സ്വര്‍ണവും പണവും കവരുന്നതിനായി സ്ത്രീകളെ കൊലപ്പെടുത്തുന്ന അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകനും പിടിയില്‍. തെലങ്കാനയിലെ സിദ്ധിപ്പേട്ടില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഓഗസ്റ്റ് എട്ടിന് പാതി കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഒരു അമ്മയുടെയും മകന്‍റെയും ക്രൂരകൃത്യങ്ങള്‍ പുറത്തറിയുന്നത്. ഭൂപള്ളി സ്വദേശി ചാക്കലി രജിത, ഇവരുടെ മകന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ, പ്രതികൾക്ക് മറ്റ് രണ്ട് കുറ്റകൃത്യങ്ങളിലും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

സ്വര്‍ണവും പണവും കവരുന്നതിനായി തനിച്ചു ജീവിക്കുന്ന സ്ത്രീകളെ കണ്ടെത്തുകയും പിന്നീട് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മ‍ൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ് രീതി. കേസിനെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഓഗസ്റ്റ് 8-ന് രാമക്കപേട്ട ഗ്രാമത്തിലെ നാട്ടുകാർ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കാണാതായവരുടെ വിവരങ്ങൾ പരിശോധിച്ച് മരിച്ചയാളെ പൊലീസ് കണ്ടെത്തി. ഭൂപള്ളി ഗ്രാമവാസിയായ അതികം വിജയയാണെന്ന് അതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്

വിജയയുടെ അയൽവാസിയായ ചകലി രജിതയെയും അവരുടെ പ്രായപൂർത്തിയാകാത്ത മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍, പ്രതികൾ മൃതദേഹം ഒരു ബാഗിലാക്കി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മാറ്റിയതായി കണ്ടെത്തി. ആദ്യം മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള സമീപത്തെ വനപ്രദേശത്തേക്ക് കൊണ്ടുപോകാനായിരുന്നു അവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ മഴ പെയ്തതിനാൽ, നടപ്പാതയിൽ തന്നെ അത് ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു. തുടർന്ന് പെട്രോൾ ഉപയോഗിച്ച് വിജയയുടെ മൃതദേഹം കത്തിച്ചു. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ആഗ്രഹത്താൽ, തങ്ങളുടെ വീടിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വിജയയെ ലക്ഷ്യമിട്ട് പ്രതികൾ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. വിജയയെ കൊലപ്പെടുത്തിയ ശേഷം, പ്രതികൾ മൃതദേഹം കുറച്ചുനേരം തങ്ങളുടെ വീട്ടിൽ സൂക്ഷിച്ചതായും പറയപ്പെടുന്നു. അവർ അവളുടെ ആഭരണങ്ങൾ ഒരു പണയസ്ഥാപനത്തിൽ കൊണ്ടുപോയി പണയം വെച്ച് പണം കണ്ടെത്തി. പിന്നീട് 10 ലിറ്റർ പെട്രോൾ വാങ്ങുകയും മൃതദേഹം കൊണ്ടുപോയി കത്തിക്കുകയും ചെയ്തു. 

ചോദ്യം ചെയ്യലിനിടെ, മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സ്ത്രീയെ കാണാതായ കേസിലും ഇവർക്ക് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. അതേ കോളനിയിൽ താമസിച്ചിരുന്ന കെ. രേണുകയെയാണ് അന്ന് കാണാതായത്. പ്രതികൾ അവളെ പ്രലോഭിപ്പിച്ച് വരുത്തി കൊലപ്പെടുത്തുകയും അച്ചമയ്യപ്പള്ളി വനത്തിൽ വെച്ച് മൃതദേഹം കത്തിക്കുകയും ചെയ്തതായി പറയപ്പെടുന്നു. 2025 ജൂണിൽ, ഭൂംപള്ളി ഗ്രാമത്തിൽ നിന്നുള്ള അന്നപൂർണ്ണ എന്ന സ്ത്രീ പ്രഭാതസവാരി നടത്തുന്നതിനിടെ, മോഷണശ്രമത്തിനിടെ പ്രതികൾ അവരെ ആക്രമിച്ചു. ഈ സംഭവത്തിന് ശേഷം അന്നപൂർണ്ണ കോമയിലാണ്. പ്രതികളിൽ നിന്ന് 5.6 പവൻ സ്വർണ്ണാഭരണങ്ങളും 53 പവൻ വെള്ളിയാഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 

സ്വത്തുതർക്കങ്ങളിലോ മറ്റ് തർക്കങ്ങളിലോ ഉൾപ്പെട്ട വ്യക്തികളെ കണ്ടെത്തി, ഒറ്റയ്ക്കുള്ള സ്ത്രീകളെയാണ് പ്രതികള്‍ കൂടുതലായും ലക്ഷ്യമിട്ടത്. അവരെ കൊള്ളയടിക്കുക മാത്രമല്ല, കൊലപ്പെടുത്തുകയും ചെയ്തു. രണ്ട് കൊലപാതകങ്ങൾ ഇതിനകം നടത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നാല് പേരെക്കൂടി ലക്ഷ്യമിട്ട് അവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

ENGLISH SUMMARY:

A mother and her minor son have been arrested by the police in Siddipet, Telangana, for murdering women to steal their gold and money. The brutal crimes came to light following the discovery of a half-burnt body on August 8, identified as Atikam Vijaya. Investigation revealed that the duo targeted lone women, murdered them, hid the bodies temporarily, pledged stolen jewelry, and later burned the remains with petrol. Interrogation uncovered their involvement in another murder (K. Renuka in May) and an assault that left a woman named Annapurna in a coma, with plans to target four more individuals. Police recovered 5.6 sovereigns of gold and 53 sovereigns of silver ornaments from them.