ദീപക്ക്
കോഴിക്കോട് പാളയത്ത് ബന്ധുവായ യുവാവിനെ പ്രതി ദീപക്ക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. ബിജുവിനെ കൊലപ്പെടുത്താനും പിന്നീട് പിടിക്കപ്പെടാതെയിരിക്കാനും പ്രതിയായ ദീപക്ക് ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഞായറാഴ്ച രാത്രി ബിജുവിനെ കൊലപ്പെടുത്താന്‍ സഹോദരന്‍റെ ടീഷര്‍ട്ട് ധരിച്ചാണ് ദീപക്ക് എത്തിയത്. തെറ്റിധരിപ്പിക്കാനും സഹോദരനെ കുടുക്കാനുമായിരുന്നു ഈ നീക്കം. വെള്ള ടീഷര്‍ട്ട് ധരിച്ചെത്തിയ ദീപക്കിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. കൊലയ്ക്ക് ശേഷം വീട്ടിലെത്തിയ ദീപക്ക് ടീഷര്‍ട്ട് വീടിന് പിറകുവശത്ത് വെച്ച് കത്തിച്ചു കളഞ്ഞു.
കൊല്ലപ്പെട്ട ബിജു
പാതി കത്തിയ നിലയില്‍ കണ്ടെത്തിയ ടീഷര്‍ട്ട് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. രക്തക്കറയുള്ള ടീഷര്‍ട്ട് ധരിച്ച് ദീപക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ലഹരി ഉപയോഗിക്കുന്നതിനെ ചൊല്ലി ജ്യേഷ്ഠ സഹോദരനുമായി ദീപക്ക് സ്ഥിരം വഴക്കായിരുന്നു. ഇതോടെ ചേട്ടന്‍ ശത്രുവായി. ചേട്ടനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാളുടെ ടീഷര്‍ട്ട് ധരിച്ചെത്തി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. ബിജുവിനെ കൊലപ്പെടുത്തി ദീപക്ക് നേരെ കുളങ്ങരപീടികയിലെ വീട്ടിലേക്ക് ആണ് പോയത്. അടുത്ത ബന്ധുവായിരുന്നിട്ടും സംസ്കാരചടങ്ങിന് മാത്രമാണ് ദീപക്ക് എത്തിയത്. ഇതും അന്വേഷണസംഘത്തിന് സംശയത്തിന് കാരണമായി. ഇതോടെ കുളങ്ങരപീടിയിലെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ദീപക്ക് കുറ്റം സമ്മതിക്കുകയായിരുന്നു.
ലഹരിക്കടിമയായ ദീപക്ക്
13–ാം വയസുമുതല്‍ ദീപക്ക് ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴി. പ്ലസ് വണിന് പഠിക്കുമ്പോള്‍ ചികിത്സ തേടി. ഒന്നരവര്‍ഷം മുമ്പ് ലഹരി ഉപയോഗത്തെ തുടര്‍ന്ന് ദീപക്കിനെ വീണ്ടും ചികിത്സയ്ക്ക് കൊണ്ടുപോയി. അതും കൈയും കാലും കെട്ടിയിട്ട് ആണ് ഡീ അഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ചത്. ബിജു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ചികിത്സയ്ക്ക് കൊണ്ടുപോയത്. ഇതാണ് ബിജുവിനോടുള്ള പകയ്ക്ക് കാരണം. ഇത് കൊലപാതകത്തിലേക്കും നയിച്ചു. ലഹരി ഉപയോഗം കാരണം അയല്‍വാസികളും നാട്ടുകാരുമാക്കെയായി ദീപക്ക് സ്ഥിരം പ്രശ്നമായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് കേസുകളും ദീപക്കിന്‍റെ പേരിലുണ്ട്. ബിഎ ഇംഗ്ലീഷിന് ചേര്‍ന്നെങ്കിലും ലഹരി കാരണം പഠിപ്പും പാതിവഴിയില്‍ ഉപേക്ഷിച്ചു.