ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത വില നൽകേണ്ടി വരുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി അലി ലറിജാനി. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ 86 വയസുകാരനായ ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലറിജാനിയുടെ ശക്തമായ പ്രതികരണം. ഖമനയിയുടെ വധം പശ്ചിമേഷ്യയെ സമ്പൂർണ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

'നമ്മുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് ഞങ്ങൾ നിരന്തരം പ്രതികാരം ചെയ്യും. ട്രംപ് ഇതിന് വലിയ വില നൽകേണ്ടി വരും,' എന്നാണ് ലറിജാനി തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചത്. ഇറാൻ ഇതിനോടകം തന്നെ ചില അമേരിക്കൻ സൈനികരെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്നും വെനിസ്വേലയിലെ നിക്കോളാസ് മഡുറോയുടെ ഗതി ഇറാനിലും ആവർത്തിക്കാനാണ് യുഎസ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അലി ലറിജാനിയുടെ ഭീഷണികളെ ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ലറിജാനി ആരാണെന്നോ എന്താണ് സംസാരിക്കുന്നതെന്നോ തനിക്കറിയില്ലെന്നും അതിൽ തനിക്ക് താല്പര്യമില്ലെന്നും ട്രംപ് സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു. ഇറാൻ ആസന്നമായ ഒരു ഭീഷണി ഉയർത്തിയതിനാലാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ ഭാഗത്തുനിന്ന് 'നിരുപാധിക കീഴടങ്ങൽ' വേണമെന്നും ട്രംപ് ആവർത്തിച്ചു.

കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനും ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്കും നേരെ ഇറാൻ വ്യാപകമായ മിസൈൽ ആക്രമണം നടത്തി. റിപ്പോർട്ടുകൾ പ്രകാരം ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേരും ഇസ്രയേലിൽ പന്ത്രണ്ടോളം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് യുഎസ് സൈനികരും യുദ്ധത്തിൽ മരിച്ചതായാണ് വിവരം. അയൽരാജ്യങ്ങൾ തങ്ങളുടെ പ്രദേശം അമേരിക്കയ്ക്ക് ഉപയോഗിക്കാൻ വിട്ടുനൽകിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ലറിജാനി അയൽരാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Iran's security chief Ali Larijani warns US President Donald Trump will pay for the assassination of Supreme Leader Ayatollah Ali Khamenei. As conflict escalates in the Middle East, Trump dismisses threats while demanding Iran's unconditional surrender.