പ്രതീകാത്മക ചിത്രം

പൊലീസ് കോൺസ്റ്റബിളായ യുവതിയെ ബലമായി തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചശേഷം പ്രതി രക്ഷപ്പെട്ടു. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവം. പൊലീസ് കോൺസ്റ്റബിളായ യുവതിയും സഹോദരിയും കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് പ്രതി ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അയൽവാസിയായ പ്രതി നേരത്തെയും യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. അതിന്‍റെ തുടർച്ചയായാണ് തട്ടിക്കൊണ്ടുപോകലും പീഡനവും നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വിവാഹിതനും മൂന്ന് പെൺമക്കളുടെ പിതാവുമാണ് പ്രതി. മകളെ തട്ടിക്കൊണ്ടുപോയത് ഇയാളാണെന്ന് മനസ്സിലാക്കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി വഴങ്ങിയില്ലെന്നും പിതാവ് പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ മോചിപ്പിച്ചെങ്കിലും അതിനകം പ്രതി രക്ഷപ്പെട്ടിരുന്നു.

എന്നാൽ, പിതാവിന്റെ ആരോപണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പൊലീസ് നൽകുന്ന വിശദീകരണം. യുവതി പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും ജോലി ലഭിച്ചതിന് പിന്നാലെ യുവതി ഇയാളിൽ നിന്ന് അകന്നുവെന്നും പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് വ്യക്തമാക്കി. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും ഇതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊലീസിന്റെ ഈ നിലപാടിനെതിരെ ഇതിനോടകം ശക്തമായ വിമർശനമാണ് ഉയരുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.  

ENGLISH SUMMARY:

A police constable was kidnapped and assaulted in Vaishali, Bihar. The incident involves a young police officer who was allegedly taken to a room, locked up, and sexually assaulted before the perpetrator escaped.