ഭര്‍തൃപിതാവ് തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചെന്നാരോപിച്ച യുവതിയെ ഭര്‍ത്താവ് തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി. യുപി ബഹ്റൈച് ജില്ലയിലാണ് സംഭവം. തന്നെ പലതവണ ഭര്‍തൃപിതാവ് സമാനമായ രീതിയില്‍ പിഡിപ്പിച്ചിരുന്നെന്നും ഇതേക്കുറിച്ച് ഭര്‍തൃമാതാവിനോടും, ഭര്‍തൃസഹോദരിയോടും അവരുടെ ഭര്‍ത്താവിനോടും പരാതി പറഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ ഉപദ്രവിക്കുകയാണ് ചെയ്തതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
2023ലാണ് ലഖ്നൗ സ്വദേശിയായ യുവതിയുടെ വിവാഹം കഴിയുന്നത്. എന്നാല്‍ വിവാഹത്തിന് തൊട്ടുപിന്നാലെ ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന അവസരങ്ങളില്‍ ഭര്‍തൃപിതാവ് തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് യുവതി പറഞ്ഞു. നാടന്‍തോക്ക് ചൂണ്ടിയാണ് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് യുവതി വ്യക്തമാക്കി. അവസാനമായി തന്നെ ജനുവരി മാസത്തിലാണ് പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു.
എന്നാല്‍ യുവതിയും താനും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്നും പിന്നാലെ സ്വന്തം വീട്ടിലേക്ക് യുവതി പോയതിനാലാണ് തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് ഭര്‍ത്താവിന്‍റെ വാദം. പിതാവ് പീഡിപ്പിച്ചെന്നത് യുവതി ഇത് മറച്ചുവയ്ക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത വാര്‍ത്തയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ പരാതിയില്‍ നിലവില്‍ ഭര്‍ത്താവിന്‍റെ പിതാവിനെതിരെയും കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ തലാഖ് നിയമവിരുദ്ധമായതിനാല്‍ ഭര്‍ത്താവിനെതിരെ കനത്ത നടപടിയെടുക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.