ഒരു രൂപയ്ക്ക് ബ്രാൻഡഡ് ഷൂ നൽകുമെന്ന പരസ്യം വിശ്വസിച്ച് കോഴിക്കോട് മാനാഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലെത്തിയ ആയിരക്കണക്കിന് ആളുകൾക്ക് കിട്ടിയത് പൊലീസിന്‍റെ വക ലാത്തി ചാര്‍ജ്. സംഭവവുമായി ബന്ധപ്പെട്ട് 'ട്രെൻഡ് ഫാക്ടറി' എന്ന കടയുടെ ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ ഒരു റീലാണ് ഇത്ര വലിയ ആൾക്കൂട്ടത്തിന് കാരണമായത്. ഒരു രൂപയുടെ നോട്ടുമായി വരുന്നവർക്ക് ഷൂ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ കുട്ടികളും യുവാക്കളും അടക്കം പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
ഷൂ ലഭിക്കാന്‍ വേണ്ടി പുലര്‍ച്ചെ മുതല്‍ കുട്ടികളടക്കം സ്ഥലത്തെത്തി. റീല്‍ കണ്ട് ഒരു രൂപയായിട്ട് വന്നതാണെന്നും ആര്‍ക്കും ഷൂ കിട്ടിയില്ലെന്നും കുട്ടികള്‍ പറയുന്നു. കടയുടമകള്‍ വെറും പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി തന്നെ ചെയ്തതാണെന്നും ഇന്ന് കട തുറക്കില്ലെന്ന് അവര്‍ക്ക് നല്ലതുപോലെ അറിയാം. ഇത് കേരളം മുഴുവന്‍ കടയ്ക്ക് പബ്ലിസിറ്റി നേടിക്കൊടുത്തു. തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസിന് ലാത്തി ചാര്‍ജ് ചെയ്യേണ്ടി വന്നു, എത്ര ചെറിയ പിള്ളേര് ഉണ്ട്. അവര്‍ക്ക് വരെ അടികിട്ടിയെന്നും മറ്റൊരു യുവാവ് പറഞ്ഞു.
കട തുറക്കുന്നതിന് മുൻപ് തന്നെ വരി തെറ്റിയതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കും ബഹളവുമുണ്ടായി. ആദ്യമെത്തുന്ന 100 പേർക്ക് മാത്രമേ ഓഫർ ഉള്ളൂ എന്ന് പിന്നീട് ഉടമകൾ അറിയിച്ചതോടെ ക്യൂവിൽ നിന്നവർ പ്രകോപിതരായി. ഉടമകളെ ജനക്കൂട്ടം കൈയേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്. ഇത്ര വലിയ ഒരു ഓഫർ നൽകുമ്പോഴോ ഉദ്ഘാടനം നടത്തുമ്പോഴോ കടയുടമകൾ പൊലീസിനെ മുൻകൂട്ടി വിവരമറിയിച്ചിരുന്നില്ല.
ക്രമസമാധാന നില തകർന്നതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ലാത്തിച്ചാർജിൽ ചിലർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഗതാഗത തടസമുണ്ടാക്കിയതിനും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ജനങ്ങളെ കബളിപ്പിച്ചതിനും കടയുടമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഉദ്ഘാടന ദിവസം തന്നെ കട പൂട്ടി സീൽ ചെയ്യേണ്ടി വന്നു.