ഭക്ഷ്യസുരക്ഷ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒരു ആശങ്കയായി തുടരുകയാണ്. ഉൽസവകാല തിരക്കിനിടയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണസാധനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യമെങ്ങും അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ബിഹാറിൽ നടന്ന പരിശോധനയിൽ ഫതൂഹയിൽ നിന്നുള്ള പാൽ സാംപിളുകളിൽ ഫോർമാലിൻ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ആകെ 147 ലീറ്റർ പാലും 144 കിലോഗ്രാം പനീറുമാണ് നശിപ്പിച്ചത്.

 പട്ന, ഹാജിപ്പൂർ, ദർഭംഗ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളില്‍ മായം കലർന്നതോ കാലാവധി കഴിഞ്ഞതോ ഗുണനിലവാരം കുറഞ്ഞതോ ആയ ഭക്ഷ്യോൽപ്പന്നങ്ങൾക്കെതിരെ നടപടിയെടുത്തു. സ്റ്റാർച്ച് (അരിപ്പൊടി/കിഴങ്ങുപൊടി തുടങ്ങിയവ) ചേർത്തുള്ള മായം ചേർക്കൽ കണ്ടെത്തിയതിനെ തുടർന്ന് 72 കിലോഗ്രാം പനീർ നശിപ്പിച്ച ഹാജിപ്പൂരിലാണ് ഏറ്റവും വലിയ കണ്ടുകെട്ടൽ നടന്നത്. ഇതിൽ 14 കിലോ സ്റ്റേഷൻ റോഡിലെ ഒരു പലചരക്ക് കടയിൽ നിന്നും 58 കിലോ ഒരു പനീർ ഔട്ട്‌ലെറ്റിൽ നിന്നുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ നിന്നുള്ള സാംപിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കും.

ദർഭംഗയിലെ ബെനിപൂർ മേഖലയിലെ ഒരു മിൽക്ക് പാർലറിൽ കാലാവധി കഴിഞ്ഞ 21 ലീറ്റർ പാലും 18 കിലോ കേടായ പനീറും സൂക്ഷിച്ചതായി കണ്ടെത്തി. ഇരു ഉൽപ്പന്നങ്ങളും സംഭവസ്ഥലത്തു വച്ചുതന്നെ നശിപ്പിച്ചു. പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ പരിശോധന പട്നയിലേക്കും വ്യാപിപ്പിച്ചു. ലാബ് പരിശോധനയിൽ ഫോർമാലിൻ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് 126 ലീറ്ററോളം പാൽ ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഫതൂഹയിലെ ഒരു ഡയറി യൂണിറ്റിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. കൂടുതൽ പാൽ, പനീർ സാംപിളുകൾ വിശദമായ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പട്നയിലുടനീളമുള്ള മധുരപലഹാരക്കടകളിലും ഫുഡ് മാനുഫാക്ചറിങ് യൂണിറ്റുകളിലും ഭക്ഷ്യസുരക്ഷാ സംഘങ്ങൾ മിന്നൽ പരിശോധന നടത്തി. സ്ഥാപനങ്ങളിൽ കൃത്യമായ ശുചിത്വം പാലിക്കാനും വൃത്തി ഉറപ്പാക്കാനും ഉടമകൾക്ക് നിർദ്ദേശം നൽകി.

Food Safety Crackdown Amidst Festive Season:

Food safety remains a growing concern across the country, with authorities intensifying inspections for sub-standard products amid festive rush. Recent checks in Bihar revealed formalin in milk samples and led to the destruction of large quantities of milk and paneer due to adulteration and spoilage