‍ വ്യോമാഭ്യാസത്തിനിടെ വീണുതകര്‍ന്നത് കണ്ട് രാജ്യം നടുങ്ങി നിന്നു. പറക്കാന്‍ തുടങ്ങിയശേഷം വൈമാനികരുടെ ജീവനെടുത്ത ഒറ്റ അപകടം പോലും സംഭവിച്ചിട്ടില്ലാത്ത വിമാനമാണ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്‍റെ വീരമൃത്യുവിന് വഴിയൊരുക്കി തീഗോളമായത്. അപകടത്തിന്‍റെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. പ്രാഥമികവിലയിരുത്തലുകളില്‍ വിമാനത്തിന്‍റെ പിഴവുകളൊന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടില്ല. വ്യോമാഭ്യാസപ്രകടനങ്ങള്‍ക്കിടെ സംഭവിക്കുന്ന ഗുരുത്വാകര്‍ഷണ പ്രശ്നങ്ങളിലേക്കാണ് മുന്‍വൈമാനികരടക്കമുള്ളവര്‍ വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ച് ജി–ഫോഴ്സ് ബ്ലാക്ക് ഔട്ട് എന്ന പ്രതിഭാസത്തിലേക്ക്.
വിമാനം താഴേക്ക് കൂപ്പുകുത്തുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ പൈലറ്റ് ഇജക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനകള്‍ കാണാം. വിമാനം തീഗോളമായി മാറുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ പാരച്യൂട്ട് പോലെ ഒരു വസ്തുവിന്‍റെ മങ്ങിയ സാന്നിധ്യം കോക്പിറ്റിനോട് ചേര്‍ന്ന് കാണുന്നുണ്ട്. ഡബ്ല്യു.എൽ. ടാൻസ് ഏവിയേഷൻ വീഡിയോസ് പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഇതുള്ളത്. പൈലറ്റ് ഇജക്ഷന് ശ്രമിച്ചതിന്‍റെ തെളിവാണ് ഇതെന്ന് മുന്‍ വൈമാനികര്‍ പറയുന്നു. വിമാനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ആവശ്യമായ ഏതാനും സെക്കന്‍റുകള്‍ പോലും നമാംശിന് ലഭിച്ചില്ല എന്ന് ചുരുക്കം. സ്വാഭാവികമായും പൈലറ്റ് എന്തുകൊണ്ടാണ് ഇജക്ഷന് ശ്രമിക്കാന്‍ വൈകിയത് എന്ന സംശയമാണ് ഉയരുക. അതിനുള്ള മറുപടിയാണ് ജി–ഫോഴ്സിന്‍റെ സ്വാധീനം.
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്‍റെ വേഗത്തിന്‍റെ അളവുകോല്‍ ആണ് ജി–ഫോഴ്സ്. നമ്മള്‍ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്‍റെ വേഗം 1 ജി ആണ്. എന്നാല്‍ ഭൂമിയില്‍ നിന്ന് നമ്മള്‍ ഉയരുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്‍റെ വേഗം അഥവാ ആക്സിലറേഷന്‍ തോത് മാറും. ഒരു വസ്തു മുകളില്‍ നിന്ന് താഴേക്ക് വീഴുമ്പോഴുള്ള വേഗം ആലോചിച്ചുനോക്കൂ. ഗുരുത്വാകര്‍ഷണ പരിധിയില്‍ എത്ര ഉയരത്തില്‍ നിന്ന് വീഴുന്നോ വേഗവും ആഘാതവും അത്രയും കൂടും. വസ്തുവിന്‍റെ ഭാരം കൂടുന്നതനുസരിച്ച് ജി–ഫോഴ്സ് വര്‍ധിക്കുകയും ചെയ്യും. ഈ വ്യത്യാസത്തിന്‍റെ ഫലം ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നത് വൈമാനികര്‍ക്കാണ്. 360 ഡിഗ്രി കറങ്ങിത്തിരിയുകയും അതിവേഗം മുകളിലേക്കും താഴേക്കുമെല്ലാം കുതിക്കുകയും ചെയ്യുന്ന വ്യോമാഭ്യാസം നടത്തുന്നവര്‍ക്ക് 9 ജി വരെ ആക്സിലറേഷന്‍ നേരിടേണ്ടിവരും.
തേജസിന് സംഭവിച്ചത്
ദുബായ് എയര്‍ഷോയില്‍ പറന്ന തേജസ് എട്ടുമിനിറ്റോളം ആകാശത്തുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. രണ്ടോ മൂന്നോ ലാപ്പുകള്‍ക്കു ശേഷം താഴ്ന്നുപറന്ന് കാണികള്‍ക്കരികിലൂടെയുള്ള നെഗറ്റിവ് ജി – പുഷ് ടേണിന് ശ്രമിക്കുമ്പോഴാണ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം നിലംപതിച്ചത്.
ബാരല്‍ റോള്‍
അഭ്യാസപ്രകടനത്തിന്‍റെ ഭാഗമായി നടത്തിയ ബാരല്‍ റോളില്‍ പൈലറ്റിന് എന്തുസംഭവിച്ചു എന്നത് നിര്‍ണായകമാണ്. ഒരു വീപ്പയുടെ ആകൃതിയുള്ള മേഖലയില്‍ വിമാനം മുകളിലേക്കും താഴേക്കും വീണ്ടും മുകളിലേക്കും പറക്കുകയും ഒപ്പം 360 ഡിഗ്രി തിരിയുകയും ചെയ്യുന്ന അഭ്യാസപ്രകടനമാണ് ബാരല്‍ റോള്‍. കാണികളെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണെങ്കില്‍ അതിവേഗത്തില്‍ ഒരേസമയം ഉയരുകയും താഴുകയും തിരിയുകയും ചെയ്യുമ്പോള്‍ ജി–ഫോഴ്സില്‍ വരുന്ന മാറ്റങ്ങള്‍ പൈലറ്റിന്‍റെ ശരീരത്തില്‍ പെട്ടെന്ന് മാറ്റങ്ങളുണ്ടാക്കും. ഭൂമിയിലെ ഗുരുത്വാകര്‍ഷണത്തിന്‍റെ പലമടങ്ങ് വേഗമുള്ള ജി ഫോഴ്സാണ് ഒരു ടേണ്‍ എടുക്കുമ്പോള്‍ ഉണ്ടാകുക. നെഗറ്റിവ് ജി–ഫോഴ്സ് കാലുകളില്‍ നിന്ന് തലച്ചോറിലേക്ക് അതിവേഗം രക്തം ഇരച്ചുകയറാന്‍ ഇടയാക്കും. ഇത് റെഡ് ഔട്ട് എന്ന അവസ്ഥയുണ്ടാക്കാം. കാഴ്ച മങ്ങലും തലചുറ്റലും സ്ഥലകാലബോധം തന്നെ നഷ്ടപ്പെടലുമാണ് ഫലം. വിമാനം നിയന്ത്രിക്കാനും കഴിയാതെ വരാം. തേജസിന്‍റെ കാര്യത്തില്‍ അത്തരമൊരു സാധ്യതയിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്. പുഷ് ടേണിനുശേഷം തിരിച്ച് പറന്നുയരാന്‍ കഴിയാത്ത വിധം ഉയരം നഷ്ടപ്പെട്ടത് ഈ സാഹചര്യത്തിലാകാമെന്നാണ് അനുമാനം.
പോസിറ്റിവ് ജി ഫോഴ്സ് വ്യതിയാനം ഉണ്ടായാലും തലച്ചോറില്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടാം. ഈ സമയത്ത് കാലുകളില്‍ രക്തം കെട്ടിനില്‍ക്കും. ഹൃദയം അത്രമേല്‍ പണിയെടുത്ത് പമ്പ് ചെയ്താലേ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്തൂ. അതുണ്ടായില്ലെങ്കില്‍ ബോധക്ഷയം സംഭവിക്കാം. അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ നെഗറ്റിവ് ജി ഫോഴ്സിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ജി ഫോഴ്സിലെ വ്യതിയാനങ്ങള്‍ നേരിടാന്‍ പൈലറ്റുമാര്‍ക്ക് വിശദമായ പരിശീലനം ലഭിക്കാറുണ്ട്. ഹൈ–ജി എന്‍വയണ്‍മെന്‍റില്‍ പോര്‍ വിമാനങ്ങള്‍ പറത്തുന്നവര്‍ക്ക് കഠിനമായ പരിശീലനമാണ് ലഭിക്കുക. ഭാരം ഉപയോഗിച്ചുള്ള പ്രത്യേക വ്യായാമ മുറകള്‍, കാലുകളില്‍ രക്തം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള പോസ്ചറിങ് എന്നിവയൊക്കെ ഇതില്‍പ്പെടും.
എങ്കിലും വിമാനം പറത്തുന്നതിന് മുന്‍പുള്ള 4 ശാരീരിക അവസ്ഥകള്‍ ജി ഫോഴ്സ് മാനേജ് ചെയ്യുന്നതിന് തടസമാകാറുണ്ട്.
1. നിര്‍ജലീകരണം
2. തുടര്‍ച്ചയായ ജോലി കൊണ്ടുള്ള ക്ഷീണം
3. വിശപ്പ്
4. ചിലയിനം മരുന്നുകളുടെ ഉപയോഗം. ഇതൊക്കെ അന്വേഷണത്തിന്‍റെ പരിധിയിലുണ്ടാകാം.
വിമാനത്തിന്‍റെ സാങ്കേതിക മികവിനെക്കുറിച്ചുള്ള സംശയങ്ങള്‍ വ്യോമസേനയും സര്‍ക്കാരും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡും തള്ളിക്കളഞ്ഞിട്ടുണ്ട്. ഓയില്‍ ലീക്ക് ഉണ്ടായെന്ന പ്രചരണം തെളിവുസഹിതം നിരാകരിക്കുകയും ചെയ്തു. എങ്കിലും എല്ലാ സംശയങ്ങളും ചോദ്യങ്ങളും അന്വേഷണത്തിന്‍റെ ഭാഗമാണ്. ഇന്ത്യയുടെ അഭിമാനമാണ് തേജസ്. മിഗ് 21ന്‍റെ വിരമിക്കലിനുശേഷം ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയാകാന്‍ കരുത്തുതെളിയിച്ച വിമാനം. ദുബായ് എയര്‍ഷോയ്ക്ക് മുന്‍പുവരെ ആളപായം ഉണ്ടാക്കിയിട്ടില്ലെന്ന ചരിത്രവും തേജസിനുണ്ട്. ദുബായില്‍ സംഭവിച്ചത് തല്‍ക്കാലത്തേക്കെങ്കിലും രാജ്യാന്തരവിപണിയില്‍ ക്ഷീണമുണ്ടാക്കിയേക്കാം. പക്ഷേ ഇതുവരെയുള്ള പ്രകടനത്തിന്‍റെ ചരിത്രം സല്‍പ്പേര് വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന ഉറപ്പിലാണ് ഇന്ത്യന്‍ ഏറോനോട്ടിക്കല്‍ വ്യവസായമേഖലയും പ്രതിരോധവകുപ്പും.