AI Image

ഇന്ത്യയില്‍ ഏറ്റവുമധികം പരാതി ലഭിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം. 2025 ല്‍ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ലഭിച്ച പരാതിയുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത് ഫ്ലിപ്കാര്‍ട്ടിനെതിരെയാണ്.1.33 ലക്ഷത്തിലധികം പരാതികളുമായി ഫ്ലിപ്കാർട്ട് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, 91,248 പരാതികളുമായി ആമസോണും 29,284 പരാതികളുമായി മീഷോയും തൊട്ടുപിന്നിലുണ്ട്. മിന്ത്ര, നെറ്റ്മെഡ്സ്, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, നാപ്റ്റോള്‍, വിഎല്‍ഇ ബസാര്‍, നൈക്ക എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റ് കമ്പനികള്‍.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്തിട്ട് അത് ലഭിക്കുന്നില്ലെന്നതാണ് ഏറ്റവും കൂടുതൽ ഉയർന്ന പരാതി. 2025 ൽ ഇത്തരത്തിലുള്ള നോൺ ഡെലിവറി പരാതികൾ 79,818 എണ്ണമാണ് ലഭിച്ചത്. ഓര്‍ഡര്‍ ചെയ്തതല്ലാതെ തെറ്റായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക, കൃത്യസമയത്ത് റീഫണ്ട് നല്‍കാതിരിക്കുക, കേടുപാടുകള്‍ സംഭവിച്ച സാധനങ്ങള്‍ നല്‍കുക, വാറന്‍റി/ റീഫണ്ട് നിഷേധിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികള്‍.

2025 ഏപ്രില്‍ 25 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 91 കോടി രൂപയിലധികം തുക ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കാന്‍ ഹെല്‍പ്‌ലൈന്‍ വഴിയൊരുക്കി. ലോക്സഭയില്‍ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എല്‍. വര്‍മയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈന്‍ വലിയ പങ്ക് വഹിച്ചതായും മന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

The Indian government has released data from the National Consumer Helpline for 2025 regarding complaints against e-commerce platforms. Flipkart topped the list with over 1.33 lakh complaints, followed by Amazon with 91,248 and Meesho with 29,284 complaints. Other platforms on the list include Myntra, Netmeds, Zepto, Blinkit, Naaptol, VLE Bazaar, and Nykaa. The most common grievances involved non-delivery of items, wrong product deliveries, delayed refunds, and damaged goods. Union Minister of State for Consumer Affairs B.L. Verma stated in the Lok Sabha that over ₹91 crore was refunded to consumers through the helpline between April 25, 2025, and June 30, 2026.