ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുമരണം. നിരവധി ഭക്തര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ആളുകള്‍ വന്‍തോതില്‍ ക്ഷേത്രത്തിനുള്ളിലേക്ക് തടിച്ചുകൂടിയപ്പോഴാണ് അപകടം ഉണ്ടായത്.

ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വന്‍തോതില്‍ ഭക്തരാണ് എത്തിയിരുന്നത്. തിരക്ക് മുൻകൂട്ടിക്കണ്ടുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. എന്നാല്‍ ആൾക്കൂട്ടത്തിൽ നിന്നുണ്ടായ അമിത സമ്മർദ്ദം മൂലം ബാരിക്കേഡിന്‍റെ ഒരു വശം തകർന്നുപോവുകയും, പിന്നാലെ ഒരാൾക്ക് മുകളിലേക്ക് മറ്റൊരാൾ പതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു. 

പുരുഷന്മാരുടെ ക്യൂവിന് വലതുവശത്തുണ്ടായിരുന്ന ഒരു പോസ്റ്റ് ഉടനടി നിലംപൊത്തി. വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണെന്നും ആളുകൾക്ക് ഷോക്കേറ്റെന്നുമുള്ള പ്രചരണമാണ് തിക്കുംതിരക്കും കൂടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. വൈദ്യുതി കമ്പി പൊട്ടിവീണു എന്ന വിവരം അറിഞ്ഞതോടെ ആളുകള്‍ ഓടി മാറാനായി തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന്  എസ്.ഡി.പി.ഒ. ശിവം കുമാർ അറിയിച്ചു. 

വിവരമറിഞ്ഞ ഉടൻ തന്നെ പതിനഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അനുശോചിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അപകടത്തിൽ മരിച്ചവരുടെ ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

A tragic stampede at the Ashok Dham Temple in Bihar's Lakhisarai district on August 17, 2026, resulted in the death of seven devotees. The incident occurred around 6:45 AM during the holy month of Sawan. The chaos was triggered when an electricity pole collapsed, leading to false rumors of a live wire falling on the crowd. This caused panic and a subsequent crush as devotees attempted to flee. Chief Minister Samrat Choudhary has expressed deep condolences and announced an ex-gratia compensation of ₹4 lakh for the families of the deceased.