AI IMAGE
ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതി സംസ്കരിച്ച 50 വയസുകാരന്‍റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിച്ച് കർണാടക പൊലീസ്. തുംകൂർ ജില്ലയിലെ പരമേഷിന്റെ മരണത്തിലാണ് ഭാര്യ ആശ (46), കാമുകൻ ചന്ദ്രപ്പ എന്നിവർ പിടിയിലായത്. ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുൻപേ ആശ കാമുകനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കാരണമായത്.
സംഭവമിങ്ങനെ, കഴിഞ്ഞ ജനുവരി 29-നാണ് കൂലിപ്പണിക്കാരനായ പരമേഷ് മരിക്കുന്നത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഭാര്യ ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം വേഗത്തിൽ സംസ്കരിക്കുകയും ചെയ്തു. ആശയെ ആര്‍ക്കും സംശയവും തോന്നിയില്ല. എന്നാൽ പരമേഷിന്റെ മരണത്തിന് പിന്നാലെ, ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനായ പാചകക്കാരൻ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഭര്‍ത്താവ് മരിച്ച് ഇത്ര വേഗം മറ്റൊരു വിവാഹം കഴിച്ചതില്‍ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസ് ആശയെയും ചന്ദ്രപ്പയെയും വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ ഇരുവരും കുറ്റം സമ്മതിച്ചു.
പരമേഷും ആശയും തമ്മിലുള്ള ദാമ്പത്യത്തിനിടയിലാണ് ആശയ്ക്ക് ചന്ദ്രപ്പയുമായി ബന്ധമുണ്ടാകുന്നത്. ഒരുമിച്ച് ജീവിക്കാൻ പരമേഷ് ഒരു തടസമാണെന്ന് മനസിലാക്കിയതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ജനുവരി 29-ന് രാത്രി പരമേഷ് ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.